Tuesday , May   21, 2019
Tuesday , May   21, 2019

ഹിഗ്ഗിൻബോതംസിന് 175 വയസ്

ഹിഗ്ഗിൻ ബോതംസ്... പുസ്തകശാലകളുടെ ഉടമ
ചെന്നൈ എയർപോർട്ടിലെ ഹിഗ്ഗിൻബോതംസ് ഷോറൂം
ബാംഗ്ലൂരിലെ ബുക്ക് ഹൗസ്
ചെന്നൈയിലെ ബുക്ക് ഹൗസ്

പുസ്തക വിൽപനയിലെ പരമ്പരാഗത ശൃംഖലയായ ഹിഗ്ഗിൻബോതംസ് തെന്നിന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സജീവമായതും പെരുമ നേടിയതും. 175 വർഷമായി, മൂന്നിലേറെ തലമുറകളിലൂടെ ആർജിച്ചെടുത്തതാണ് ആ വിശ്വാസം. ഓൺലൈൻ ഭീമൻമാർക്കിടയിൽ പുസ്തകശാലകൾ പലതും കടലെടുത്തു പോകുമ്പോഴും പിടിച്ചുനിൽക്കാൻ ഹിഗ്ഗിൻബോതംസിന് കരുത്തേകുന്നതും വായനക്കാരിലെ വിശ്വാസം തന്നെ.  

വായന മരിക്കുന്നു എന്ന വിലാപം വായനക്കാരിലും പുസ്തക പ്രേമികളിലും പൂർവാധികം ശക്തിയോടെ ഉയരുന്ന കാലമാണിത്. അപ്പോഴാണ് അതിനെ വെല്ലുവിളിച്ച് കൊണ്ട് ഒരു പുസ്തകശാല അതിന്റെ 175 ാമത് വാർഷികത്തിൽ വിജയകരമായി എത്തി നിൽക്കുന്നത്. ആ പുസ്തകശാലയെ കുറിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. പ്രത്യേകിച്ചും മലയാളികളായ ഇംഗ്ലീഷ് വായനക്കാർ. വിചിത്രമായ ഒരു പേരിന്റെ പ്രത്യേകത കൊണ്ടെങ്കിലും അത് നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കണം -ഹിഗ്ഗിൻബോതംസ്!
ഹിഗ്ഗിൻബോതംസ് എന്ന പുസ്തകശാലയുടെ പിറവിയുമായി ബന്ധപ്പെട്ട് രസകരമായ ഒരു കഥയുണ്ട്. ചരിത്രത്തിലെ ഒരു ആകസ്മികത എന്നും അതിനെ വിളിക്കാം. 1830-കളുടെ അവസാനപാദത്തിലെപ്പൊഴോ ആണ് കഥയുടെ തുടക്കം. ഇംഗ്ലണ്ടിൽ നിന്നും പുറപ്പെട്ട് ഇന്ത്യയിലെ പല തുറമുഖങ്ങൾ വലംവെച്ച് സിലോണിലേക്ക് (ശ്രീലങ്ക) യാത്ര ചെയ്യുന്ന ഒരു കപ്പൽ. ആ കപ്പൽ മദിരാശിയിലെത്തി യാത്രക്കാരെ ഇറക്കാൻ തുടങ്ങുമ്പോഴാണ് മതിയായ യാത്രാ രേഖകളോ പണമോ ഒന്നുമില്ലാതെ ഒരാൾ കപ്പലിനകത്ത് ഒളിച്ചിരിക്കുന്നത് ക്യാപ്റ്റന്റെ ശ്രദ്ധയിൽപെട്ടത്. ആൾ സായിപ്പു തന്നെ. ഇംഗ്ലണ്ടിൽനിന്നും യാത്ര തുടങ്ങുമ്പോഴേ അധികൃതരുടെ കണ്ണുവെട്ടിച്ച് അയാൾ കപ്പലിനകത്ത് കടന്നു കൂടിയതാണ്. പക്ഷെ, എങ്ങനെ എന്ന് ആർക്കും പിടികിട്ടിയില്ല. ചോദ്യം ചെയ്തപ്പോൾ അയാൾ ഒന്നും വിട്ടുപറഞ്ഞുമില്ല. എ ന്തായാലും അയാളെ അവിടെ ഇറക്കിവിട്ട് കപ്പൽ സിലോണിലേക്കുള്ള യാത്ര തുടർന്നു.


