Tuesday , May   21, 2019
Tuesday , May   21, 2019

ഹൃദയത്തോട് ചേർത്ത് പിടിക്കുക, കശ്മീരി ജനതയുടെ കരങ്ങൾ

വാജ്‌പേയി സർക്കാർ കാലാവധി തീരുന്ന സമയത്ത് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ്. ഒരു പ്രദേശത്ത് ജനിച്ചു എന്നതിനാൽ ജീവിതം മരണത്തിനു തുല്യമായ കശ്മീർ ജനതക്കൊപ്പം നിൽക്കുക എന്നതാണ് ഇന്ന് യഥാർഥ ജനാധിപത്യവാദികൾ ചെയ്യേണ്ടത്.

കശ്മീർ ഒരിക്കൽ കൂടി വാർത്തകളിൽ സ്ഥാനം പിടിക്കുന്നു. പതിവുപോലെ ഭീകരാക്രമണം തന്നെ. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറെ വ്യത്യസ്തമാണ്. ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷാവീഴ്ചയുണ്ടായതിൽ ഗവർണർ മാത്രമല്ല, പലരും ആശങ്കാകുലരാണ്. വരും ദിനങ്ങളിൽ പലരുമത് തുറന്നു പറയുമെന്നുറപ്പ്. ഇപ്പോൾ പറഞ്ഞാൽ അതെങ്ങിനെ ബാധിക്കുമെന്ന സംശയത്തിൽ പ്രതിപക്ഷ പാർട്ടികൾ പോലും നിശ്ശബ്ദരാണ്. തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഇതുമായി ബന്ധപ്പെട്ട ഏതു വിഷയവും ബി.ജെ.പിയേയും മോഡിയേയും സഹായിക്കുമെന്നതിനാൽ നിശ്ശബ്ദരായിരിക്കുന്നവർ നിരവധിയാണ്. എന്തായാലും ആക്രമണത്തിനു പിറകിലെ യാഥാർത്ഥ്യങ്ങൾ അധികം വൈകാതെ പുറത്തുവരുമെന്നു പ്രതീക്ഷിക്കാം. 
ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായ കശ്മീർ പ്രശ്‌നം എത്രയോ കാലമായി ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സമാധാനത്തിൽ വിശ്വസിക്കുന്നവർക്ക്  ഭീഷണിയായിരിക്കുന്നു. ഇരുരാജ്യങ്ങളിലേയും പട്ടിണി പൂർണമായും മാറ്റാവുന്നതിനേക്കാൾ എത്രയോ കൂടുതൽ തുകയാണ് പ്രതിരോധത്തിനായി ചെലവാക്കുന്നത്. യുദ്ധത്തിന്റേയും ഭീകരാക്രമണത്തിന്റേയും പേരിൽ എത്രയോ ജീവനുകൾ ഇരുഭാഗത്തും അസ്തമിച്ചു. ഇരുരാജ്യത്തേയും നേതാക്കൾക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ഒന്ന്. എന്നിട്ട് കശ്മീർ ജനതയുടെ അവസ്ഥയോ? എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാവുന്ന ഒരു സമൂഹമായി അവർ മാറിയിരിക്കുന്നു. മനുഷ്യജീവനേക്കാൾ പ്രാധാന്യം മഞ്ഞുമൂടിയ മലകൾക്ക് നൽകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ദുരന്തം. ചരിത്രപരമായി ലഭിച്ച പ്രത്യേക പദവി പോലും അവർക്കിന്ന് ശാപമാണ്. 
കശ്മീരിനു പ്രത്യേക പദവി ലഭിച്ചതിനൊരു ചരിത്രമുണ്ടെന്ന വസ്തുതപോലും മറന്നാണ് ഇന്നവർ അപമാനിക്കപ്പെടുന്നതും എല്ലാ ഭാഗത്തുനിന്നും അപഹസിക്കപ്പെടുന്നതും. എത്ര ഓർമ്മിപ്പിച്ചാലും അന്ധമായ രാജ്യസ്‌നേഹത്തിന്റെ പേരിൽ നമ്മൾ മറക്കുന്നത് ആ ചരിത്രമാണ്.  
1947 ഓഗസ്റ്റ് 15 ന് ഇന്ത്യയും പാക്കിസ്ഥാനും എന്ന രണ്ടു രാജ്യങ്ങൾ ഉണ്ടായപ്പോൾ നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യയോടൊപ്പമോ പാക്കിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കശ്മീർ, ജുനാഗദ് തുടങ്ങിയ നാട്ടുരാജ്യങ്ങൾ രണ്ടു രാജ്യത്തോടും ചേരാതെനിന്നു. ജമ്മു കശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്‌ലിംകളായിരുന്നു. രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കൾ. ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാൻജി മുസ്‌ലിം. 1947 സെപ്തംബർ 15 ന് പാക്കിസ്ഥാനുമായി ചേരാനുള്ള കിേെൃൗാലി േീള അരരലശൈീി ( കഛഅ ) യിൽ അദ്ദേഹം ഒപ്പു വെച്ചു. 
എന്നാൽ, ഇത് അംഗീകരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാക്കിസ്ഥാൻ ഇതു തള്ളിക്കളഞ്ഞു. സൈനിക നീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു. 
