Tuesday , May   21, 2019
Tuesday , May   21, 2019

കൈകാലുകൾ ബന്ധിച്ച് നീന്തല്‍; ഗിന്നസ് ലക്ഷ്യമിട്ട് ആദിൽ

നീന്തലിൽ സുവർണ നേട്ടങ്ങൾ കൈവരിച്ചവർ ഏറെയുണ്ട്. കൈകാലുകൾ ആഞ്ഞുവീശി വെള്ളത്തിൽ താളമിട്ട് കുതിക്കുന്നവർ. എന്നാൽ കൈകാലുകൾ ബന്ധിച്ച് നീന്തി ലക്ഷ്യം നേടിയവർ ചുരുക്കം. കോഴിക്കോട് ജില്ലയിലെ ചാലിയം സ്വദേശിയായ മുഹമ്മദ് ആദിൽ വ്യത്യസ്തനാകുന്നതും ഈ ജലയാത്രയിലൂടെയാണ്.
ഒറ്റ നോട്ടത്തിൽ അധികം സംസാരിക്കാത്ത ഒരു പ്രകൃതക്കാരനാണ് ആദിൽ എന്ന കൗമാരക്കാരനെന്നു തോന്നും. എന്നാൽ വാക്കുകളിൽ കാണിക്കുന്ന ഈ പിശുക്ക് അവന്റെ ചിന്തകളിലില്ല. കൈകാലുകൾ കെട്ടിയിട്ട് നീന്തുന്നതിൽ ഗിന്നസ് റെക്കോർഡ് നേടുക എന്നതാണ് ഈ പതിനേഴുകാരന്റെ സ്വപ്നം.
ഡി.ടി.എച്ച് ടെക്‌നിഷ്യനും ചായക്കച്ചവടക്കാരനുമെല്ലാമായ അബ്ദുല്ലക്കുട്ടിയുടെയും വീട്ടമ്മയായ റസീനയുടെയും മൂന്നാമത്തെ മകനാണ് ആദിൽ. പകൽ സമയങ്ങളിൽ എയർടെല്ലിന്റെയും സൺനെറ്റിന്റെയുമെല്ലാം ടെക്‌നിഷ്യനായ അബ്ദുല്ലക്കുട്ടി വൈകിട്ട് ചായക്കച്ചവടക്കാരനായി മാറും. ഇതിനിടയിലും മകന്റെ സ്വപ്ന സാഫല്യം നിറവേറ്റുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഈ പിതാവ്.
മൂന്നു വയസ്സാകുന്നതിനു മുൻപു തന്നെ ആദിൽ വെള്ളത്തിൽ നീന്തിത്തുടങ്ങിയിരുന്നു. വീടിനടുത്തുള്ള ചാലിയം ജമാഅത്ത് പള്ളിയുടെ കുളത്തിൽ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. വ്യത്യസ്തതയ്ക്കു വേണ്ടിയായിരുന്നു കൈകാലുകൾ കെട്ടിയിട്ടുള്ള പരീക്ഷണം. ആറു വയസ്സാകുമ്പോഴേയ്ക്കും കൈകാലുകൾ ബന്ധിച്ച് ദീർഘനേരം നീന്താൻ ആദിൽ പരിശീലിച്ചുകഴിഞ്ഞിരുന്നു. ഞായറാഴ്ചകളിലും മറ്റു  അവധി ദിവസങ്ങളിലും ഇപ്പോഴും നീന്തൽ പരിശീലനം നടത്താറുണ്ടെന്ന് ആദിൽ പറയുന്നു.


