Thursday , May   23, 2019
Thursday , May   23, 2019

പുൽവാമയിലെ  കൂട്ടക്കുരുതിയും  മോഡിയുടെ തന്ത്രങ്ങളും

ഭീകരവാദ ശക്തികളെ നിലയ്ക്കുനിർത്താൻ തന്റെ നോട്ടുനിരോധനമടക്കമുള്ള നടപടികൾ വഴി കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവർത്തിച്ചുള്ള അവകാശവാദവും ഭീകരാക്രമണത്തിന്റെയും ദേശീയ ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ഭീകരവാദവും അതിനെ ഊട്ടിവളർത്തുന്ന പാക്കിസ്ഥാന്റെ നയസമീപനങ്ങളും വെച്ചുപൊറുപ്പിക്കാനാവുന്നതല്ല. അതിനെ എന്തു വില കൊടുത്തും ചെറുത്തുതോൽപിച്ചേ മതിയാവൂ.എന്നാൽ ആയുധം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ നേടിയെടുക്കാവുന്ന ലക്ഷ്യമല്ല അത്. 

ജമ്മു കശ്മീരിലെ പുൽവാമയിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഭീകരാക്രമണം രാജ്യം നടുക്കത്തോടെയാണ് ശ്രവിച്ചത്. ഭീകരാക്രമണത്തെ ദേശാഭിമാന ശക്തികൾ ഒറ്റക്കെട്ടായി അപലപിച്ചു. രാജ്യത്തിനെതിരെ പാക് സർക്കാരിന്റെ പിന്തുണയോടെ നടന്ന ഭീകരാക്രമണത്തെയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ജനതയുടെ സുരക്ഷക്കും ശാന്തജീവിതത്തിനും എതിരെ ഉയരുന്ന ഭീഷണിയെ യോജിച്ച് നേരിടണമെന്നതിലും രാഷ്ട്രം ഒറ്റക്കെട്ടാണ്. രാജ്യം നേരിടുന്ന അഭൂതപൂർവമായ ഭീഷണിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ തർക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോൾ അപ്രസക്തവുമാണ്. 
വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരുടെ ആത്മത്യാഗവും അവരുടെ കുടുംബങ്ങളോടുള്ള ആദരവിലും സഹാനുഭൂതിയിലും അഭിപ്രായ ഭിന്നതക്ക് യാതൊരു സ്ഥാനവുമില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്‌കർ ഇ ത്വയ്യിബയും അതിന്റെ നേതാവ് മസൂദ് അസ്ഹർ അടക്കം പാക് ഭീകരവാദ സംഘടനകളെ തകർക്കുകയും അവരെ പൂർണമായി അസ്ഥിരീകരിക്കുക എന്നതും ഇന്ത്യയുടെ തന്ത്രപ്രധാനമായ പൊതു ആവശ്യമാണ്. ഐക്യരാഷ്ട്ര സഭയും, യു.എസ്, റഷ്യ, ചൈന തുടങ്ങിയ ആഗോള ശക്തികളുടെയും പിന്തുണ അതിനു കൂടിയേ തീരൂ. ഭീകരവാദ ശക്തികൾക്ക് തണലേകുന്ന പാക് ഭരണകൂടത്തെയും സൈനിക സംവിധാനത്തെയും ആഗോള തലത്തിൽ ഒറ്റപ്പെടുത്തിയേ മതിയാവൂ. അതിന് ഭരണകൂടം നടത്തുന്ന രാഷ്ട്രീയവും സൈനികവുമായ നടപടികൾക്ക് ആഭ്യന്തര രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായ പിന്തുണ ഉറപ്പു വരുത്തേണ്ടതുണ്ട്. അത്യന്തം ആപത്കരമായ ദേശീയ സാഹചര്യത്തിൽ രാജ്യത്ത് ഉയർന്നുവരേണ്ട അനിവാര്യമായ ഐക്യദാർഢ്യത്തെയും ജനകീയ ഐക്യത്തെയും ദുരുപയോഗം ചെയ്യാൻ ഒരു രാഷ്ട്രീയ നിക്ഷിപ്ത താൽപര്യത്തെയും അനുവദിച്ചുകൂടാ. രാജ്യം അഭിമുഖീകരിക്കുന്നത് അസാധാരണമായ രാഷ്ട്രീയ വെല്ലുവിളിയെയാണ്.
