Tuesday , May   21, 2019
Tuesday , May   21, 2019

പ്രൊഫസർ ശോഭീന്ദ്രന്റെ പരിസ്ഥിതി യാത്രകൾ 

ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും തന്റെ നിയോഗം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനായതിന്റെ സായൂജ്യമാണ് ഈ കർമയോഗിയെ സദാ സജീവമാക്കി നിർത്തുന്നത്. 

പരിസ്ഥിതി സംരക്ഷണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച പച്ചയായ മനുഷ്യനാണ് പ്രൊഫസർ ശോഭീന്ദ്രൻ. ചിന്തയിലും പ്രവൃത്തിയിലുമെന്നല്ല വേഷവിധാനങ്ങളിൽപോലും പച്ചപ്പിന്റെ ഉപാസകനായ ശോഭീന്ദ്രന്റെ പരിസ്ഥിതി യാത്രകൾ ഒട്ടേറെ ജീവിത പാഠങ്ങൾ പകർന്നുനൽകുന്നതും പുതിയ തലമുറയെ ഉദ്ബുദ്ധമാക്കുവാൻ പോന്നതുമാണ്. 
ഈ യാത്രകൾ ആരെയെങ്കിലും ബോധ്യപ്പെടുത്താനോ മാധ്യമ ശ്രദ്ധ നേടാനോ അല്ല. മറിച്ച് തന്റെ ആത്മാവിന്റെ ദാഹം ശമിപ്പിക്കാനും ഉത്തരവാദിത്തം നിറവേറ്റാനുമാണ്. മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം എന്ന പ്രമേയത്തോടെ മൈന്റ് ട്യൂൺ ഇക്കോ വേവ്‌സ് ആഗോള ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ സംബന്ധിച്ചപ്പോഴാണ് പ്രൊഫസർ ശോഭീന്ദ്രൻ പ്രായം തളർത്താത്ത ആവേശത്തോടെ പ്രകൃതി സംരക്ഷണത്തെക്കുറിച്ചും മാനവ സ്‌നേഹത്തെക്കുറിച്ചുമൊക്കെയുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചത്. 
നിരന്തരമായ പോരാട്ടത്തിന്റെ ക്ഷുഭിത വീര്യത്തോടെ ശോഭീന്ദ്രൻ നടത്തുന്ന പ്രകൃതി സംരക്ഷണയാത്രകളും ചർച്ചകളും കാണുന്നവർക്കും കേൾക്കുന്നവർക്കും അവിസ്മരണീയമായ അനുഭവമായി മാറുന്നത് അദ്ദേഹത്തിന്റെ തനിമയയുള്ള നിലപാടുകൾക്കുള്ള അംഗീകാരം കൂടിയാണ്. കുടിവെള്ളവും പുഴവെള്ളവും മാത്രമല്ല കനാലും കായലും കടലുമടക്കമുള്ള  എല്ലാ ജലാശയങ്ങളും അമൂല്യ നിധിയായി സംരക്ഷിക്കാതിരുന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വർത്തമാനങ്ങൾ ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. നാം നമ്മുടെ വീട്ടിലെ കിണറിൽ എന്തെങ്കിലും മാലിന്യം നിക്ഷേപിക്കുവാൻ മുതിരുമോ. പിന്നെയെങ്ങിനെയാണ് പുഴയിലും കായലിലുമൊക്കെ മാലിന്യങ്ങൾ നിക്ഷേപിക്കാൻ നമുക്ക് സാധിക്കുന്നത് എന്ന് അദ്ദേഹം ചോദിക്കുമ്പോൾ സാക്ഷരതയിലും വ്യക്തി ശുദ്ധിയിലും കേമനെന്ന് അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹ്യ ബോധമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശുദ്ധമായ പ്രകൃതിയും പരിസരവും നിലനിൽക്കുമ്പോഴേ നല്ല ചിന്തകളും നിലപാടുകളും മനുഷ്യസമൂഹത്തെ ധന്യമാക്കുകയുള്ളൂവെന്നാണ് അദ്ദേഹം കരുതുന്നത്. 


ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും തന്റെ നിയോഗം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനായതിന്റെ സായൂജ്യമാണ് ഈ കർമയോഗിയെ സദാ സജീവമാക്കി നിർത്തുന്നത്. വികസനവും പുരോഗതിയുമൊക്കെ നിലനിർത്തി തന്നെ മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നിലനിർത്താനാകുമെന്നും കൂരിരുട്ടിനെ പഴിക്കുന്നതിന് പകരം പ്രകൃതി സ്‌നേഹത്തിന്റേയും പരിസ്ഥിതി സംരക്ഷണത്തിന്റേയും ഓരോ ചെറിയ മെഴുകുതിരികളെങ്കിലും കൊളുത്താൻ നാം ഓരോരുത്തരും തയ്യാറായാൽ വിപ്ലവകരമായ മാറ്റമാണ് ലോകത്തുണ്ടാവുക എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. 
നമുക്ക് ചുറ്റും കാണുന്ന മനോഹരമായ കാഴ്ചകളൊക്കെ നാം ഒരു വിലയും നൽകാതെ നമ്മിൽ വന്നുചേർന്നവയാണ്.     സ്രഷ്ടാവിന്റെ മഹത്വവും കർമ വൈവിധ്യങ്ങളും വിസ്മയകരങ്ങളാണ്. വ്യത്യസ്ത ഭാവങ്ങളും സ്വപ്‌നങ്ങളും ചിന്തകളുമായാണ് ലോകം മുന്നോട്ടുപോകുന്നത്. എന്നാൽ മനുഷ്യൻ ഉത്തരവാദിത്തത്തോടുകൂടിയ തന്റെ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോഴാണ് പ്രബുദ്ധനാകുന്നത്. നമ്മുടെ ജീവിതത്തിന്റെ കഥയും തിരക്കഥയും  സംവിധാനവുമൊക്കെ രൂപപ്പെടുന്ന മനസ്സിനെ ശ്രദ്ധിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുകയെന്നത് ജീവിത വിജയത്തിന് അനുപേക്ഷ്യമാണ്. ജീവിതത്തിൽ നമുക്ക് വ്യക്തമായ ലക്ഷ്യവും ഉത്തരവാദിത്തവുമുണ്ട്. ഒന്നും ചെയ്യാനില്ല എന്നതുപോലെ എല്ലാം ഞാനാണ് നിശ്ചയിക്കുന്നത് എന്ന് ചിന്തിക്കുന്നത് അപകടകരമാണ്. ജീവിതമെന്ന വിസ്മയകരമായ കഥയുടെ തന്തുക്കൾ തിരിച്ചറിഞ്ഞ് അവസരത്തിനൊത്തുയർന്ന് പ്രവർത്തിക്കാനാവുകയെന്നതാണ് പ്രധാനം. 
ജനനം മുതൽ മരണം വരെയുള്ള കുറഞ്ഞ സമയമാണ് ഈ ലോകത്ത് നമുക്കുള്ളത്. അവ കാര്യക്ഷമമായും സാർഥകമായും പ്രയോജനപ്പെടുത്തുകയാണ് പ്രധാനം. പ്രപഞ്ചവും അതിലെ അദ്ഭുതകരമായ എല്ലാ സംവിധാനങ്ങളും നമുക്ക് വേണ്ടിയുളളതാണെങ്കിലും ഉപഭോഗാസക്തിയുടെ നശീകരണ പ്രവണതകളിൽ നിന്നും നമ്മെ തടയാതിരുന്നാൽ ഈ ലോകത്ത് ജീവിതം ദുസ്സഹമാകും. മലകളും കാടുകളും ആറുകളും പുഴകളും കുളങ്ങളും ജലാശയങ്ങളും ജന്തുജാലങ്ങളുമൊക്കെ നിലനിൽക്കുമ്പോഴാണ് സന്തുലിതമായ ആവാസ വ്യവസ്ഥ സുരക്ഷിതമാവുക. 
പച്ചപ്പ് കൊണ്ട് അലങ്കരിച്ച ഈ ഭൂമിയിലെ ജീവിതം എന്തുമാത്രം മനോഹരമാണ്. മണ്ണും മനുഷ്യനും എന്നും ചങ്ങാതിമാരാണ്. ഒരേ മൂലകങ്ങളാൽ പടുത്തുയർത്തിയ പരിശുദ്ധമായ സൃഷ്ടികൾ. മനസ്സ് ശുദ്ധമായിടത്തെല്ലാം മണ്ണ് സുന്ദരമാണ്. പ്രകൃതി രമണീയമാണ്. മനസ്സ് മലിനപ്പെടുമ്പോൾ മണ്ണിലാണ് ദുർഗന്ധം വമിക്കുന്നത്. ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകളാൽ പ്രകൃതിയിൽ വിഷം നിറയുന്നു. പരിസ്ഥിതിയുടെ തകർച്ചയിൽ മഹാമാരികളും ദുരന്തങ്ങളും പെയ്തിറങ്ങുന്നു. നിസ്സാരനായ, നിസ്സഹായനായ മനുഷ്യൻ പരിഭ്രാന്തനാകുന്നു. 


