Thursday , May   23, 2019
Thursday , May   23, 2019

ജോർജ് ഫെർണാണ്ടസ് -പിൻവാങ്ങിയ കൊടുങ്കാറ്റ്

ജോർജ് ഫെർണാണ്ടസും പത്‌നിയും  -പഴയൊരു ചിത്രം   
ജോർജ് ഫെർണാണ്ടസിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന ലേഖകൻ 
ജോർജ് ഫെർണാണ്ടസിന്റെ മൃതദേഹത്തിനരികെ പ്രധാനമന്ത്രി
ജോർജ് ഫെർണാണ്ടസിന്റെ പത്‌നി ലൈലാ കബീറിനോടും മകൻ സുശാന്തോവിനോടുമൊപ്പം ലേഖകൻ

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടിമുഴക്കമായിരുന്ന ജോർജ് ഫെർണാണ്ടസുമായി നീണ്ടകാലത്തെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന മുൻ ജിദ്ദാ പ്രവാസി 
പി.പി ഉമർഫാറൂഖ്, ഫെർണാണ്ടസിന് വിട നൽകിയ വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ദിരാഗാന്ധിയെ വിറപ്പിച്ച ആ തീജ്വാല, ലോധി ശ്മശാനത്തിന്റെ വൈദ്യുത തരംഗത്തിൽ, കാറ്റേറ്റ മൺചെരാത് പോലെ ഞൊടിനേരം കൊണ്ട് അണഞ്ഞുപോയി. പൊള്ളുന്ന മഹാജീവിതം നനുത്ത മരണത്തണുപ്പിലമർന്ന ആ കഥ - 


ജനുവരി 29 ന് ജോർജ് ഫെർണാണ്ടസ് മരിച്ചുവെന്ന വാർത്ത പുറത്തുവന്നപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നുവോ എന്ന് ചിലരെങ്കിലും ചോദിച്ചിട്ടുണ്ടാകും. കഴിഞ്ഞ പത്തുവർഷമായി അബോധാവസ്ഥയിൽ അദ്ദേഹം ചലനമറ്റ് കിടക്കുകയായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു അദ്ദേഹം. ഡൽഹിയിലെ മരംകൊച്ചുന്ന തണുപ്പിൽ പഞ്ചശീല പാർക്കിലെ 114-ാം വസതിയായ 'ശാന്തി നിവാസി'ൽ ചെന്നിറങ്ങിയപ്പോൾ കാലം അദ്ദേഹത്തെ മറന്നിട്ടില്ലെന്ന് ബോധ്യമായി. ഭാര്യ ലൈലാ കബീറിന്റെ അമ്മയുടെ പേരാണ് 'ശാന്തി'. കോടികളുടെ അഴിമതി നടത്തിയ ആളെന്ന ആരോപണം ഒരവസരത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഡൽഹിയിൽ ഫെർണാണ്ടസിന് ഒരു വീടുപോലും ഉണ്ടായിരുന്നില്ല. 
1974 ൽ ലോകംകണ്ട ഏറ്റവും വലിയ റെയിൽവേ സമരത്തിന് നായകത്വം വഹിച്ചപ്പോൾ പോലും പാർട്ടി ഓഫീസിലോ സുഹൃത്തുക്കളുടെ വീട്ടിലോ മൂന്നാംകിട ഹോട്ടലിലോ ഒക്കെയായിരുന്നു ഫെർണാണ്ടസിന്റെ താമസം. കേന്ദ്രമന്ത്രിയായിരുന്ന പ്രൊഫ. ഹുമയൂൺ കബീറിന്റെ മകൾ ലൈലയെയായിരുന്നു വിവാഹം ചെയ്തിരുന്നത്. അവർ റെഡ്‌ക്രോസ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നതിനാൽ വെല്ലസ്ലി റോഡിലെ (ഇപ്പോൾ ഡോ. സാക്കിർ ഹുസൈൻ റോഡ്) അഞ്ചാംനമ്പർ റെഡ്‌ക്രോസ് ഫഌറ്റ് അവർക്കനുവദിച്ചിരുന്നു. അവിടെ അദ്ദേഹം ഭാര്യയോടും അമ്മായിഅമ്മയോടും ഒപ്പം താമസിച്ചു. പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമൊക്കെ ആയപ്പോൾ സർക്കാർ ഭവനങ്ങൾ ലഭിച്ചു. തുഗ്ലക് ക്രസൂറിലെ 26-ാം നമ്പർ വസതിയിലും പിന്നീട് മോത്തിലാൽ നെഹ്‌റു മാർഗിലെ 9-ാം നമ്പറിലും 23 സഫ്ദർജാനിലും ഏറ്റവും ഒടുവിൽ കൃഷ്ണമേനോൻ മാർഗിലെ മൂന്നാം നമ്പർ വസതിയിലും മാറി മാറിത്താമസിച്ചു. പാർലമെന്റ് അംഗം അല്ലാതായതോടെ താമസിക്കാൻ ഇടമില്ലാതെയായി. ഇടക്കാലത്ത് അകന്നുകഴിയുകയായിരുന്ന ഭാര്യ സ്വന്തം വസതിയായ 'ശാന്തി നിവാസി'ലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ എല്ലാ വീടുകളിലും അദ്ദേഹത്തെ സന്ദർശിക്കാൻ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്.


