Sunday , May   26, 2019
Sunday , May   26, 2019

പാക് തീർഥാടകരുടെ നടപടിക്രമങ്ങൾ സ്വദേശത്ത് പൂർത്തിയാക്കും

റിയാദ് - പാക്കിസ്ഥാനി ഹജ് തീർഥാടകരുടെ നടപടിക്രമങ്ങൾ സ്വദേശത്തു പൂർത്തിയാക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ അപേക്ഷ കിരീടാവകാശി അംഗീകരിക്കുകയായിരുന്നു. 
പാക്കിസ്ഥാനി ഹജ് തീർഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ജവാസാത്ത് (ഇമിഗ്രേഷൻ) നടപടിക്രമങ്ങൾ പാക്കിസ്ഥാനിലെ എയർപോർട്ടുകളിൽ തന്നെ പൂർത്തിയാക്കുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് പാക് പ്രധാനമന്ത്രി അപേക്ഷിച്ചത്. കൂടാതെ നിസാര കുറ്റകൃത്യങ്ങളുടെ പേരിൽ സൗദിയിൽ ജയിലുകളിൽ കഴിയുന്ന പാക്കിസ്ഥാനികളെ വിട്ടയക്കണമെന്നും പാക് പ്രധാനമന്ത്രി അപേക്ഷിച്ചു. രണ്ടു അപേക്ഷകളും കിരീടാവകാശി ഉടനടി അംഗീകരിച്ചു. 
പാക്കിസ്ഥാന്റെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സൗദി അറേബ്യയിലെ പാക്കിസ്ഥാൻ അംബാസഡറെ പോലെ തന്നെ കാണണമെന്നും പാക് പ്രധാനമന്ത്രിയുടെ അപേക്ഷകൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിന് സാധ്യമായ എല്ലാം ചെയ്യുമെന്നും കിരീടാവകാശി വ്യക്തമാക്കി. 
ഇത് പാക് നേതാക്കളുടെയും പാക് ജനതയുടെയും പ്രശംസയും ആദരവും പിടിച്ചുപറ്റി. പാക് പ്രധാനമന്ത്രി കിരീടാവകാശിയോട് നടത്തിയ അപേക്ഷകളും ഇതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ മറുപടിയും സാമൂഹിക മാധ്യമങ്ങളിലൂടെ പാക് നേതാക്കൾ പങ്കുവെച്ചു.
വിദേശ ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സ്വദേശങ്ങളിൽവെച്ച് പൂർത്തിയാക്കുന്ന രീതി പരീക്ഷണാടിസ്ഥാനത്തിൽ സൗദി അറേബ്യ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. 
മുൻ വർഷങ്ങളിൽ ഹജ് കാലത്ത് മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും എയർപോർട്ടുകളിൽ സൗദി ജവാസാത്ത് കൗണ്ടറുകൾ തുറന്നാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. ഇത് വൻ വിജയമാണെന്ന് കണ്ടിട്ടുണ്ട്. സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ച് സൗദി പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഹജ് തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഇറങ്ങി ലഗേജുകളുമായി വേഗത്തിൽ പുറത്തുകടക്കുന്നതിന് സാധിക്കും. 
ഇവർക്ക് സൗദി പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ജവാസാത്ത് കൗണ്ടറുകൾക്കു മുന്നിൽ ക്യൂ നിൽക്കേണ്ടതില്ല. 
തീർഥാടകർക്ക് ഏറെ ആശ്വാസകരമായ ഈ പദ്ധതിയുടെ പ്രയോജനം പാക് തീർഥാടകർക്കു കൂടി ലഭ്യമാക്കുന്നതിന് നടപടിയുണ്ടാകണമെന്നാണ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ സൗദി കിരീടാവകാശിയോട് അപേക്ഷിച്ചത്. ഇത് പ്രാവർത്തികമാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കിരീടാവകാശി പാക് പ്രധാനമന്ത്രിക്ക് ഉറപ്പുനൽകുകയും ചെയ്തു. 

 

Latest News