Tuesday , May   21, 2019
Tuesday , May   21, 2019

പ്രവാസരചനയുടെ പെൺമുദ്രകൾ

സബീന എം. സാലി ബീന
മൻഷാദ്
ഷഹീറ നസീർ
സോണിയ റഫീഖ്‌
സോഫി ഷാജഹാൻ

ദേശാന്തര വ്യത്യാസത്തിൽ ജീവിക്കുന്നവരുടെ അതിജീവനത്തെ കണ്ടും കേട്ടും മനസ്സിലാക്കുമ്പോൾ ഉള്ളിൽ രൂപപ്പെടുന്ന ചെറിയ സ്പാർക്കിൽ നിന്നാണ് പ്രവാസി എഴുത്തുകാരികളുടെ ഓരോ രചനയും പിറവി കൊള്ളുന്നത്. നഗരനാട്യങ്ങളുടെ ഭാഗം ആകേണ്ടി വരുമ്പോഴും വെല്ലുവിളികളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തി പ്രവാസി എഴുത്തുകാരികൾ കാലമാണ് ഇതിനെ വിലയിരുത്തേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ തന്നെ എഴുതിക്കൊണ്ടേയിരിക്കുന്നു... 

വായനയും യാത്രയുമാണ് മനസ്സിനെ നിരന്തരം നവീകരിക്കുക. എന്നാൽ രണ്ടിനും വേണ്ടത്ര അവസരം കിട്ടാതെ പോകുന്ന പെൺപ്രവാസത്തിനിടയിലും സ്വന്തം ഇഷ്ടങ്ങളെയും അഭിരുചികളെയും അക്ഷരങ്ങളിൽ പങ്കുവെച്ച കുറേ നല്ല എഴുത്തുകാരികൾ പ്രവാസ ലോകത്തുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി 'എഴുതുക' എന്ന വെല്ലുവിളിയെ ആത്മസാക്ഷാൽക്കാരമായി മാറ്റിയവർ. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ ഗൾഫ് മേഖലയിലേക്ക് കൂട് മാറിയവർക്ക് അക്ഷരങ്ങളെ സ്‌നേഹിക്കാൻ കഴിഞ്ഞപ്പോൾ സ്വയം തിരിച്ചറിയുന്ന ജീവിത ശൈലിയിലേക്കും അവർ  മാറി നടന്നു. പ്രവാസ ലോകത്തെ ഈ എഴുത്തുകാരികൾ ഹൃദയങ്ങളെ അടയാളപ്പെടുത്തുന്ന ശക്തമായ കഥാപാത്ര സൃഷ്ടികളിലൂടെ ജനാധിപത്യപരവും മതപരവുമായ ചോദ്യങ്ങളെ ഭയമില്ലാതെ ചോദിക്കുന്നു. അടുക്കളയിൽ നിന്നും കാണുന്ന ആകാശത്തിന് ഏറെ പരിമിതികൾ നമ്മുടെ നാട് കൽപ്പിച്ചിട്ടുണ്ട്. ആ ധാരണകളെ മാറ്റിമറിച്ചു കൊണ്ട് പ്രവാസം നൽകുന്ന ഉറപ്പുകളും പ്രോത്സാഹനങ്ങളും ഏത് പ്രതികൂലാവസ്ഥയിലും എഴുത്തുജീവിതത്തിന് ശക്തി നൽകിയെന്നാണ് ഇവരുമായുളള സൗഹൃദ സംഭാഷണത്തിൽ ഇവരോടൊപ്പം പ്രവാസ ലോകത്ത് ജീവിക്കുന്ന ഒരു കഥാകാരിയെന്ന നിലയിൽ എനിക്ക് ബോധ്യപ്പെട്ടത്. 


