Sunday , May   26, 2019
Sunday , May   26, 2019

ഇംഗ്ലണ്ടിനെതിരെ മിന്നു മാണി ടോപ്‌സ്‌കോറര്‍

മുംബൈ - ഇംഗ്ലണ്ട് ഇലവനെതിരായ സന്നാഹ ഏകദിന വനിതാ ക്രിക്കറ്റ് മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ തോറ്റെങ്കിലും മലയാളി താരം മിന്നു മാണി തിളങ്ങി.  ഇന്ത്യന്‍ കളിക്കാരായ പ്രിയ പൂനിയ, സ്മൃതി മന്ദാന, വേദ കൃഷ്ണമൂര്‍ത്തി തുടങ്ങിയ പ്രമുഖ താരങ്ങള്‍ കളിച്ച മത്സരത്തില്‍ വയനാട്ടുകാരി ടോപ്‌സ്‌കോററായി. എട്ടാമതായി ബാറ്റിംഗിനിറങ്ങിയ ഇരുപതുകാരി ഒരു ബൗണ്ടറിയും സിക്‌സറുമുള്‍പ്പെടെ 28 റണ്‍സെടുത്തു. ബോര്‍ഡ് ഇലവന്‍ ഒരോവര്‍ ശേഷിക്കെ 154 ന് ഓളൗട്ടായി. ഇംഗ്ലണ്ട് 37.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 118 റണ്‍സെടുക്കുമ്പോഴേക്കും അവര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ആന്യ ഷ്‌റബ്‌സോളും (23) ഹെതര്‍ നൈറ്റും (64 നോട്ടൗട്ട്) ലോറന്‍ വിന്‍ഫീല്‍ഡും (23 നോട്ടൗട്ട്) കഷ്ടിച്ച് ലക്ഷ്യം കടത്തി. 
മിന്നു മാണിയെപ്പോലെ ഇതുവരെ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത ഇടങ്കൈയന്‍ പെയ്‌സര്‍ കോമള്‍ സന്‍സാദ് ആദ്യ ആറോവറില്‍ ഒമ്പത് റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. എന്നാല്‍ നാലിന് 11 ല്‍ നിന്ന് ഇംഗ്ലണ്ട് കരകയറി. 
നേരത്തെ മന്ദാന (15 പന്തില്‍ 19) നാല് ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും ഷ്‌റബ്‌സോളിന്റെ നാല് ഇരകളിലൊന്നായി. മിന്നു മാണി എട്ടാം വിക്കറ്റില്‍ തനൂജക്കൊപ്പം 29 റണ്‍സും ഒമ്പതാം വിക്കറ്റില്‍ റീമ ലക്ഷ്മിക്കൊപ്പം 14 റണ്‍സും ചേര്‍ത്തു. 

Latest News