അയാൾ ഒരു ജോലിക്കായി മദിരാശി നഗരത്തിൽ മാസങ്ങളോളം അലഞ്ഞു. ഇടക്കാലത്ത് അവിടുത്തെ ഇംഗ്ലീഷ് പട്ടാളക്കാർക്കിടയിൽ ബൈബിൾ വിറ്റു നടന്നു. ഒടുവിലാണ് പ്രൊട്ടസ്റ്റന്റ് മിഷണറിമാർ നടത്തുന്ന വെസ്ലിയാൻ ബുക്ക് സ്റ്റോർ എന്നൊരു സ്ഥാപനത്തിൽ ലൈബ്രേറിയനായി കയറിപ്പറ്റിയത്. പക്ഷെ അവിടെയും അയാൾക്ക് രക്ഷ കിട്ടിയില്ല. കാരണം പുസ്തകശാല കനത്ത നഷ്ടത്തിലായിരുന്നു ഓടിക്കൊണ്ടിരുന്നത്. നഷ്ടം നാൾക്കുനാൾ കൂടി വന്നതോടെ പാതിരിമാർ കിട്ടുന്ന വിലയ്ക്ക് അത് വിൽക്കാൻ തീരുമാനിച്ചു. 1844-ൽ അവരിൽ നിന്നും അയാളത് തുച്ഛമായ വിലയ്ക്ക് വാങ്ങി. മൗണ്ട്‌റോഡിലായിരുന്നു ആ സ്ഥാപനമുണ്ടായിരുന്നത്. അയാളത് വെനീഷ്യക്കാരുടെ പല്ലാഡിയൻ വാസ്തുശിൽപ മാതൃകയിൽ കെട്ടുംമട്ടും മാറ്റി പുതുക്കി.  നീലനിറത്തിലുള്ള വലിയ അക്ഷരങ്ങളിൽ ആ പുസ്തകശാലയ്ക്ക് ഒരു പുതിയ പേരു നൽകി-ഹിഗ്ഗിൻബോതംസ്. അത് ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു വായനാ സംസ്‌കാരത്തിന്റെ നാന്ദി കുറിക്കലായി.
ആബേൽ ജോഷ്വാ ഹിഗ്ഗിൻബോതം എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ നാമം. ബോതം എന്ന് വിളിക്കും. പേരിന്റെ ഒരു ഭാഗമെടുത്താണ് അദ്ദേഹം പുസ്തകശാലയ്ക്ക് നൽകിയത്. അന്നദ്ദേഹം മദിരാശിയിൽ സ്ഥാപിച്ച ആ പുസ്തകശാലയ്ക്ക് ഈ വർഷം 175 വയസ്സ് തികയുകയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പുസ്തകശാലയാണത്. ഇംഗ്ലണ്ടിലെവിടെയോ ജനിച്ച ഒരു സായ്പ്പിന് ഇന്ത്യയിലെത്തി, ഇവിടെ ഒരു പുസ്തക ശാല സ്ഥാപിക്കാനും അതുവഴി ഇന്ത്യക്കാരുടെയും ഇംഗ്ലീഷുകാരുടെയും ഇടയിൽ പ്രസിദ്ധനാകാനുമായിരുന്നു നിയോഗം. അതാണ് ചരിത്രത്തിലെ ആകസ്മികത!
അന്നത്തെ മദിരാശി പട്ടണം ഒരു ചെറിയ ഇംഗ്ലണ്ട് തന്നെയായിരുന്നു. ഇംഗ്ലീഷുകാർ നിയന്ത്രിക്കുന്ന കച്ചവടകേന്ദ്രങ്ങൾ, പട്ടാള ക്യാമ്പുകൾ, ഭരണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയവ അവിടെ ഉണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ ഭാര്യമാരിലധികവും സമയം കൊല്ലാൻ വായന വിനോദമാക്കിയവരായിരുന്നു. അവർക്കിഷ്ടമുള്ള പുസ്തകങ്ങൾ കിട്ടുന്ന ഇടങ്ങൾ അന്ന് മദിരാശിയിൽ അധികമുണ്ടായിരുന്നില്ല. ആ വിടവ് ഭംഗിയായി നികത്തിക്കൊണ്ടായിരുന്നു ഹിഗ്ഗിൻബോതംസിന്റെ കടന്നുവരവ്.