ദൈവത്തിന്റെ ഏറ്റവും ഉൽകൃഷ്ട സൃഷ്ടിയായ മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. മണ്ണിന്റേയും വിണ്ണിന്റേയും സ്വഭാവങ്ങൾ സ്വാംശീകരിച്ചാണ് ഭൂമിയിലെ മനുഷ്യവാസം സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ 'മനം ശുദ്ധമാക്കാം മണ്ണ് സുന്ദരമാക്കാം' എന്ന പ്രമേയം ഭൗതിക ആത്മീയ തലങ്ങളുളള അതിബൃഹത്തായ സന്ദേശമാണ് ചർച്ചക്ക് വെക്കുന്നത്. പ്രകൃതിയുടെ താളവും ലയവും മനസ്സിന്റെ താളക്രമത്തെ സ്വാധീനിക്കുമെന്നതു മാത്രമല്ല ജീവിതവും സംസ്‌കാരവുമൊക്കെ തീരുമാനിക്കപ്പെടുന്നതും മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിനനുസരിച്ചാണ്. മനുഷ്യൻ മണ്ണിനോട് അകന്നപ്പോഴൊക്കെ അതിസങ്കീർണമായ സാംസ്‌കാരിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.   
പരിസര മലീനീകരണം, വിഭവങ്ങളുടെ ദൗർലഭ്യം, ഊർജ പ്രതിസന്ധി, ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്, പ്രകൃതിയുടെ പച്ചപ്പും കുളിർമയും നഷ്ടപ്പെടുന്നത്, കാടുകളും കാട്ടാറുകളും മരുഭൂമികളും എന്തിനേറെ കാട്ടു ജന്തുക്കളും ജീവജാലങ്ങളുംവരെ  നിലനിൽക്കേണ്ടത് മാനവരാശിയുടെ ആവശ്യമായി വിലയിരുത്തപ്പെടുകയും സമൂഹത്തിലെ എല്ലാ തട്ടുകളിലും ഇവ്വിഷയകമായ ചർച്ചകളും ചിന്തകളും നടക്കുകയും ചെയ്താൽ വിപഌവകരമായ മാറ്റമാണ് സമൂഹത്തിലുണ്ടാവുക. മനം ശുദ്ധമാക്കാം മണ്ണ് സുന്ദരമാക്കാം എന്ന പ്രമേയം പ്രസക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണ്.  ആഗോളതാപനവും ജലദൗർലഭ്യവും പരിസ്ഥിതി മലിനീകരണവുമെല്ലാം മനുഷ്യരുടെ തെറ്റായ ജീവിതരീതികളും സമീപനങ്ങളും കൊണ്ടുണ്ടാക്കുന്നതാണെന്നും ഈ രംഗത്ത് അടിയന്തിരമായ പുനർവിചിന്തനം അനിവാര്യമാണെന്നും നാം തിരിച്ചറിയുക. 
നാം ജീവിക്കുന്ന ചുറ്റുപാടിനെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കൽ നമ്മുടെ ആരോഗ്യകരമായ നിലനിൽപിന് അനിവാര്യമാണെന്നും ഈ രംഗത്ത് ശക്തമായ ബോധവൽക്കരണം നടക്കണമെന്ന്  ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഗവൺമെന്റ് തലത്തിൽ നടക്കുന്ന പരിപാടികൾക്കപ്പുറം സ്വമേധയാ സമൂഹ മനസാക്ഷി ഉണർന്ന് പ്രവർത്തിക്കുന്ന അവസ്ഥ സംജാതമാക്കുകയുമാണ് ആവശ്യം.  വ്യക്തിപരമായ ശുചിത്വത്തിലും ശ്രദ്ധയിലും മുന്നിൽ നിൽക്കുന്ന മലയാളി സമൂഹം പരിസ്ഥിതി സംരക്ഷണ രംഗത്ത് എത്ര ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നമുക്കൊക്കെ അറിയാം. അതുകൊണ്ട് തന്നെ വർഷ കാലം തുടങ്ങുമ്പോഴേക്കും വിവിധ പേരുകളിലുള്ള പനികളാൽ കേരളം പനിച്ച് വിറക്കുന്നു.  പകർച്ച വ്യാധികളും ആരോഗ്യ പ്രശ്‌നങ്ങളും പടർന്നുപിടിക്കുമ്പോഴും മൂലകാരണങ്ങളെ ഇല്ലാതാക്കുവാനുള്ള പ്രായോഗിക നടപടികളുണ്ടാവുന്നില്ല എന്നതാണ് നമ്മുടെ ദുരവസ്ഥ. 
രാജ്യത്തിന്റെ വികസനത്തിന് വ്യവസായങ്ങൾ അത്യാവശ്യമാണ്. എന്നാൽ വ്യാവസായിക വളർച്ചയും ആധുനിക ജീവിതരീതിയും ഉയർത്തുന്ന സങ്കീർണമായ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചും ഇത് വ്യക്തിയുടേയും കുടുംബത്തിന്റേയും നിലനിൽപിന് തന്നെ ഭീഷണിയായ് വളരുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും വിദ്യാർഥികളും മുതിർന്നവരും ഉറക്കെ ചിന്തിക്കണം. പരിസ്ഥിതി മലിനീകരണവും തുടർപ്രക്രിയകളും ആധുനിക സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളാണ്. ഇതിനെതിരെ മുഖം തിരിഞ്ഞ് നിന്നാൽ നാം നമ്മുടെ വിലപ്പെട്ട ജീവിതം അപകടത്തിൽപ്പെടുത്തുകയാണ് ചെയ്യുക. മറിച്ച് ഓരോരുത്തരും അവനവന്റെ നിലയിൽനിന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുകയും പരിപാടികളാവിഷ്‌ക്കരിക്കുകയും ചെയ്താൽ  ഭീഷണമായ സാഹചര്യങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാനാകും. പരിസ്ഥിതി പ്രശ്‌നം വ്യക്തികളുടേയും സമൂഹത്തിന്റേയും സ്വഭാവ രീതിയുടെ പ്രശ്‌നമാണെന്നും വ്യാവസായിക സംരംഭങ്ങളെ നിലനിർത്തി  തന്നെ സ്വഭാവക്രമങ്ങൾ ചിട്ടപ്പെടുത്തിയാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 