2009 ജൂലായ് മാസത്തിലാണ് അവസാനമായി കണ്ടത്. എന്നെ പെട്ടെന്ന് കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഒരു ദിവസത്തേക്ക് ഡൽഹിയിലേക്ക് പറന്നു. എന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ അദ്ദേഹം ഒരുങ്ങിയതായിരുന്നു. ഡോക്ടർമാർ യാത്ര വിലക്കി. അന്ന് ധർമ്മസ്ഥലയിൽ നിന്നെത്തിയ ദലായ്‌ലാമയും യാത്ര ചെയ്യരുതെന്ന് പറഞ്ഞുവത്രെ. അങ്ങനെ കൂടിക്കാഴ്ചയിൽ ഒരുപാട് പഴയ കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം അദ്ദേഹം ഡൽഹിയിൽനിന്ന് പുറത്തുപോയിട്ടില്ല. ആറുമാസത്തിന് ശേഷം ബോധരഹിതനായി. രണ്ടുവർഷം മുമ്പ് അവസാനമായി കാണുമ്പോഴും വളരെ ദയനീയ അവസ്ഥയിലായിരുന്നു. ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഉറപ്പായിരുന്നു. ഒരു ഡോക്ടറും നഴ്‌സും എപ്പോഴും അടുത്തുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ രണ്ടുപേരും മലയാളികളായിരുന്നു. മാക്‌സ് ഹെൽത്ത് കെയർ ടീം ആയിരുന്നു അദ്ദേഹത്തെ പരിചരിച്ചിരുന്നത്. മരണ ദിവസം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് അവർ വിളിച്ചപ്പോൾ ആംബുലൻസും ഡോക്ടർമാരുടെ സംഘവും കുതിച്ചെത്തിയെങ്കിലും അന്ത്യം സംഭവിച്ചുകഴിഞ്ഞിരുന്നു. എംബാം ചെയ്തു കിടത്തി. ന്യൂയോർക്കിൽ ഉദ്യോഗസ്ഥനായ മകൻ സനുവിന്റെ (മുഴുവൻ പേർ - സുശാന്തോ കബീർ ഫെർണാണ്ടസ്) യാത്ര അറിയുന്നതുവരെ അതാവശ്യമായിരുന്നു. മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളാണ് ഓർമ വന്നത്. 'ജീവിതത്തിന്റെ തടവറയിൽനിന്ന് മരണം അദ്ദേഹത്തെ സ്വതന്ത്രനാക്കി.' ഇതിലും മോശപ്പെട്ട അവസ്ഥയിലായിരുന്നു മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി. ഇതേ അബോധാവസ്ഥയിൽ ഒരാൾകൂടി ഡൽഹിയിൽ ബാക്കിയുണ്ട്. മുൻ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങ്.
മംഗലാപുരത്തുകാരൻ ജോർജ് മാത്യു ഫെർണാണ്ടസ് ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ലെന്ന് നന്നായറിയാം. വൈദികനാകാൻ പിതാവ് അദ്ദേഹത്തെ സെമിനാരിയിൽ ചേർത്തതായിരുന്നു. അവിടെ നിന്ന് ഓടിപ്പോയത് ചരിത്രം. എന്നിരുന്നാലും കത്തോലിക്കാസഭ അദ്ദേഹത്തെ എപ്പോഴും സ്വന്തക്കാരനായി കരുതി. മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ജോർജിന്റെ സഹോദരൻ മൈക്കൽ ഫർണാണ്ടസ് മൃതദേഹം ബംഗളൂരിൽ കൊണ്ടുപോയി മാതാപിതാക്കളുടെ കല്ലറക്കരികിൽ അടക്കണമെന്ന