Wednesday , March   20, 2019
Wednesday , March   20, 2019

ലോകകപ്പില്‍ കളിക്കണോ? തീരുമാനം ഇന്നുണ്ടായേക്കും

മുംബൈ - പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനുമായി കളിക്കണമോയെന്ന കാര്യത്തില്‍ ബി.സി.സി.ഐയുടെ ചുമതലയുള്ള സി.ഒ.എ ഇന്ന് ധാരണയിലെത്തിയേക്കും. അതിനനുസരിച്ച് അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശം തേടും. മൂന്ന് അഭിപ്രായങ്ങളാണ് പ്രകടിപ്പിക്കപ്പെട്ടത്. ഒന്ന്, പാക്കിസ്ഥാനെതിരായ കളി ബഹിഷ്‌കരിക്കുന്നത് അവര്‍ക്കാണ് ഗുണം ചെയ്യുക. സെമി ഫൈനലിലോ ഫൈനലിലോ പാക്കിസ്ഥാനെ നേരിടേണ്ടി വന്നാല്‍ ഇന്ത്യക്ക് അത് വലിയ നഷ്ടമാവും. രണ്ട്, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പാക്കിസ്ഥാനെതിരായ കളി ബഹിഷ്‌കരിക്കുന്നതെങ്കില്‍ ഐ.സി.സിക്ക് പോയന്റ് വെട്ടിക്കുറക്കാനാവില്ല. മൂന്ന്, പാക്കിസ്ഥാനെ ലോകകപ്പില്‍ കളിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ ലോകകപ്പ് ബഹിഷ്‌കരിക്കണം. ഇന്ത്യ വിട്ടുനില്‍ക്കുന്നത് ഐ.സി.സിക്ക് കനത്ത തിരിച്ചടിയാവും. അതിനാല്‍ ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഐ.സി.സിക്ക് കത്ത് നല്‍കണം. 
എന്നാല്‍ ഇക്കാര്യത്തിലെല്ലാം സി.ഒ.എ അംഗങ്ങള്‍ക്കിടയിലും സി.ഒ.എയും ബി.സി.സി.ഐയും തമ്മിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്. 
പാക്കിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഐ.സി.സിക്ക് കത്ത് നല്‍കാന്‍ ബി.സി.സി.ഐയുടെ ഭരണച്ചുമതലയുള്ള സി.ഒ.എ തീരുമാനിച്ചിരുന്നു. ഇന്ത്യ-പാക് മത്സരം നടന്നില്ലെങ്കില്‍ ലോകകപ്പ് സംപ്രേഷണാവകാശമേറ്റെടുത്തവര്‍ക്ക് കനത്ത നഷ്ടമുണ്ടാവും. യോഗ്യത നേടിയ ടീമിനെ പുറത്താക്കുന്നത് ലോകകപ്പിനെ വലിയ നിയമക്കുരുക്കിലേക്ക് തള്ളിവിടും. 
എന്നാല്‍  ലോകകപ്പില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം തടയാന്‍ ഇന്ത്യക്ക് സാധിക്കില്ലെന്ന് മുതിര്‍ന്ന ബി.സി.സി.ഐ ഭാരവാഹി വിശദീകരിച്ചു. അത്തരമൊരാവശ്യം ഐ.സി.സി അംഗീകരിക്കാനോ മറ്റ് ബോര്‍ഡുകളുടെ പിന്തുണ ലഭിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യക്ക് അനുവദിച്ച 2021 ലെ ചാമ്പ്യന്‍സ് ട്രോഫിയും 2023 ലെ ലോകകപ്പും വിവാദത്തിലാവാനും സാധ്യതയുണ്ട് -അദ്ദേഹം പറഞ്ഞു. 
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ കളി ബഹിഷ്‌കരിക്കുന്നത് ഇന്ത്യക്ക് കോട്ടമാണ് ഉണ്ടാക്കുകയെന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ എല്ലാ കളിയും ഇന്ത്യ ജയിച്ചിട്ടുണ്ട്. കളിക്കാതിരുന്നാല്‍ അവര്‍ക്ക് രണ്ട് പോയന്റ് സംഭാവന നല്‍കലാവും. അവരെ തോല്‍പിക്കുകയും ടൂര്‍ണമെന്റില്‍ മുന്നേറില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് വേണ്ടത്. -ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാന്‍ കളിക്കാര്‍ വലിയു സുഹൃത്തുക്കളാണെന്ന കാര്യം മുന്‍ നായകന്‍ ഓര്‍മിപ്പിച്ചു. 1987 ല്‍ താന്‍ വിരമിക്കാനൊരുങ്ങിയപ്പോള്‍ പിന്തിരിപ്പിച്ചത് ഇംറാനാണെന്ന് ഗവാസ്‌കര്‍ സ്മരിച്ചു. 


 

Latest News