ഹിഗ്ഗിൻബോതംസിലെ ആദ്യകാല സന്ദർശകരിലേറെയും ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിലെ സ്ത്രീകളായിരുന്നു. പതുക്കെ വായനാ പ്രിയരായ ഉദ്യോഗസ്ഥന്മാരും കച്ചവടക്കാരും അധ്യാപകരും ഡോക്ടർമാരും വക്കീലന്മാരും മറ്റും അവിടേക്ക് വന്നു തുടങ്ങി. അവരുടെ ഇഷ്ടാനുസരണം ബോതം,  ഇംഗ്ലണ്ടിൽ നിന്നും പുസ്തകങ്ങളും മാഗസിനുകളും വരുത്തി പുസ്തകശാല നിറച്ചു. കഥകളും കവിതകളും നോവലുകളും ക്ലാസിക്കുകളും ചരിത്രവും രാഷ്ട്രമീമാംസയും തത്ത്വചിന്തയും ശാസ്ത്രവും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. 
ഏറ്റവും ഗുണമേൻമയുള്ള പുസ്തകങ്ങൾക്കാണ് ബോതം എന്നും പ്രാധാന്യം നൽകിയത്. അത്തരം പുസതകങ്ങൾ മാത്രമെ അദ്ദേഹം വിൽപ്പനയ്ക്ക് വെച്ചുള്ളൂ. നേരിയ ലാഭമെടുത്ത് വിൽപ്പന നടത്തിയ അദ്ദേഹത്തിന് പുസ്തകങ്ങൾ ധാരാളമായി വിറ്റഴിഞ്ഞപ്പോൾ സാമ്പത്തികമായി നല്ല നേട്ടമുണ്ടായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള പുസ്തകശാലകൾ, പുസ്തക ഏജന്റുമാർ എന്നിവരുമായി അദ്ദേഹം സജീവമായ കച്ചവടബന്ധങ്ങളുണ്ടാക്കി. സന്ദർശകർ ആവശ്യപ്പെട്ടാൽ ഏത് പുസ്തകവും ഒരു നിശ്ചിത സമയത്തിനകം വരുത്തി നൽകാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൂടുതലായി വായനക്കാരെ ഹിഗ്ഗിൻബോതംസ് എന്ന പുസ്തകശാലയിലേക്ക് ആകർഷിച്ചു. 
നന്നായി വിലപേശി ഏറ്റവും കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങൾ വരുത്താനുള്ള ഉടമ്പടികൾ ബോതം ഏജന്റുമാരുമായി ഉണ്ടാക്കി. അവർക്ക് പറഞ്ഞ പണം അദ്ദേഹം കൃത്യസമയത്ത് നൽകി. തല പോയാലും അതിൽ വീഴ്ച വരുത്തിയില്ല. പുസ്തക ഏജന്റുമാരിൽ ഉണ്ടാക്കിയെടുത്ത ആ വിശ്വാസമായിരുന്നു പുസ്തക വ്യാപാര രംഗത്തെ അദ്ദേഹത്തിന്റെ പ്രധാന കൈമുതൽ. വില അൽപം കുറച്ചാലും ധാരാളം പുസ്തകങ്ങൾ എടുക്കുന്ന ഒരു വ്യാപാരി എന്ന നിലയിൽ അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ പല പ്രസാധകരുടെയും ഇടയിൽ നല്ല മതിപ്പും കിട്ടി. അദ്ദേഹം ആവശ്യപ്പെട്ടാൽ ഏത് അപൂർവ പു സ്തകവും അവർ ലോകത്തിന്റെ ഏതുഭാഗത്തു നിന്നും തപ്പിയെടുത്ത് എത്തിച്ചു. 