ആഗ്രഹമുയർത്തി. എന്നാൽ മൃതദേഹം ലോധി ശ്മശാനത്തിലെ വൈദ്യുതതരംഗങ്ങൾ ഏറ്റുവാങ്ങി. ഹൈന്ദവ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല. പൂർണ ഔദ്യോഗിക ബഹുമതികളോടെ സൈനികാഭിവാദ്യങ്ങൾ അർപ്പിക്കപ്പെട്ടു. പ്രമുഖ നേതാക്കളെല്ലാം അവിടെ ഉണ്ടായിരുന്നു. വളരെ ശ്രദ്ധിക്കപ്പെട്ടവരിൽ ഒരാൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് ആയിരുന്നു. ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിയും ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറും ആദ്യാവസാനം ഉണ്ടായിരുന്നു. ബിഹാറിൽ രണ്ടുദിവസം ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഡൽഹിയിലെ പൃഥ്വീരാജ് മാർഗിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്‌കരിച്ചു. ചിതാഭസ്മം സംസ്‌കരിക്കുന്ന പതിവ് ക്രിസ്ത്യൻ ആചാരത്തിലില്ല. കൊളോണിയൽ കാലംമുതൽക്കുള്ള പ്രസിദ്ധ ദേവാലയമാണിത്. ചിതാഭസ്മത്തിന്റെ അവശേഷിച്ച ഭാഗം മംഗലാപുരത്തേക്ക് കൊണ്ടുപോയി. അസുഖം ബാധിച്ചു കിടപ്പിലായശേഷം അദ്വാനിയും നിതീഷ്‌കുമാറും ഇടക്കിടെ ഫെർണാണ്ടസിനെ സന്ദർശിക്കാറുണ്ടായിരുന്നു. പ്രധാനമന്ത്രി മോഡി രണ്ടുതവണ വന്നിരുന്നു. അന്ത്യദർശനത്തിന് മോഡിയും ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും എത്തിയിരുന്നു.
ആരായിരുന്നു ജോർജ് ഫെർണാണ്ടസ് ? ചരിത്രത്തിലെ ഒരു അത്ഭുത പ്രതിഭാസമായി അദ്ദേഹം വാണരുളി. രാഷ്ട്രീയത്തിൽ പല ചാഞ്ചാട്ടങ്ങൾക്കും വിധേയനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്തിത്വമോ വ്യക്തിത്വമോ ഒരിക്കലും നഷ്ടപ്പെട്ടിരുന്നില്ല. ദാർശനിക വീക്ഷണമുള്ള വ്യവസായമന്ത്രിയും റെയിൽവേമന്ത്രിയുമായിരുന്ന അദ്ദേഹം ഇന്ത്യ കണ്ട മഹാനായ രാജ്യരക്ഷാമന്ത്രിയായിരുന്നു. സൈനികരോടൊപ്പം പ്രവർത്തിച്ച ആളായിരുന്നു. കാർഗിൽ യുദ്ധകാലത്ത് സൈനികരോടൊപ്പം യുദ്ധഭൂമിയിൽ മുൻനിരയിൽനിന്ന് സൈനികർക്ക് ആത്മവിശ്വാസം പകർന്ന നായകൻ. അതിശൈത്യമേഖലയായ സിയാചിനിൽ യുദ്ധരംഗത്ത് പതിനെട്ട് തവണ സന്ദർശനം നടത്തിയ ചരിത്രം അദ്ദേഹത്തിന് സ്വന്തം. മറ്റൊരു രാജ്യരക്ഷാമന്ത്രിയും ഒരിക്കലും അവിടെ പോയിട്ടില്ല. കൊങ്കൺ റെയിൽവെ നമുക്ക് സമ്മാനിച്ചത് ഫെർണാണ്ടസാണ്. കൊക്കക്കോള, ഐ.ബി.യം തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളെ ഇന്ത്യയിൽനിന്ന് കെട്ടുകെട്ടിക്കാൻ പോരാടിയ ചരിത്രം വേറെ ആർക്കും പറയാനില്ല.


