Tuesday , May   21, 2019
Tuesday , May   21, 2019

മോഡിയെ പഴിക്കുന്നവർ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെറുക്കുന്നവർ അതു കലവറയില്ലാതെ ചെയ്യുന്നു.  അദ്ദേഹം പറയുന്നതെന്തിനും അവർ അദ്ദേഹത്തെ പഴിക്കുന്നു, പരിഹസിക്കുന്നു. അദ്ദേഹം ചെയ്യുന്നതും ചെയ്യാത്തതും ആക്ഷേപത്തിനു കാരണമാക്കുന്നു. തികഞ്ഞ ജനസമ്മതിയോടെ അധികാരത്തിലേറിയ ഒരു പ്രധാനമന്ത്രി അർഹിക്കുന്നതല്ല ആ നിലപാട്. പ്രധാനമന്ത്രിയെ ആക്ഷേപിക്കാനോ ആക്രമിക്കാനോ പാടില്ലെന്നല്ല. ചെയ്യുന്നതും ചൊല്ലുന്നതും മോഡിയാണോ, എങ്കിൽ ആക്ഷേപിക്കപ്പെടേണ്ടതുതന്നെ എന്ന വിചാരം വരുന്നതാണ് കഷ്ടം. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു കൈവന്ന ജയം പോലും ഫാസിസത്തിനുണ്ടായ പരോക്ഷ പിന്തുണയായി ചിത്രീകരിക്കാൻ പല പണ്ഡിതമ്മന്യന്മാർക്കും രസമായിരുന്നു. 
രണ്ടു രാഷ്ട്രീയ രേഖകൾ സ്പർശിച്ചുകൊണ്ട് ആലോചിക്കട്ടെ. നാലര കൊല്ലം മുമ്പ് അദ്ദേഹം അധികാരത്തിലേക്ക് ഓടിക്കയറുമ്പോഴും ഇപ്പോൾ ജനഹിതം പുതുക്കാൻ തിരക്കിട്ടോടുമ്പോഴും മോഡി വിരോധികൾ പ്രകടിപ്പിച്ചിട്ടുള്ള ഭാവം സൂക്ഷിച്ചുനോക്കുക.  വരേണ്യതയുടെ ധാർഷ്ട്യം ആ നോക്കിലും വാക്കിലും കാണും. ചായയടിച്ചിരുന്നവൻ പ്രധാനമന്ത്രിയാവാൻ കാണിക്കുന്ന തത്രപ്പാടിലായിരുന്നു അവർക്ക് പുച്ഛവും പരിഹാസവും. അതിനെ മറി കടന്ന മോഡി രാജകീയതയുടെ പ്രൗഢിയില്ലാത്ത പശ്ചാത്തലം തന്റെ ശക്തിയാക്കി. 
നാലര കൊല്ലം കടന്നു പോയത് ചായ്‌വാലയെ കക്കൂസ് പണിക്കാരനാക്കിക്കൊണ്ടായിരുന്നു. പഴിയും പരിഹാസവും കലർത്തി ഒരു വിദ്വാൻ തന്റെ പാണിനീയം ഇങ്ങനെ ഉപസംഹരിച്ചു: അടച്ചാക്ഷേപിക്കരുത്.  ഒന്നുമില്ലെങ്കിൽ ഏതാനും കക്കൂസുകൾ നമുക്ക് സമ്മാനിച്ചുകൊണ്ടാണല്ലോ ഇഷ്ടൻ വിട വാങ്ങുന്നത്. പടിയിറങ്ങുകയാണെന്നും തിരികെ വരില്ലെന്നും വിമർശകൻ വിശ്വസിക്കുന്നതുപോലെ. വിശ്വാസം രക്ഷിച്ചാലും ഇല്ലെങ്കിലും, കക്കൂസിന്റെ കാര്യം പറയുമ്പോൾ അദ്ദേഹത്തിന് അസഹ്യതയാണെന്നു തോന്നുന്നു.  കക്കൂസ് പണിയാൻ ഒരു പ്രധാനമന്ത്രി വേണോ എന്നതാണ് വിമർശനത്തിന്റെ ധ്വനി.
