Thursday , May   23, 2019
Thursday , May   23, 2019

വെറും ടെസ്റ്റ് ബാറ്റ്‌സ്മാനല്ല -ഇത് പൂജാരയുടെ മുന്നറിയിപ്പ്

ഇന്‍ഡോര്‍- സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര റെയില്‍വേസിനെതിരെ 61 പന്തില്‍ സെഞ്ചുറിയടിച്ചു. പൊതുവെ ടെസ്റ്റ് ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന പൂജാരയെ 2014 നു ശേഷം ഐ.പി.എല്ലില്‍ ഒരു ഫ്രാഞ്ചൈസിയും പരിഗണിച്ചിട്ടില്ല. ഇന്ത്യക്കു വേണ്ടി ഒരിക്കലും ട്വന്റി20 കളിച്ചിട്ടുമില്ല. 2014 ലായിരുന്നു ഇന്ത്യക്കു വേണ്ടിയുള്ള അവസാന ഏകദിനം പോലും. ട്വന്റി20 സെഞ്ചുറി നേടുന്ന പ്രഥമ സൗരാഷ്ട്ര ബാറ്റ്‌സ്മാനാണ് പൂജാര. 16 ബൗണ്ടറിയും ഒരു സിക്‌സറുമുണ്ട് പൂജാരയുടെ ഇന്നിംഗ്‌സില്‍. തുടക്കം മുതല്‍ ഒടുക്കം വരെ പൂജാര (100 നോട്ടൗട്ട്) പുറത്താവാതെ നിന്നു. എന്നാല്‍ സൗരാഷ്ട്രയുടെ മൂന്നിന് 188 റെയില്‍വേസ് മറികടന്നു. 
കേരളം 83 റണ്‍സിന് മണിപ്പൂരിനെ തോല്‍പിച്ചു. ആവേശകരമായ പോരാട്ടത്തില്‍ ഝാര്‍ഖണ്ഡ് മൂന്നു റണ്‍സിന് ദല്‍ഹിയെ കീഴടക്കി. ഝാര്‍ഖണ്ഡ് നാലിന് 158 റണ്‍സെടുത്തപ്പോള്‍ ദല്‍ഹിയുടെ മറുപടി അഞ്ചിന് 155 ല്‍ അവസാനിച്ചു. ഉന്മുഖ്ത് ചന്ദും (33) ധ്രുവ് ഷോരിയും (70) ദല്‍ഹിയെ വിജയത്തിനടുത്തെത്തിച്ചതായിരുന്നു. 
മണിപ്പൂരിനെതിരെ ക്യാപ്റ്റന്‍ സചിന്‍ ബേബിയാണ് (46 പന്തില്‍ 75) കേരളത്തിന്റെ വിജയശില്‍പി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 47 റണ്‍സ് നേടി. കേരളം അഞ്ചിന് 186 റണ്‍സെടുത്തപ്പോള്‍ മണിപ്പൂരിന്റെ മറുപടി ഏഴിന് 107 ല്‍ അവസാനിച്ചു. മായാങ്ക് രാഘവും (32) യശ്പാല്‍ സിംഗുമാണ് (40 നോട്ടൗട്ട്) മണിപ്പൂര്‍ സ്‌കോറിന്റെ സിംഹഭാഗവും സ്‌കോര്‍ ചെയ്തത്. 

Latest News