1859-ൽ മദിരാശി ഗവർണറായിരുന്ന ട്രെവലിയൻ പ്രഭു, ചരിത്രകാരനും രാഷ്ട്രീയ നേതാവുമായ മെക്കോളെ പ്രഭുവിന് നൽകിയ ഒരു കത്തിൽ ഇങ്ങ നെ എഴുതി-'മദിരാശി പട്ടണത്തെ കുറിച്ച് പറയുമ്പോൾ മൗണ്ട് റോഡിലുള്ള ഹിഗ്ഗിൻബോതംസ് പുസ്തകശാലയെ ഒഴിച്ചു നിർത്താനാവില്ല. അവിടെ പ്ലാറ്റോ, സോക്രട്ടീസ്, യൂറിപ്പിഡീസ്, അരിസ്റ്റോഫനസ്, പിൻഡാർ, ഹൊറേസ്, പെട്രാർക്ക്, ടാസ്സോ, കാമോയെൻസ്, കാൽഡറൻ, റേസിൻ എന്നിവരുടെ പുതിയ പുസ്തകങ്ങൾ വരെയുണ്ട്. ഫ്രഞ്ച് നോവലിസ്റ്റ് വിക്ടർ ഹ്യൂഗോ, ജർമൻ എഴുത്തുകാരായ ഷില്ലർ, ഗൊയ്‌ഥെ എന്നിവരുടെയും പുതിയ പുസ്തക ങ്ങൾവരെ എനിക്കവിടെ കാണാൻ കഴിഞ്ഞു.' അന്നത് ഹിഗ്ഗിൻബോതംസ് പുസ്തകശാലയ്ക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. അത് അവരുടെ വളർച്ചയുടെ വഴിയിലെ ഒരു പ്രധാന നാഴികക്കല്ലായി.
പുസ്തക വിൽപ്പനയിൽ മുൻപരിചയമുള്ള ആളായിരുന്നില്ല, ബോതം. പക്ഷെ, മദിരാശി പട്ടണത്തിലെ പുസ്തകപ്രേമികൾക്കിടയിൽ ഹിഗ്ഗിൻബോതംസിനെ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലളിതമായിരുന്നു അദ്ദേഹത്തിന്റെ കച്ചവടതന്ത്രം. വായനക്കാരന്റെ മനസ്സറിഞ്ഞ് പെരുമാറുക. ഗുണമേന്മയുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടുവരിക. അവ കുറഞ്ഞ വിലയ്ക്ക് വിൽക്കുക. വായനക്കാരെ കബളിപ്പിക്കാനോ അവരോട് കളവ് പറയാനോ ശ്രമിക്കാതിരിക്കുക. അത് വലിയ ഗുണം ചെയ്തു. ഹിഗ്ഗിൻബോതംസ് പുസ്തകശാലയെ വായനക്കാർ വിശ്വാസത്തിലെടുത്തു. അതായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം.
1850-കളോടെ ഹിഗ്ഗിൻബോതംസ് പുസ്തകങ്ങൾക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും വിൽക്കാൻ തുടങ്ങി. കൂടാതെ മറ്റു പ്രസാധകരിൽ നിന്നും എഴുത്തുകാരിൽ നിന്നും അവരുടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം വാങ്ങി സ്വന്തമായി അവ അച്ചടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. 1858-ൽ ബ്രിട്ടീഷ് രാജ്ഞി, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഔദ്യോഗിക ഭരണാധികാരം ഏറ്റെടുത്തപ്പോൾ അതറിയിച്ചു കൊണ്ടുള്ള രാജകീയ വിളംബരത്തിന്റെ കോപ്പികൾ ഇംഗ്ലീഷിലും തമിഴിലും അച്ചടിച്ച് വിതരണം ചെയ്തത് ഹിഗ്ഗിൻബോതംസ് ആയിരുന്നു. വെയിൽസ് രാജകുമാരനും പരിവാരങ്ങളും ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് അവരുടെ ഔദ്യോഗിക പുസ്തക വിതരണക്കാരുടെ റോളിലും പ്രവർത്തിച്ച് മികവു തെളിയിക്കാൻ ഈ പുസ്തകശാലയ്ക്ക് കഴിഞ്ഞു. ബ്രിട്ടീഷ് സർക്കാരിലേക്കും ക്ലെമന്റ് ആറ്റ്‌ലി ഉൾപ്പടെയുള്ള പ്രധാനമന്ത്രിമാർക്കും ആവശ്യത്തിന് പുസ്തകം വിതരണം ചെയ്യുന്ന ചുമതലയും ഏറെക്കാലം ഹിഗ്ഗിൻബോതംസിനായിരുന്നു. 1890 മുതൽ 1920 വരെ മദിരാശിയിലെ കണ്ണിമാറ പബ്ലിക്ക് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ എത്തിച്ചിരുന്നതും അവർ തന്നെ.


