Sorry, you need to enable JavaScript to visit this website.

മോഡിയെ കുറിച്ചുള്ള സിനിമയ്ക്കു വേണ്ടി ട്രെയ്ന്‍ ബോഗി തീയിട്ടു നശിപ്പിച്ചു

വഡോദര- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണത്തിനായി റിലീസ് ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ചുള്ള ഡോക്യൂമെന്ററി ചിത്രത്തിന്റെ ഷൂട്ടിങിനു വേണ്ടി ഒരു ട്രെയ്ന്‍ ബോഗി പൂര്‍ണമായും തീയിട്ടു നശിപ്പിച്ചു. വഡോദരയിലെ പ്രതാപ് നഗര്‍ ദഭോയ് നാരോ ഗേജ് പാതയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. 2002-ലെ ഗുജറാത്ത് കലാപത്തിനു കാരണമായ സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ച് തീയിട്ടു നശിപ്പിക്കപ്പെട്ട സംഭവം സിനിമയ്ക്കു വേണ്ടി പുനരാവിഷ്‌ക്കരിക്കാനായിരുന്നു ഇത്. ഗോധ്രയില്‍ നടന്ന ഈ ട്രെയ്ന്‍ ദുരന്തത്തില്‍ അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകരായ യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡിയുടെ അറിവോടെയായിരുന്നു ഈ കലാപമെന്നും പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വെളിപ്പെടുത്തിയിരുന്നു. ഈ ദുഷ്‌പേര് മായ്ക്കാനുള്ള ശ്രമമാണ ഈ സിനിമയെന്നും വിലയിരുത്തപ്പെടുന്നു.

വെസ്റ്റേണ്‍ റെയില്‍വേയുടേയും വഡോദര അഗ്നിശന വകുപ്പിന്റെയും അനുമതിയോടെയാണ് ഈ ട്രെയ്ന്‍ ബോഗി കത്തിക്കലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. ഇതു മൂലം ട്രെയ്ന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും റെയില്‍ വെ മോക് ഡ്രില്ലിനു വേണ്ടി ഉപയോഗിക്കുന്ന ബോഗിയാണ് കത്തിക്കാനായി നല്‍കിയതെന്നും വെസ്റ്റേണ്‍ റെയില്‍വേയ്‌സ് പിആര്‍ഒ ഖേംരാജ് മീണ പറഞ്ഞു.
 

Latest News