ഒരു ടെലിവിഷൻ ചാനലിൽ കണ്ട കാഴ്ചയാണ് അവന്റെ മനസ്സിൽ പുതിയ ആശയത്തിന് വഴിമരുന്നിട്ടതെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. വെള്ളത്തിൽ പൊങ്ങിക്കിടന്ന് ഒഴുകിനടക്കുക. തനിക്കും അതുപോലെയാകണമെന്ന ചിന്തയാണ് കൈകാലുകൾ ബന്ധിച്ചുള്ള ജലയാത്രയ്ക്ക് പ്രചോദനമായതെന്ന് അദ്ദേഹം ഓർക്കുന്നു.
2012 ൽ ഒൻപതു വയസ്സുള്ളപ്പോഴാണ് ആദിൽ ആദ്യമായി ലോക റെക്കാർഡിനൊരുങ്ങിയത്. 2007 ൽ ചൈനയിലെ യാങ്‌സെ നദിയുടെ കൈവഴിയിൽ പത്തു വയസ്സുകാരനായ ഹുയാൻലി മൂന്നു മണിക്കൂർ കൊണ്ട് മൂന്നു കിലോമീറ്റർ നീന്തിയ റെക്കാർഡാണ് ആദിൽ മറികടന്നത്.
ബേപ്പൂരിലെ ജങ്കാറിൽനിന്നും തുടങ്ങി കോടമ്പുഴ വരെയുള്ള 4.68 കിലോമീറ്റർ മൂന്നു മണിക്കൂർ കൊണ്ട് നീന്തിയാണ് ആദിൽ നിലവിലുള്ള റെക്കോർഡ് തകർത്തത്. ഓർഗനൈസിങ് കമ്മിറ്റി എഡിറ്റ് ചെയ്യാത്ത ഈ വീഡിയോ ഗിന്നസ് റെക്കോർഡ് അധികൃതർക്ക് അയച്ചുകൊടുത്തെങ്കിലും നിർദിഷ്ട പ്രായം പൂർത്തിയാകാത്തതുകൊണ്ട് അത് അംഗീകരിച്ചില്ല. ഇത്തരം റെക്കോർഡുകൾ സ്ഥാപിക്കുന്നതിന് പതിനാലു വയസ്സ് പൂർത്തിയാക്കണമെന്നായിരുന്നു ഗിന്നസ് അധികൃതരുടെ നിലപാട്.
ആദിലിന്റെ ഗിന്നസ് റെക്കോർഡ് സ്വപ്നം പൂർത്തീകരിക്കാൻ പുതിയൊരു ഓർഗനൈസിംഗ് കമ്മിറ്റി ചാലിയത്ത് രൂപം കൊണ്ടുകഴിഞ്ഞു. ഗിന്നസ് ലോക റെേക്കാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആദിലിന്റെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മത്സര തീയതി തീരുമാനിക്കുക. ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രകടനം നടത്താനാവുമെന്നാണ് ആദിലും കുടുംബവും പ്രതീക്ഷിക്കുന്നത്.
ഈയൊരു ദൗത്യത്തിന് ഏറെ പണച്ചെലവുണ്ട്. ഇത്  താങ്ങാനുള്ള ശേഷി ആദിലിന്റെ കുടുംബത്തിനില്ല. കൂട്ടുകാരും നാട്ടുകാരുമെല്ലാം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതു തന്നെയാണ് ആദിലിന്റയും ബാപ്പയുടെയും ധൈര്യം.
കർണാടകയിലെ ഉഡുപ്പി ജില്ലയിൽനിന്നുള്ള ഗോപാൽ കാർവിയുടേതാണ് കൈകാലുകൾ ബന്ധിച്ച് നീന്തുന്നതിലുള്ള ലോക റെക്കോർഡ് രേഖപ്പെടുത്തിയിട്ടുള്ളത്. 2013 ഡിസംബർ ഒന്നാം തീയതി ഉഡുപ്പി സെന്റ് മേരീസ് ദ്വീപിൽനിന്നും മാൽപെ ബീച്ചിലേയ്ക്കുള്ള മൂന്നു കിലോമീറ്റർ ദൂരം മൂന്നു മണിക്കൂർ കൊണ്ട് നീന്തിയാണ് അദ്ദേഹം ലോക റെേക്കാർഡിനുടമയായത്. ഈ റെക്കോർഡ് തനിക്ക് അനായാസം മറികടക്കാനാവുമെന്ന് ആദിൽ ഉറച്ചു വിശ്വസിക്കുന്നു.
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്‌കൂളിലെ  പ്ലസ് വൺ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ആദിൽ പഠനത്തിലും മുൻപന്തിയിലുണ്ട്. വട്ടപ്പറമ്പ് ക്രസന്റ് പബ്‌ളിക് സ്‌കൂളിൽനിന്നും എൺപതു ശതമാനത്തിലേറെ മാർക്ക് നേടിയാണ് ആദിൽ എസ്.എസ്.എൽ.സി വിജയിച്ചത്. സ്‌കൂൾതലത്തിൽ നീന്തൽ മത്സരങ്ങളിലും നിരവധി അംഗീകാരങ്ങൾ ഈ പതിനേഴുകാരൻ സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയിൽ കപ്പലിൽ ക്യാപ്റ്റനാവുക എന്നതാണ് ആദിലിന്റെ സ്വപ്നം.

Latest News