1880-കളുടെ അവസാനത്തോടെ ബോതം, മകൻ സി.എച്ച്. ഹിഗ്ഗിൻബോ തമിനെ തന്റെ കച്ചവടത്തിലേക്ക് കൊണ്ടുവന്നു. 1891-ൽ ബോതം അന്തരിച്ചതോടെ മകന്റെ കൈകളിലായി പുസ്തകശാലയുടെ സമ്പൂർണ നിയന്ത്രണം. അതിനിടയിൽ തന്നെ ഹിഗ്ഗിൻബോതംസ് ആന്റ് കമ്പനി എന്ന് പുസ്തകശാലയുടെ പേര് മാറ്റിയിരുന്നു. മദിരാശിക്ക് പുറമെ തെന്നിന്ത്യയിലെല്ലാം ഹിഗ്ഗിൻബോതംസ് പുസ്തകശാല വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത് ഈ മകനാണ്. 
1904-ലാണ് ചെന്നൈ മൗണ്ട് റോഡിലെ(അണ്ണാശാല)ഇന്നു കാണുന്ന ഹിഗ്ഗിൻബോതംസ് പുസ്തകശാല പുതുതായി പണിതത്. തൊട്ടടുത്ത വർഷം മുതൽ ഹിഗ്ഗിൻബോതംസ് ചെന്നൈക്ക് പുറത്തേക്ക് വ്യാപിക്കാൻ തുടങ്ങി. ബംഗളൂരുവിലെ എം.ജി.റോഡിൽ (അന്ന് സൗത്ത് പരേഡ് റോഡ്) അന്നാരംഭിച്ച ഹിഗ്ഗിൻബോതംസിന്റെ ശാഖയാണ് ഇന്ന് അവിടുത്തെ ഏറ്റവും പഴക്കം ചെന്ന പുസ്തകശാല. തുടർന്ന് വളരെ പെട്ടെന്നാണ് തമിഴ്‌നാട്, കർണാടക, ആന്ധ്ര, കേരളം എന്നിവിടങ്ങളിലായി അവർക്ക് 22 ഓളം ശാഖകൾ ഉണ്ടായത്. അവരുടെ പ്രവർത്തന മികവും പുതിയ പുസ്തക സംസ്‌കാരവും തന്നെയായിരുന്നു അതിന് കാരണം. സി.രാജഗോപാലചാരി, എസ്.രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ അന്ന് ഹിഗ്ഗിൻബോതംസിലെ പതിവ് സന്ദർശകരായിരുന്നു. 1925-ൽ, പ്രസിദ്ധ വ്യാപാര ശൃംഖലയായ സ്‌പെൻസേഴ്‌സ്, ഹിഗ്ഗിൻബോതംസ് വിലയ്ക്ക് വാങ്ങി അവരുടെ അച്ചടി പ്രസിദ്ധീകരണ വിഭാഗമായ അസോസിയേറ്റ് പബ്ലിഷേഴ്‌സിന്റെ ഭാഗമാക്കി. 1945 ൽ അസോസിയേറ്റ് പബ്ലിഷേഴ്‌സിനെ ചെന്നൈയിലുള്ള അമാൽഗമേഷൻ വ്യാപാര ഗ്രൂപ്പ് കൈയടക്കി. അതോടെ ഹിഗ്ഗിൻബോതംസ് അവരുടെ കീഴിലായി. ആ സ്ഥിതി ഇന്നും തുടരുന്നു.
തെന്നിന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടാണ് തുടർന്നുള്ള കാലം ഹിഗ്ഗിൻബോതംസ് സജീവമായതും പേരും പെരുമയും നേടിയതും. ട്രെയിൻ യാത്രയിലെ വിരസത അകറ്റാനായി വായിക്കുന്നവർക്ക് ഹിഗ്ഗിൻബോതംസ് വലിയ അത്താണിയായി. ലളിത വായനക്കാരാണ് അവരിൽ ഏറെയും. അവരെ രസിപ്പിക്കാനുള്ള വിഭവങ്ങളെല്ലാം ഹിഗ്ഗി ൻബോതംസ് ഒരുക്കി. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം ഇംഗ്ലീഷ് മാഗ സിനുകൾ, ജേണലുകൾ, മിൽസ് ആന്റ് ബൂൺ, സിഡ്‌നി ഷെൽഡൻ, അഗതാ ക്രിസ്റ്റി, ഷെർലക് ഹോംസ്, ചേസ്.. ആ പട്ടിക അങ്ങനെ നീളുന്നു.