1967 ൽ ബോംബെയിലെ മുടിചൂടാ മന്നനായ എസ്.കെ.പട്ടീലിനെയും വ്യവസായി നാവൽ ടാനയെയും പരാജയപ്പെടുത്തി ലോക്‌സഭയിൽ എത്തിയതോടെയാണ് ജോർജിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 1975 ലെ അടിയന്തരാവസ്ഥ അദ്ദേഹത്തെ ഹീറോ ആക്കി. ഒറീസയിലെ ഗോപാൽപൂർ കടൽത്തീരത്തെ അമ്മായി ശാന്തി കബീറിന്റെ സുഖവാസ വസതിയിൽ ഭാര്യയോടും ഭാര്യാമാതാവിനോടും അളിയൻ ഡോ. ഹഷാ കബീറിനോടും കുടുംബത്തോടുമൊപ്പം വിശ്രമിക്കുമ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായത്. 
ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, എൽ.കെ.അദ്വാനി തുടങ്ങിയവർ പിടിക്കപ്പെട്ട സ്ഥലങ്ങളിൽ തടവിലാക്കപ്പെട്ടപ്പോൾ ഒറീസയിൽ നിന്നും ഗുജറാത്തിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും താമസം മാറ്റി. ഇന്നത്തെപ്പോലെയുള്ള ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് ജോർജിന്റെ നീക്കം കേന്ദ്രസർക്കാരിന് വ്യക്തമായി അറിയാമായിരുന്നില്ല. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി കരുണാനിധിയുടെ വീട്ടിലായിരുന്നു താമസം. അവിടെ പെട്ടെന്ന് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചപ്പോൾ തീവണ്ടി കയറി എത്തിപ്പെട്ടത് കോഴിക്കോട്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് അധികം ദൂരെയല്ലാത്ത ഞാൻ ജോലി ചെയ്തിരുന്ന ഇന്ത്യൻ ബാങ്കിലേക്ക് അദ്ദേഹം കയറിവരികയായിരുന്നു. ഒരു പുരോഹിതനാണെന്ന് തോന്നിപ്പിക്കുന്ന വേഷമായിരുന്നുവെങ്കിലും പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായി. അന്ന് രാത്രി എന്റെ തറവാട് ഭവനമായ പാലാട്ട് ഹൗസിൽ താമസിച്ചശേഷം ബിഷപ്പ്‌സ് ഹൗസിലെ വികാരി ജനറലിന്റെ സഹായത്തോടെ കൊൽക്കത്തയിലേക്ക് പോയി. ഒരുപക്ഷെ ഈ സംഭവത്തോടെയാണ് ഞാനും ജോർജ് സാബും കൂടുതൽ അടുത്തത്. മാസങ്ങൾക്ക് ശേഷം കൊൽക്കത്തയിലെ ബിഷപ്പ്‌സ് ഹൗസിൽ വെച്ച് ജോർജ് പിടിക്കപ്പെട്ടു. അറസ്റ്റ് വാർത്ത ഒരു പോലീസുകാരൻ അമിത ആവേശത്തിൽ വിളിച്ചുകൂവിയത് 'റോയിട്ടർ' വാർത്താ ഏജൻസി ലോകം മുഴുവൻ റിപ്പോർട്ട് ചെയ്തു. അന്ന് യൂറോപ്പിൽ ചില സോഷ്യലിസ്റ്റ് സർക്കാരുകൾ അധികാരത്തിലുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ഇന്റർനാഷനലിൽ അവർക്ക് ജോർജുമായി അടുപ്പമുണ്ടായിരുന്നു. ജർമ്മൻ ചാൻസലർ വില്ലി ബ്രാൻഡ്, സ്വീഡൻ പ്രധാനമന്ത്രി ഒലോസ് പാൽദോ എന്നിവർ ഇന്ദിരാ ഗാന്ധിയെ വിളിച്ച്, ജോർജ് ഫെർണാണ്ടസിന്റെ ജീവന് വല്ലതും പറ്റിയാൽ തങ്ങൾ അതൊരിക്കലും സഹിക്കില്ലെന്ന് പറഞ്ഞു. അതായിരിക്കാം ജോർജിന്റെ ജീവൻ നിലനിർത്തിയത്. ജോർജിന്റെ വിവാഹത്തിന് ഇന്ദിരാഗാന്ധി പങ്കെടുത്തത് മറ്റൊരു ചരിത്രം.