സ്വാഭാവികമായും ഇതേ മാതൃകയിൽ കശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാൻ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വൻപലായനങ്ങൾ നടന്നു. പുഞ്ചിൽ 'ആസാദ് കശ്മീർ' എന്ന പേരിൽ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടർന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാൻ ഗോത്രവർക്കാർ കശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാൻ ജമ്മു-കശ്മീർ രാജാവ് ഇന്ത്യാ ഗവൺമെന്റിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയക്കാൻ നിർവ്വാഹമില്ലെന്ന് ഇന്ത്യാ ഗവൺമെന്റ് അറിയിച്ചു. ഇതിനെത്തുടർന്ന്, 1947 ഒക്ടോബർ 26 ന്, 75 ശതമാനം മുസ്‌ലിം ജനതയുള്ള ജമ്മു -കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കിേെൃൗാലി േീള അരരലശൈീി (കഛഅ) രാജാ ഹരിസിംഗും ഇന്ത്യാ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പ് വെക്കുകയായിരുന്നു. അത് താൽക്കാലിക ഏർപ്പാടായിരുന്നു. അതനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശം എന്നീ മേഖലകളിൽ മാത്രമാണ് ഇന്ത്യക്ക് അധികാരം കൈമാറിയത്. കശ്മീർ ഒരു തർക്കപ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു  ഇതൊക്കെയായിരുന്നു നിബന്ധനകൾ. എന്നാലതൊന്നുമല്ല നടന്നത്. പകരം കശ്മീരിനു പ്രത്യേക പദവി നൽകുകയായിരുന്നു. അന്നു മുതലേ കശ്മീർ മേഖല സംഘർഷഭരിതമായി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ ഉണങ്ങാത്ത മുറിവായി. ഈ മുറിവ് ഉണക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു 35 എ അനുച്ഛേദവും രൂപം കൊണ്ടത്. ഇന്നും ഈ മേഖല സംഘർഷഭരിതമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ ഇത്തരം പദവികൾ പോലും എടുത്തു കളയുന്നത് പ്രശ്നങ്ങളെ കൂടുതൽ രൂക്ഷമാക്കാനേ സഹായിക്കൂ എന്ന് യാഥാർത്ഥ്യബോധമുള്ള ആർക്കും എളുപ്പം മനസ്സിലാകും. 
പാക്കിസ്ഥാനുമായുള്ള ബന്ധം സമാധാനപരമാക്കുമെന്ന ഉറപ്പായിരുന്നു 2014 ൽ മോഡി ഇന്ത്യൻ ജനതക്കു നൽകിയത്. 2015 ൽ ബി. ജെ. പി, പി. ഡി. പിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചത് ദേശീയ താൽപര്യാർത്ഥവും ജമ്മു കശ്മീരിന്റെ സമാധാനത്തിനു വേണ്ടിയുമാണെന്നാണ് ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ പത്ത് പതിനഞ്ചു വർഷത്തെക്കാൾ കൊലപാതകങ്ങളും അക്രമങ്ങളും കലാപങ്ങളും ബി.ജെ.പി-പി.ഡി.പി സർക്കാർ ബാന്ധവകാലത്ത് നടന്നിട്ടുണ്ട്. അവയിൽ പലതും ദുരൂഹവുമാണ്. അതീവ സുരക്ഷാമേഖലയായ സി ആർ പി എഫ് ക്യാമ്പും സൈനിക ക്യാമ്പ് ആക്രമണവും 'പാർലമെന്റ് ആക്രമണം' പോലെ ദുരൂഹമായി ഇന്നും നിലനിൽക്കുന്നു. പെല്ലെറ്റ് ഗൺ പ്രയോഗം മുതൽ ഫാറൂഖ് അഹമ്മദ് ദാർ എന്ന യുവാവിനെ പട്ടാള ജീപ്പിന്റെ മുന്നിൽ കെട്ടിവെച്ചു സാധാരണ ജനതയെ അടിച്ചൊതുക്കുന്ന സൈനിക നടപടിക്കുവരെ കശ്മീർ സാക്ഷിയായി.  കത്വ സംഭവവും മുതിർന്ന മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ എഡിറ്ററുമായ ശുജാത് ബുഖാരി എന്ന ജേണലിസ്റ്റിന്റെ കൊലപാതകവും ഇത്തരം ആക്രമണങ്ങളുടെ തനിനിറം പുറത്ത് കാണിച്ചു. 
കശ്മീരിൽ ഭാഗികമായി നിലനിന്നിരുന്ന സമാധാനവും ഈ കാലയളവിൽ ഇല്ലാതാക്കപ്പെട്ടു. 
ടഅഠജ ( ടീൗവേ അശെമ ഠലൃൃീൃശാെ ജീൃമേഹ) റിപ്പോർട്ട് പ്രകാരം തീവ്രവാദ അനുബന്ധമായ മരണത്തിൽ 42 ശതമാനം വർധനവാണ് ഈ ഭരണകാലത്ത് സംഭവിച്ചിരിക്കുന്നത്. 
തീവ്രവാദികളുടെ മരണത്തിൽ 32 ശതമാനത്തിന്റെ വർധനവും സാധാരണ ജനങ്ങളുടെ കൊലപാതകത്തിൽ 37 ശതമാനം വർധനവും ഉണ്ടായപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിൽ 72 ശതമാനം വർധനവാണ് ഉണ്ടായത് എന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  അതിന്റെ അവസാന ഇരകളാണ് വീരമൃത്യു വരിച്ച പട്ടാളക്കാർ. 
വാജ്‌പേയി സർക്കാർ കാലാവധി തീരുന്ന സമയത്ത് കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ്.  ഒരു പ്രദേശത്ത് ജനിച്ചു എന്നതിനാൽ ജീവിതം മരണത്തിനു തുല്യമായ കശ്മീർ ജനതക്കൊപ്പം നിൽക്കുക എന്നതാണ് ഇന്ന് യഥാർഥ ജനാധിപത്യവാദികൾ ചെയ്യേണ്ടത്. 

Latest News