എന്നുവെച്ച് ലളിത വായന മാത്രമാണ് ഹിഗ്ഗിൻബോതംസ് പ്രോത്സാഹിപ്പിച്ചത് എന്നു കരുതരുത്. അതിനൊപ്പം ലോകത്തിലെ വളരെ പ്രസിദ്ധമായ ഗ്രന്ഥങ്ങളും ക്ലാസിക്കുകളും കൂടി അവർ വിൽപ്പനയ്ക്ക് വച്ചിരുന്നു. ഉദാഹരണത്തിന് ടോൾസ്റ്റോയി, ചാൾസ് ഡിക്കൻസ്, ഡെസ്റ്റോവ്‌സ്‌കി, ഷോളക്കോവ്, എമിലി സോള, നബക്കോവ്, ഹെമിംഗ്‌വെ തുടങ്ങിയവരുടെ കൃതികൾ, കൂടാതെ രാഷ്ട്രീയവും ചരിത്രവും, തത്ത്വചിന്തയും ശാസ്ത്രവും പ്രതിപാദിക്കുന്ന പുസ്തകങ്ങളും അവിടെ ലഭ്യമായിരുന്നു. ചുരുക്കത്തിൽ ഏതുതരം വായനക്കാരുടെയും താൽപര്യങ്ങളെ സംതൃപ്തിപ്പെടുത്താൻ അവർക്കായി എന്നു സാരം. ഹിഗ്ഗിൻബോതംസിന്റെ ജനപ്രയതയ്ക്ക് അത് ഒരു കാരണമായി.
കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വായനയെ നിലനിർത്തുന്ന വായനക്കാർക്കായി നിലകൊള്ളാൻ എന്നുമെന്നപോലെ ഇന്നും ഹിഗ്ഗിൻബോതംസ് ശ്രമിക്കുന്നു. ലോക ക്ലാസിക്കുകൾക്കൊപ്പം കുറ്റാന്വേഷണ കഥകളും വിൽക്കാൻ അവർ ശ്രമിച്ചു. മാർക്വേസും, പൗലോ കൊയ്‌ലോയും ഒർഹാൻ പാമുക്കും മരിയോ വർഗസ് ലോസയും കൂടാതെ ആനന്ദ് നീലകണ്ഠനും അമിഷ് ത്രിപാഠിയും ചേതൻ ഭഗത്തും അവിടെ സ്ഥാനം പിടിച്ചു. അക്കാദമിക് ഗ്രന്ഥങ്ങളും ഓഫീസ് ലഡ്ജറുകളും മാത്രമല്ല, പാചകം, നൃത്തം, സംഗീതം, കമ്പ്യൂട്ടർ പഠനം, ഗ്രാഫിക്‌സ് എന്നിവയുടെ പുസ്തകങ്ങളും അവിടെ ഇടം പിടിച്ചു. അവയുടെ ഒക്കെ സിഡികളും വീഡിയോകളും വരെ ലഭ്യമാക്കി. ഓൺ ലൈൻ പുസ്തക വിൽപ്പനയുടെ രംഗത്തും അവർ പ്രവേശിച്ചു.
അങ്ങനെ ഹിഗ്ഗിൻ ബോതംസ് കാലോചിതമായി സ്വയം പരിഷ്‌കരിക്കുന്നു; നിലനിൽപ്പിനായി തന്നെ. അപ്പോഴും 175 വർഷങ്ങളായി, വായിക്കുന്നവരുടെ മൂന്നിലേറെ തലമുറകളിലൂടെ ആർജിച്ചെടുത്ത വിശ്വാസം നിലനിർത്തുന്നതിന് തന്നെ ഹിഗ്ഗിൻബോതംസ് ഇന്നും മുൻഗണന നൽകുന്നു. വായനയുടെ ലോകത്ത് വലിയ മാറ്റങ്ങൾ പലതുണ്ടായിട്ടും വായനക്കാരിൽ പലരും ഇന്നും അവരെ തന്നെ ഒരു അനുഷ്ഠാനം പോലെ ആശ്രയിക്കുന്നു എന്നതും സത്യമാണ്. ലോകത്തെ അപ്പാടെ വിഴുങ്ങാനൊരുങ്ങുന്ന പുസ്തക വിൽപ്പനയിലെ ഓൺ ലൈൻ ഭീമൻമാർക്കിടയിൽ പുസ്തകശാലകൾ പലതും കടലെടുത്തു പോകുമ്പോഴും പരിക്കുകൾ ഏറെയില്ലാതെ പിടിച്ചുനിൽക്കാൻ ഹിഗ്ഗിൻബോതംസിന് കരുത്തേകുന്നതും അതൊക്കെ തന്നെ. 

 

Latest News