ഭീകരവാദത്തെ അതിശക്തമായി അപലപിക്കുകയും ചെറുക്കുകയും ചെയ്യുന്നതോടൊപ്പം ഇപ്പോഴത്തെ ദേശീയ ദുരന്തത്തിലേക്ക് നമ്മെ നയിച്ച കാര്യകാരണങ്ങൾ യാഥാർഥ്യ ബോധത്തോടെ, വിമർശനാത്മകമായി, വിലയിരുത്താനും ആവശ്യമായ തിരുത്തലുകൾക്കും നാം മുതിർന്നേ മതിയാവൂ. ഭീകരാക്രമണ സാധ്യതകളെ പറ്റി മതിയായ മുന്നറിയിപ്പുകൾ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ അക്രമം വ്യാപിപ്പിക്കാൻ സാധ്യത ഏറെയാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. സൈന്യത്തിനും ഇതര സുരക്ഷാ സേനകൾക്കും എതിരെ ആക്രമണം നടന്നേക്കുമെന്നും അവർ തീവ്രശക്തിയുള്ള സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചേക്കുമെന്നും ജമ്മു കശ്മീർ പോലീസ് തന്നെ കേന്ദ്ര സുരക്ഷാ ഏജൻസികൾക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നിട്ടും മതിയായതും മാനദണ്ഡങ്ങൾക്ക് അനുസൃതവുമായ സുരക്ഷാ സംവിധാനങ്ങൾ കൂടാതെ 2500 ലധികം വരുന്ന സിആർപിഎഫ് സേനാനികളുടെ വാഹന വ്യൂഹം എങ്ങനെ ഭീഷണമായ അന്തരീക്ഷത്തിൽ കടന്നുപോകാൻ അനുവദിച്ചുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്റലിജന്റ്‌സ് വീഴ്ചയുണ്ടായി എന്ന ജമ്മു കശ്മീർ ഗവർണറുടെ പ്രാഥമിക പ്രതികരണവും ലഷ്‌കർ ഇ ത്വയ്യിബയുടേതായി പ്രചരിച്ചുവെന്നു പറയപ്പെടുന്ന സന്ദേശങ്ങളുമെല്ലാം രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾക്കു നേരെ ഉയർത്തുന്ന ചോദ്യങ്ങൾ അവഗണിക്കാവുന്നതല്ല. 
ഭീകരവാദ ശക്തികളെ നിലയ്ക്കു നിർത്താൻ തന്റെ നോട്ടുനിരോധനമടക്കമുള്ള നടപടികൾ വഴി കഴിഞ്ഞുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആവർത്തിച്ചുള്ള അവകാശവാദവും ഭീകരാക്രമണത്തിന്റെയും ദേശീയ ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ ചോദ്യം ചെയ്യപ്പെടുന്നു.
ഭീകരവാദവും അതിനെ ഊട്ടിവളർത്തുന്ന പാക്കിസ്ഥാന്റെ നയസമീപനങ്ങളും വെച്ചുപൊറുപ്പിക്കാനാവുന്നതല്ല. അതിനെ എന്തു വില കൊടുത്തും ചെറുത്തുതോൽപിച്ചേ മതിയാവൂ. എന്നാൽ ആയുധം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ നേടിയെടുക്കാവുന്ന ലക്ഷ്യമല്ല അത്. രാജ്യത്തെ ജനങ്ങളുടെ ഐക്യവും ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെയും വൈവിധ്യത്തിന്റെയും ദേശീയ അന്തരീക്ഷവും നിലനിർത്തിക്കൊണ്ടേ അതിനാവൂ. അതിനു പകരം ജനകീയ ഐക്യത്തെയും ജനാധിപത്യ സങ്കൽപങ്ങളെയും തകർക്കുന്ന നയസമീപനങ്ങളാണ് നരേന്ദ്ര മോഡി സർക്കാർ കഴിഞ്ഞ അഞ്ചു വർഷങ്ങളായി പിന്തുടർന്നുവരുന്നത്. 
ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും താരതമ്യേന ശാന്തമായിരുന്ന രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ജനങ്ങളുടെ ഐക്യവും ഐക്യദാർഢ്യവും മോഡി ഭരണത്തിൽ തകർക്കപ്പെട്ടിരിക്കുന്നു. ആ വസ്തുതകൾ യാഥാർഥ്യ ബോധത്തോടെ തിരിച്ചറിയാതെ രാജ്യത്തിനും ജനങ്ങൾക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിൽ മുന്നേറാനാവില്ല. രാഷ്ട്രീയവും ദേശീയവുമായ വെല്ലുവിളികളെ ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയമായും ഉന്നത രാഷ്ട്ര തന്ത്രജ്ഞതയോടെയും നേരിടുക എന്നതാണ് നാം നേരിടുന്ന വെല്ലുവിളി.
 

Latest News