പ്രകൃതിയുടെ ശുദ്ധത തകർക്കുന്ന അത്യന്തം ഗുരുതരമായ പ്ലാസ്റ്റിക് മലിനീകരണം തടയണമെന്ന മുറവിളി ഉയരുന്നുണ്ടെങ്കിലും കാര്യക്ഷമമായ നടപടികൾ പ്രാവർത്തികമാകുന്നുണ്ടോ? കരയും കായലും പുഴയും കടലുമൊക്കെ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുകയും ചെറുതും വലുതുമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിക പ്രശ്‌നങ്ങളും അനുദിനം വർദ്ധിക്കുകയും ചെയ്യുകയാണ്.  ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂന്നാം ലോക രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ ഭേദിച്ച് അനുസ്യൂതം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്ലാസ്റ്റിക് ഉപയോഗവും മലിനീകരണവും നിയന്ത്രിച്ച്  പ്രകൃതിയുടെ ധന്യമായ പാരമ്പര്യങ്ങളെ വരും തലമുറക്കായി സംരക്ഷിക്കുന്നതിനുള്ള പരിപാടികളാണ് കാലം ആവശ്യപ്പെടുന്നത്.
പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി വർദ്ധിക്കുകയാണെന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഗൗരവം പലപ്പോഴും നാം തിരിച്ചറിയുന്നില്ല. പ്ലാസ്റ്റിക് ഉൽപാദന ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ സഗൗരവം വിലയിരുത്തപ്പെടേതാണ്. 
പ്രകൃതിയുടെ മടിത്തട്ടിൽ വിഭവങ്ങളെല്ലാം ആവോളം ആസ്വദിച്ച് കഴിഞ്ഞ മാനവകുലം  തെറ്റായ പ്രവർത്തനങ്ങളും ജീവിതരീതികളും കാരണം അതിസങ്കീർണമായ പാരിസ്ഥിതിക ആഘാതങ്ങളുടേയും ഗുരുതരമായ വെല്ലുവിളികളുടേയും ഇടയിലാണ് ജീവിക്കുന്നത്. കാടും കായലും പുഴയും അരുവികളും വൈവിധ്യമാർന്ന ജീവജാലങ്ങളുമൊക്കെ ഒരു വലിയ പരിധിവരെ നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും അന്യമാകുന്ന കാലം വിദൂരമെന്നല്ല ഓർമപ്പെടുത്തലുകളാണ് സമകാലിക സംഭവവികാസങ്ങൾ നമ്മോട് ആവർത്തിക്കുന്നത്. പ്രകൃതി രമണീയമായ ഭൂമിയിൽ പരിശുദ്ധ വായു ശ്വസിച്ച് ആരോഗ്യപൂർണമായ ജീവിതം നയിക്കുന്ന പരിസരങ്ങളും അനുഭവങ്ങളും പുതിയ തലമുറക്ക് എത്രത്തോളം പരിചിതമാണെന്ന് സംശയിക്കണം. മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കുവാനും ജീവിക്കുവാനും അനുഗുണമായ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഊന്നിയുള്ള പ്രൊഫസർ ശോഭീന്ദ്രന്റെ പരിസ്ഥിതി യാത്രകൾ ഭൂഖണ്ഡങ്ങൾ ഭേദിച്ച് മുന്നേറുകയാണ്

Latest News