മൂക്ക് പൊത്താതെയും നെറ്റി ചുളിക്കാതെയും ഒന്നു തിരിഞ്ഞുനോക്കിയാൽ മനസ്സിലാകും കക്കൂസിന്റെ പ്രസക്തി, അല്ലെങ്കിൽ, വേണമെങ്കിൽ പറഞ്ഞോളൂ, നരേന്ദ്രമോഡിയുടെ പ്രസക്തി.  മോഡിവിരോധത്തിന്റെ ചൂടിൽ ആ വാസ്തവം കാണാതിരിക്കരുത്. വാസ്തവത്തിൽ കക്കൂസ് എന്നൊരു വാക്കു പോലും ഇല്ലാത്തതാണ് ഇന്ത്യൻ പശ്ചാത്തലം.  ആ വാക്ക് എവിടന്ന് എങ്ങനെ വന്നു എന്ന് ഭാഷാശാസ്ത്രപരമായി തിരഞ്ഞുനോക്കുക. മലയാളത്തിൽ കക്കൂസ് വരുന്നതിനു മുമ്പ് ഉണ്ടായിരുന്നത് 'പറമ്പ്' ആയിരുന്നു.  അല്ലെങ്കിൽ 'വെളിയിൽ'. ചിലർ പറമ്പിൽ പോവുകയും മറ്റു ചിലർ വെളിക്കിറങ്ങുകയും ചെയ്തു. അറുനൂറു കിലോ മീറ്റർ നീളവും അമ്പതു കിലോ മീറ്റർ വീതിയും മാത്രമുള്ള സ്ഥലമാണെങ്കിലും വിസർജത്തിനും വിസർജനത്തിനും സംസ്‌കൃതവും അസംസ്‌കൃതവുമായ പല നാമക്രിയാപദങ്ങളുണ്ടായി.
പ്രായവും സ്ഥാനവും സാംസ്‌കാരികതലവും അനുസരിച്ച് വിസർജത്തിന് ഭേദമുണ്ടായി.  ബെർടലൂച്ചിയുടെ അവസാനത്തെ ചക്രവർത്തി - ഠവല ഘമേെ ഋാുലൃീൃ എന്ന പടം ഇടക്ക് ഓർത്തുപോകുന്നു.  ചക്രവർത്തിയായി പിറന്ന പയ്യൻ വിസർജനം ചെയ്തപ്പോൾ തുണക്കാർ ആ പാത്രമെടുത്ത് മണപ്പിച്ചുപോകുന്നതാണ് ഒരു രംഗം. അശുദ്ധി കൽപിച്ചതുകൊണ്ട് അത് പുറത്തേ ചെയ്യാൻ പാടുള്ളൂ എന്നായി പറമ്പിൽ അല്ലെങ്കിൽ വെളിയിൽ. അതിനുവേണ്ടി വഴിവക്കിലും തീവണ്ടിപ്പാതയുടെ ഓരത്തും വെളിച്ചമാകുമ്പോഴേക്കും വരിവരിയായി കുന്തിച്ചിരിക്കുന്ന  ആളുകളുടെ വിവരണം അറുപതുകളിൽ പുറത്തിറങ്ങിയ വി.എസ്. നയ്‌പോളിന്റെ ഇരുൾ പ്രദേശം എന്ന പുസ്തകത്തിൽ ഉണ്ടായിരുന്നു.
ആഴവും പരപ്പുമുള്ളതായിരുന്നു അതിനെതിരെ ഉയർന്ന എതിർപ്പ്. തെല്ലിട അത് മാർക്കറ്റിൽനിന്ന് മാറ്റുകയും ചെയ്തുവോ? എന്തായാലും, സാഹിത്യത്തോടും വിസർജനത്തോടും നമ്മൾ പുലർത്തുന്ന സമീപനം ഉദാഹരിക്കാൻ പോന്നതായിരുന്നു ആ പ്രതിഷേധം.
ഭക്ഷണം പോലെ പ്രധാനമാണ് വിരേചനം.  പക്ഷേ വിസർജനം മലിനവും ബാഹ്യവുമാകുന്നു. അതു നീക്കം ചെയ്യാനോ നിക്ഷേപിക്കാനോ ഉള്ള ഏർപ്പാട് ഉണ്ടായിരുന്നില്ല. തെല്ലൊരു ലാഘവത്തോടെ പറഞ്ഞാൽ, കഴിക്കാൻ വേണ്ട ഭക്ഷണം മതിയാകാതിരുന്നതും കഴിച്ച ഭക്ഷണം സംസ്‌കരിച്ചുകളയാനുള്ള സംവിധാനം ഇല്ലാതിരുന്നതുമായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യയിലെ മുഖ്യപ്രശ്‌നങ്ങൾ.  ഒന്നുകിൽ പട്ടിണി, അല്ലെങ്കിൽ വയറിളക്കം. ചിലപ്പോൾ, ഇടശ്ശേരിയുടെ പുത്തൻ കലവും അരിവാളും എന്ന കവിതയിൽ ഉന്നയിക്കപ്പെടുന്നതുപോലെ, 'ഇടി വെട്ടീ, പൊട്ടരുതൊറ്റ കൂമ്പും കുടിലദുർമർത്യതേ നിൻ കടയ്ക്കൽ' എന്ന ആക്രോശം പുറപ്പെടുവിക്കുമാറ്, പട്ടിണിയും അജീർണവും ക്രൂരമായ വൈരുധ്യങ്ങളായി നിലനിന്നു. 