എഴുതുക എന്ന വെല്ലുവിളിക്കൊപ്പം മാനസിക സമ്മർദം നൽകുന്ന തൊഴിലിടങ്ങളും ഫഌറ്റ് ജീവിതവും എഴുത്തിന്റെ വഴികൾ കണ്ടെത്താൻ എത്രത്തോളം സഹായകമാകുമെന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്. ഈ അവസ്ഥകളിലും ഇവർ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ കഥകളായി മാറുന്ന സർഗാത്മക പ്രക്രിയയും നടക്കുന്നു. ഇത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. മനോഹരമായി എഴുതുകയും സാഹിത്യത്തെ അതീവ ഗൗരവത്തോടെ തന്നെ സമീപിക്കുകയും ചെയ്യുന്ന നല്ല എഴുത്തുകാരികൾ പ്രവാസ ലോകത്തുണ്ട്. ഇവരിൽ പലരും മുഖ്യധാരയിൽ തന്നെ നിലയുറപ്പിക്കുന്നവരും സ്വന്തം തട്ടകം സൃഷ്ടിച്ചവരുമാണ്. അവരുടെ ചിന്തകൾ ചിറകു വിടർന്ന് വായനക്കാരിലേക്കെത്തുമ്പോൾ വ്യക്തതയോടെ അവർ സമൂഹവുമായി ചേർന്നു പോകുന്നു. അവരുടെ കാഴ്ചപ്പാടുകളെ പ്രവാസം ഒരുക്കിയെടുത്തത് വിശാലമായ ലോകത്തേക്ക് തുറന്നുവെച്ച ജാലകങ്ങളിലൂടെയാണ്. 


ഒരിടത്താവളമെന്ന തിരിച്ചറിവിൽ തന്നെയാണ് ഇവിടെ എഴുത്തുകാരികൾ ജീവിക്കുന്നത്. നാടിന്റെ സമസ്ത മാറ്റങ്ങളും സ്പന്ദനങ്ങളും ഇവർ അറിയുന്നു. സോണിയ റഫീക്ക്, സബീന എം.സാലി, ബീന, ഷമി, ഷഹീറ നസീർ, സോഫിയാ ഷാജഹാൻ, മൻഷാദ് തുടങ്ങി നിരവധി എഴുത്തുകാരികൾ കഥയിലും നോവലിലും കവിതയിലും അവരുടെ സർഗാത്മകതയുടെ അടയാളങ്ങൾ ഏറിയും കുറഞ്ഞും രേഖപ്പെടുത്തിയവരാണ്. എഴുത്ത് ജീവിതമെന്നാൽ ഇവർക്ക് പ്രവാസം തന്നെയാണ്. അകലെയിരുന്നും നാടിന്റെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കാൻ കഴിയുന്നതു കൊണ്ടാണ് ഇവർക്ക് എഴുതാൻ സാധിക്കുന്നത്. ഈ ഇടത്താവളത്തിൽ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കുന്നതിനേക്കാൻ  കൂടുതൽ ആരെക്കെയോ സൃഷ്ടിച്ച ലോകത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതായും അനുഭവങ്ങളാൽ ബോധ്യപ്പെടുന്നുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പ്രവാസം ഏതു വ്യക്തിക്കും ഒരു തുറന്ന ഇടം നൽകുന്നുണ്ട്. ആ രീതിയിൽ നാട്ടിലെ കാര്യങ്ങളോട് ഇടപെടാനും ഇവർക്ക് കഴിയുന്നുണ്ട്. മറുനാടൻ ജീവിതമാണ് എഴുത്തിലൂടെ സർഗാത്മകതയെ പ്രതിഫലിപ്പിക്കാൻ ഇവരെ സഹായിക്കുന്നത്. ആ നിലയിൽ പ്രവാസം വളരെയധികം മാറ്റങ്ങൾ പല എഴുത്തുകാരികളുടെയും ജീവിതത്തിൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബീന ടീച്ചർ പറയുന്നു. അധ്യാപികയെന്ന നിലയിലും എഴുത്തുകാരിയെന്ന നിലയിലും വീട്ടമ്മയെന്ന നിലയിലും ജീവിതം സന്തുലിതമായി കൊണ്ടുപോകുമ്പോൾ അനുഭവിക്കുന്ന ആത്മസംഘർഷത്തിന് ഒരു സുഖമുണ്ടെന്ന പക്ഷക്കാരിയാണ് ബീന.  