50 വർഷത്തോളമായി ഫെർണാണ്ടസുമായി അടുപ്പമുണ്ട്. ഹുമയൂൺ കബീറിന്റെ കുടുംബവുമായിട്ടായിരുന്നു എന്റെ അടുപ്പം. മകൾ ലൈലയെ ഫെർണാണ്ടസ് 1972 ൽ വിവാഹം ചെയ്തതോടെയാണ് അദ്ദേഹത്തെ അറിഞ്ഞുതുടങ്ങിയത്. വിവാഹശേഷം വയനാട്ടിൽ ഹണിമൂണിന് വന്ന അവർ എന്നെ കാണാൻ കോഴിക്കോട്ടേക്ക് വന്നത് ഒരു അത്ഭുതമായിരുന്നു. ആ സൗഹൃദം വളർന്നു ശക്തിപ്പെട്ടു. ഇടക്കാലത്ത് ഭാര്യയുമായി അകന്നപ്പോഴും അദ്ദേഹം എന്നോടുള്ള സൗഹൃദം ശക്തിപ്പെടുത്തി. 1975 ൽ കോഴിക്കോട്ട് സോഷ്യലിസ്റ്റ് പാർട്ടി ദേശീയ സമ്മേളനം നടന്നപ്പോൾ ഭാര്യ ലൈലയേയും അന്ന് കൈക്കുഞ്ഞായിരുന്ന മകനെയും എന്റെ വീട്ടിൽ നിർത്തിയാണ് അദ്ദേഹം പാർട്ടി പരിപാടികൾക്ക് പോയത്. പിൽക്കാലത്ത് വലിയ വലിയ ഉന്നത പദവികളിൽ എത്തിയപ്പോഴും ഒരു ബന്ധുവിനെപ്പോലെ എന്നെ കൂടെക്കൂട്ടുകയായിരുന്നു. 
എന്നും ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. വസ്ത്രധാരണം പോലും ലളിതമായിരുന്നു. ആ ഇതിഹാസം എരിഞ്ഞടങ്ങി. എന്നാൽ ജോർജ് ഫെർണാണ്ടസ് എന്ന അത്ഭുതപ്രതിഭ ഒരു ഇതിഹാസമായിതന്നെ നിലനിൽക്കും. കാലം അദ്ദേഹത്തെ ഓർത്തെടുക്കും. ഡൽഹിയിൽ എല്ലാ ചടങ്ങുകൾക്കുംശേഷം രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയത്. മകൻ ജോലിസ്ഥലമായ അമേരിക്കയിലേക്ക് തിരിച്ചുപോയി. ലൈലയോട് യാത്ര പറയുമ്പോൾ അവർക്ക് ഏകാന്തത അനുഭവപ്പെടുന്നതായി തോന്നി. എന്നാൽ അവർ ദൃഢചിത്തയായിരുന്നു. നിരാശയോ നിസ്സഹായതയോ പ്രകടമായില്ല. 


 

Latest News