സ്വതന്ത്രഭാരതത്തിന്റെ രോഗങ്ങളുടെ ചരിത്രം നോക്കിയാൽ മനസ്സിലാകും. മലമ്പനിയും വസൂരിയും മാത്രമായിരുന്നില്ല നമ്മുടെ പ്രധാനപ്രശ്‌നം.  പല രൂപത്തിലും പല ഭാവത്തിലും പല പേരിലും ചൊറിയും ചിരങ്ങും നമ്മെ വേട്ടയാടി. ചൊറിയും ചിരങ്ങുമില്ലാത്ത ബാല്യമായിരുന്നു എന്റെ കുട്ടിക്കാലത്തെ ഒരു കിനാവ്.  അത് ഏതാണ്ട് സാധിച്ചിരിക്കുന്നു. ചൊറി മാന്തുകയോ ചിരങ്ങു പൊട്ടിയൊലിക്കുകയോ ചെയ്യുന്ന കുട്ടികളെ ഇപ്പോൾ ഓണം കേറാത്ത മൂലകളിൽ പോലും കാണുകയില്ല. അതാണ് വികസനം.  വിസർജിക്കാനുള്ള ഇടം ഒരുക്കുന്നതിലും വിസർജ്യം നീക്കം ചെയ്യുന്നതിലും ആദ്യത്തെ ആസൂത്രകർ കാണിച്ച ശ്രദ്ധയുടെ ഫലമാണ് ആ വികസനം. 
ശീലവും സംസ്‌കാരവും ധനസ്ഥിതിയും സാങ്കേതികരീതികളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് വിസർജനവും വിസർജ്യം നീക്കം ചെയ്യുന്ന ഏർപ്പാടും. മലം തലച്ചുമടായി കൊണ്ടുകളയുന്ന രീതി കേരളത്തിലെ പട്ടണങ്ങളിൽ എഴുപതുകളുടെ തുടക്കത്തിൽ പോലുമുണ്ടായിരുന്നു. അതിനും പത്തുപതിനഞ്ചുകൊല്ലം മുമ്പ് തുടങ്ങിയതായിരുന്നു ഗ്രാമസേവകരും ബ്ലോക് വികസന ഓഫീസർമാരും അടങ്ങിയ നമ്മുടെ സാമൂഹ്യവികസന പരിപാടി.  
നല്ല വിത്തിനങ്ങൾ ഇറക്കലും കുട്ടികളുടെ എണ്ണം കുറക്കലും ബോർഹോൾ കക്കൂസ് പണിയലും മറ്റുമായിരുന്നു അതിലെ പ്രധാന ഇനങ്ങൾ. അതിനുവേണ്ടി തലങ്ങും വിലങ്ങും ജീപ്പ് ഓടിയപ്പോൾ നമ്മൾ അതിനെ ജീപ്പ് സംസ്‌ക്കാരം എന്നു പറഞ്ഞ് കളിയാക്കി. പക്ഷേ ശുചിത്വത്തെ പുണ്യമായും മലനിർമാർജനത്തെ സാമൂഹ്യമായ അടിയന്തരാവശ്യമായും കണക്കാക്കിയവരായിരുന്നു അന്നത്തെ ആസൂത്രകർ. അവരിൽ ജവാഹർലാൽ നെഹ്‌റുവും ഉണ്ടായിരുന്നു.
അതിന്റെ പരിഷ്‌കരിച്ച തുടർച്ചയായേ സ്വഛഭാരത് പരിപാടിയെ കാണേണ്ടതുള്ളു.  മറിച്ചു പറഞ്ഞാൽ, ആ ആദിപരിപാടിയുടെ വികസിതവും സുനിശ്ചിതവും അനിവാര്യവുമായ ഭാഗമാണ് കക്കൂസ് പണിയാനുള്ള നരേന്ദ്ര മോഡിയുടെ പദ്ധതി. ആരോ എവിടെയോ വിട്ടുകളഞ്ഞ പരിപാടി അദ്ദേഹം പുതുക്കിയെടുക്കുകയായിരുന്നു. അഞ്ചുകൊല്ലം കൊണ്ട്, ഇക്കൊല്ലം തീരുമ്പോഴേക്കും, പതിമൂന്നു കോടി കക്കൂസ് പണിയുമെന്നായിരുന്നു കണക്ക്. അത് നടന്നോ, എവിടെയെങ്കിലും പിഴച്ചോ എന്നു പരിശോധിക്കുകയാണ് വികസനവിമർശകരുടെ ദൗത്യം.  അതുവഴി അവർക്കും നാട്ടുകാർക്കും പദ്ധതി നടപ്പാക്കുന്നവർക്കും സാഫല്യമുണ്ടാകും.
പക്ഷേ കക്കൂസ് പണിയുന്ന പ്രധാനമന്ത്രിയെ പരിഹസിക്കുകയാണ് മോഡി വിരോധികളുടെ വിനോദം. 

Latest News