സ്വത്വത്തെ കണ്ടെടുക്കാനും, അതിനെ ജീവിത സാഹചര്യങ്ങളുടെ ഘടനയ്‌ക്കൊപ്പം രൂപാന്തരപ്പെടുത്തിയെടുക്കാനും ഒരു എഴുത്തുകാരിയെന്ന നിലയിൽ പ്രവാസം ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് സബീന സാലി പറയുന്നു. നാട്ടിലെ ജീവിതത്തിന്റെ ബഹളോന്മുഖമായ ചാക്രികതയിൽ നിന്ന് എഴുത്തിനനുകൂലമായ ഭൗതിക സാഹചര്യങ്ങൾ ഒത്തുവന്നതും സബീനക്ക് പ്രവാസ ജീവിതത്തിലാണ്. ജോലിയുടെ സ്വഭാവം എഴുത്തിനുള്ള വെള്ളവും വെളിച്ചവും നൽകിയെന്നു പറയുന്നതാവും ഉത്തമം. ഭൂഗോളത്തിന്റെ വിവിധ കോണുകളിലുള്ള വ്യത്യസ്ത തരക്കാരായ ആളുകളെ അറിയാനും അവരുമായി സമ്പർക്കം പുലർത്താനും കഴിയുന്നത് ലോക വിഭിന്നതകൾ രചനകളിൽ ഇടം പിടിക്കാൻ സഹായിച്ചു എന്നതും നേട്ടമാണ്. എഴുത്തുകാരെ സംബന്ധിച്ച്, കൊണ്ടും കൊടുത്തും അത്രയും നാൾ അനുഭവിച്ചു പോന്ന നാട്ടിലെ ജീവിതത്തെ ഒരു സുപ്രഭാതത്തിൽ പ്രവാസമെന്ന ഇടത്താവളത്തിലിരുന്ന്, ഒരു ചതുരക്കൂട്ടിലെ ചുരുങ്ങിയ കാഴ്ചകളായി മാത്രം വീക്ഷിക്കുമ്പോൾ, അന്നത്തെ ഉപ്പിന്റേയും വേദനയുടേയും രുചികളെ, പുതിയ രുചികളിൽ നിന്നും വ്യക്തമായി വേർതിരിച്ചെടുക്കാനാവും. വേർപാട്, വേദന തുടങ്ങിയ അനുഭൂതികൾ സബീനയുടെ എഴുത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത് അങ്ങനെയാണ്. 


നിത്യവും മാറിമറിയുന്ന വിവര സാങ്കേതികതയുടെ പിൻബലത്തിൽ, നാട്ടിൽ നടക്കുന്ന മാറ്റങ്ങളുടെ കാഴ്ചകൾ, ഒരു ഹൈ ഡെഫിനിഷൻ സ്‌ക്രീനിന്റെ വ്യക്തതയോടെ തുറന്നിടപ്പെടുമ്പോൾ, സ്വാഭാവികമായും പിൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, അവയ്‌ക്കൊത്ത ഒരു സ്വയം നവീകരണം പ്രവാസിക്കും സാധ്യമാകുന്നു. ദൂരെയിരിക്കുമ്പോഴും തൊട്ടടുത്തുണ്ട് എന്ന ചിന്ത പുതിയ കാലത്തെ എഴുത്തിനെ മറ്റൊരു തലത്തിലേക്ക് പരിവർത്തനപ്പെടുത്തുക വഴി, നാടിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ ഏത് രംഗത്തും ഇടപെടാൻ പ്രവാസിക്ക് വഴി തുറന്നിടുന്നു. പ്രവാസത്തിന്റെ ചില തരം പ്രതികൂലതകളോട് മല്ലടിച്ച്, സ്വന്തം ജീവിതത്തിനും നിലനിൽപ്പിനും വേണ്ടി പൊരുതുമ്പോൾ, എണ്ണമറ്റ അനുഭവങ്ങളുടെ ജ്വലിക്കുന്ന കനലുകളെ അക്ഷരങ്ങളുടെ അഗ്‌നിയായി ഊതിക്കത്തിക്കാൻ പ്രവാസി എഴുത്തുകാരികൾക്ക് പൊതുവെ സാധിച്ചിട്ടുണ്ട്. മനുഷ്യനെന്ന നിലയിൽ സ്വാഭാവികമായി ഉണ്ടായിട്ടുള്ള സമസ്ത ക്രോധങ്ങളേയും അടക്കിനിർത്തി ജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തിയതും സബീനയെ സംബന്ധിച്ചിടത്തോളം പ്രവാസമാണ്. നിധി തേടിയുള്ള യാത്രയിൽ, കണ്ടുമുട്ടുന്നവരിൽ നിന്ന് ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും, സാന്റിയാഗോയ്ക്ക് പുതിയ ജീവിത വീക്ഷണങ്ങളും കാഴ്ചകളും സമ്മാനിക്കുന്നതു പോലെ, പരാജയങ്ങളെ ഭയപ്പെടാതെ, ആത്മവിശ്വാസത്തിലൂന്നിയ ബൃഹത്തായ ഒരു മാനസിക പരുവപ്പെടൽ പ്രവാസത്തിലൂടെ സാധ്യമായെന്നാണ് സബീനയുടെ നിരീക്ഷണം. 


ലോക മലയാളി എന്ന പട്ടം നേടിയ ഏതൊരു പ്രവാസി എഴുത്തുകാരെ സംബന്ധിച്ചും, അവരിൽ സംസ്‌കാരത്തിന്റേയും ഭാഷയുടേയും, ജീവിത ശൈലികളുടെയും ഒരു കോക്ടെയിൽ ആണ് കാണാൻ സാധിക്കുക. പ്രവാസ എഴുത്തുകാരിൽ മിക്കവരും എഴുത്തിനെ വളരെ വ്യക്തതയോടെ കാണുന്നവരാണ്. പല ദേശക്കാർക്ക് ഒപ്പം ജീവിതം പങ്കുവെയ്ക്കപ്പെടുമ്പോൾ നമ്മുടെ നാടിന്റെ അസ്ഥിത്വത്തെ പറ്റി ചിന്തിക്കാനും വിശാലമായ ഒരു കാഴ്ചപ്പാട് ഉണ്ടാകുവാനും പ്രവാസജീവിതം കൊണ്ട് കഴിയുന്നു. പ്രവാസം കംഫർട്ട് സോണിൽ നിന്ന് മനുഷ്യരെ പുറത്തേക്ക് കൊണ്ടുവരുന്നതിനാൽ അനുഭവിച്ചിരുന്ന സുരക്ഷിത ബോധത്തിൽ നിന്നും പരാശ്രയമില്ലാതെ എല്ലാം സ്വന്തമായി തരണം ചെയ്യുക, ഒക്കെ തനിയെ ചെയ്യുന്ന ശീലം ഉണ്ടാകുക എന്ന നിലയിൽ വരുന്നതെല്ലാം എഴുത്തിനെ സഹായിക്കുന്നുണ്ടെന്ന് സോണിയ റഫീഖ് പറയുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളിൽ, ശീലങ്ങളിൽ വളർന്നു വരുന്നവർക്ക് ഒപ്പം ജോലി ചെയ്യുന്നതിനാലും സഹവർത്തിത്വത്തിനും കഴിഞ്ഞതിനാൽ എഴുത്തിൽ അത്യന്താപേക്ഷിതമായ സാംസ്‌കാരിക തിരിച്ചറിവിന് കഴിഞ്ഞു. സഹജീവികളുടെ ദുഃഖം, ഭാഷ, സംസ്‌കാരം, ജീവിതരീതി, ശൈലി ഒക്കെ മനസ്സിലാക്കാനും എഴുത്തിനെ വിശാലമായ ഒരു കാഴ്ചപ്പാടിലേക്ക് എത്തിക്കാനും പ്രവാസിയായതിനാൽ മാത്രമാണ് തനിക്ക് സാധിച്ചതെന്ന് സോണിയ പറഞ്ഞു. നമുക്ക് പരിചയത്തിലോ കേട്ടറിവിലോ ഇല്ലാതിരുന്ന പ്രമേയങ്ങളെ എഴുത്തിലേക്കും കഥാ വഴിത്തിരിവിലേക്കും കൊണ്ടുവരാനും ഈ ജീവിതമാറ്റം കൊണ്ട് സാധിച്ചു.   


ദേശാന്തര വ്യത്യാസത്തിൽ ജീവിക്കുന്നവരുടെ അതിജീവനത്തെ കണ്ടും കേട്ടും മനസ്സിലാക്കുമ്പോൾ ഉള്ളിൽ രൂപപ്പെടുന്ന ചെറിയ സ്പാർക്കിൽ നിന്നാണ് പ്രവാസി എഴുത്തുകാരികളുടെ ഓരോ രചനയും പിറവി കൊള്ളുന്നത്. നഗരനാട്യങ്ങളുടെ ഭാഗം ആകേണ്ടി വരുമ്പോഴും വെല്ലുവിളികളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തി പ്രവാസി എഴുത്തുകാരികൾ കാലമാണ് ഇതിനെ വിലയിരുത്തേണ്ടതെന്ന ഉത്തമ ബോധ്യത്തോടെ തന്നെ എഴുതിക്കൊണ്ടേയിരിക്കുന്നു.  

Latest News