Tuesday , May   21, 2019
Tuesday , May   21, 2019

മക്കളെ പഠിപ്പിക്കാന്‍ പ്രവാസികള്‍ വിയര്‍പ്പൊഴിക്കി; ഇപ്പോള്‍ ഇന്ത്യ ഫലം കൊയ്യുന്നു

ചൈനയുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയും പുരോഗതിയും യാഥാർഥ്യമായി കഴിഞ്ഞിരിക്കുന്നു. ചൈനക്കു പിന്നാലെ ലോകത്തെ ആരാണ് അമ്പരിപ്പിക്കുക?. വെളിച്ചം വരുന്ന കിഴക്കിന്റെ അത്ഭുതങ്ങൾ അവസാനിച്ചു കഴിഞ്ഞോ? നിശ്ശബ്ദരായ വ്യാപാരികളും നാവികരും വഴി തങ്ങളുടെ മാസ്മരികത ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കിഴക്ക് എത്തിക്കുകയായിരുന്നു. 
സൗദിയിലെ ജനവാസ കേന്ദ്രങ്ങളിലും ഗലികളിലും പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ചെറിയ കടകൾ കണ്ടാണ് കുട്ടിക്കാലത്ത് ഞങ്ങൾ വളർന്നത്. ശാന്തനും നിശ്ശബ്ദനുമായ ഒരാളെ മാത്രമേ ഇത്തരം കടകളിൽ കാണുന്നതിന് കഴിയുകയുള്ളൂ. അക്കങ്ങളുടെ ഭാഷ മാത്രമാണ് അവർക്ക് നന്നായി അറിയുക. സൗദിയിൽ വർഷങ്ങൾ കഴിഞ്ഞാലും അറബി ഭാഷ അവർ മെച്ചപ്പെടുത്തുകയോ മറ്റു നൈപുണ്യങ്ങൾ ആർജിക്കുകയോ കഴിവുകൾ പരിപോഷിപ്പിക്കുകയോ ചെയ്യില്ല. എന്നാൽ മൊത്ത വ്യാപാരികളുമായി എങ്ങിനെ വിലപേശൽ നടത്താമെന്നും തന്റെ ചെറിയ കടയിൽ സാധനങ്ങൾ എങ്ങിനെ നന്നായി അടുക്കി വെക്കാമെന്നും കാൽ റിയാലും അര റിയാലും എങ്ങിനെ കണക്കുകൂട്ടാമെന്നും കടയിലെ ഇന്ത്യക്കാരന് നന്നായി അറിയും. 
വാർഷിക അവധിയിൽ നാട്ടിൽ പോകാനാകുമ്പോൾ കടയിൽ തന്റെ സുഹൃത്തിനെയോ ബന്ധുവിനെയോ പകരക്കാരനാക്കുകയാണ് ഇന്ത്യക്കാരൻ ചെയ്യുക. നാട്ടിൽ പോകുന്ന ഇന്ത്യക്കാരൻ ചിലപ്പോൾ തിരിച്ചുവന്നേക്കില്ല. എങ്കിലും പ്രദേശത്തെ കട മുടക്കം കൂടാതെ പ്രവർത്തിക്കും. നാട്ടിൽ പോയ ഉടമയായ ഇന്ത്യക്കാരന്റെ മൗനത്തിന് സദൃശ്യമായ നിശ്ശബ്ദതയോടെയും അത്ഭുതകരമായ ചെറുത്തുനിൽപിലൂടെയും സ്ഥാപനം പ്രവർത്തനം തുടരും. 
എന്റെ സമപ്രായക്കാരെ പോലെ ഞാനും ഇന്ത്യൻ സിനിമകൾ ഓർക്കുന്നു. ഒരു ഇന്ത്യൻ സിനിമ കണ്ടാൽ അതിലെ വർണ ദൃശ്യങ്ങൾ ഒരാഴ്ചക്കാലം കണ്ണുകളിലുണ്ടാകും. സങ്കൽപങ്ങൾക്കും അപ്പുറമുള്ള ഇന്ത്യൻ ഡ്രാമകൾ കണ്ട് നാം എത്രമാത്രം പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകളിൽ പ്രതികാരം ചെയ്യുന്നതിന് കാമുകൻ എന്തായാലും ഒരിക്കൽ തിരിച്ചെത്തും. വില്ലന്മാരെ നിഷ്പ്രഭരാക്കി ദരിദ്രന് അവസാനം തന്റെ ഇഷ്ടഭാജനത്തെ ലഭിക്കും. ഇന്ത്യയിൽ എന്നും സ്വപ്‌നങ്ങൾക്കാണ് വിജയം. നദിക്കരകളിലും അമ്പലങ്ങൾക്കു സമീപവും മറ്റുമുള്ള കുടിലുകളിലും ചേരികളിലും കഴിയുന്ന ദരിദ്ര നാരായണന്മാർക്ക് സ്‌ക്രീനിലെ സങ്കൽപ ജീവിതങ്ങൾ പ്രചോദനവും പ്രതീക്ഷയും നൽകുന്നു. 
കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിൽ മൊറോക്കൊയുമായുള്ള പുതിയ കരാർ ഇന്ത്യൻ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീരത്തേക്ക് ഇന്ത്യൻ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള കരാറായിരുന്നില്ല ഇത്. മറിച്ച്, വ്യോമയാന മേഖലയിൽ സഹകരണം ശക്തമാക്കുന്നതിനുള്ളതായിരുന്നു അത്. എന്തിനാണ് മൊറോക്കൊയുമായി ഇന്ത്യ വ്യോമയാന സഹകരണം ശക്തമാക്കുന്നത്. ഇന്ത്യയും മൊറോക്കൊയും തമ്മിൽ ഒരു പകൽ ദൈർഘ്യം ദൂരമുണ്ട്. ഇത്രയേറെ ദൂരത്ത് കിടക്കുന്ന മൊറോക്കൊയും ഇന്ത്യയും വ്യോമയാന സഹകരണ കരാർ ഒപ്പുവെക്കുന്നതിലൂടെ വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത്. 
ചൈനീസ് വിനോദ സഞ്ചാരികളെ മൊറോക്കൊ വിസയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോകത്തെ ആകെ വിനോദ സഞ്ചാരികളിൽ നാലിലൊന്നും ചൈനക്കാരാണ്. ചൈനക്കാരെ വിസാ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഇന്ത്യൻ സമ്പന്നരുടെ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നതിന് മൊറോക്കൊ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ സമ്പന്നരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. 
നല്ല ടൈമിംഗ്, കഠിനാധ്വാനം, സാമർഥ്യം, ഭാഗ്യം എന്നീ നാലു കാരണങ്ങളാൽ ഇന്ത്യക്കാർ അമേരിക്കയിലെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ കൈക്കലാക്കിയതായി തോമസ് ഫ്രീഡ്മാൻ വിശ്വസിക്കുന്നു. 
എന്നാൽ ഇത് എനിക്ക് പൂർണമായും അംഗീകരിക്കുന്നതിന് കഴിയില്ല. എന്നെ സംബന്ധിച്ചേടത്തോളം ഇന്ത്യയുടെ വളർച്ച ഒരു വർഷത്തിലോ ഒരു മാസത്തിലോ ഒരു ദിവസത്തിലോ പെട്ടെന്നുണ്ടായതോ അപ്രതീക്ഷിതമായി സംഭവിച്ചതോ അല്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് നാലു ദശകമായി ഇന്ത്യക്കാർ അഭംഗുരം ശ്രമിച്ചുവരികയായിരുന്നു. ഇപ്പോൾ അത് ഫലം ചെയ്യുന്നതിന് തുടങ്ങിയിരിക്കുന്നു. കഠിനാധ്വാനം ചൈനക്കാരുടെ സവിശേഷതയാണ്. എന്നാൽ ഇന്ത്യക്കാരുടെ അവിരാമവൃത്തി കഠിനാധ്വാനത്തിന് പകരം നിൽക്കുന്നു. വിദ്യാഭ്യാസവും വഴികാട്ടലുമില്ലാതെയുള്ള പാടവം അക്കങ്ങളുടെ ലോകത്ത് ഒന്നിനും സമമല്ല. 130 കോടിയിലേറെ ജനസംഖ്യയുള്ള ഒരു രാജ്യം തുടർച്ചയായി മൂന്നു ദശകത്തിലേറെ കാലം സാമ്പത്തിക വളർച്ച നേടിയതിന് ന്യായീകരണമായി ഭാഗ്യത്തെ കാണുന്നതിനെ താൻ അംഗീകരിക്കുന്നില്ല. 
സബ്‌കോൺട്രാക്ടർമാർ എന്ന് തോമസ് ഫ്രീഡ്മാൻ 2004 ൽ വിശേഷിപ്പിച്ച ഇന്ത്യൻ പ്രോഗ്രാമർമാർ പത്തു വർഷത്തിനുള്ളിൽ സിലിക്കൺ വാലിയിൽ പതിനഞ്ചിലേറെ ടെക്‌നോളജി കമ്പനികൾ സ്ഥാപിച്ചു. അമേരിക്കൻ ഡിസൈനർമാരുടെ പ്രൊജക്ടുകൾ പൂർത്തിയാക്കിയിരുന്നത് ഇന്ത്യൻ പ്രോഗ്രാമർമാരായിരുന്നു. ഇക്കാരണത്താലാണ് അവരെ സബ്‌കോൺട്രാക്ടർമാർ എന്ന് ഫ്രീഡ്മാൻ വിശേഷിപ്പിച്ചത്. 
സിലിക്കൺ വാലിയിൽ ജോലി തുടങ്ങുന്ന അമേരിക്കക്കാർ ഉറങ്ങുന്നതിന് പോകുന്നതിനു മുമ്പായി, തങ്ങൾക്ക് പൂർത്തിയാക്കുന്നതിന് കഴിയാത്ത ജോലികൾ ഇ-മെയിൽ വഴി ഇന്ത്യക്കാർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഇന്ത്യയിലെയും അമേരിക്കയിലെയും പ്രാദേശിക സമയങ്ങൾ തമ്മിലെ അന്തരം അവർ പ്രയോജനപ്പെടുത്തുകയായിരുന്നു. അമേരിക്കക്കാർ ഉറക്കമുണരുമ്പോഴേക്ക് ഇന്ത്യക്കാർ ഏൽപിക്കപ്പെട്ട ജോലി പൂർത്തിയാക്കി തിരിച്ച് അയച്ചുകൊടുത്തിട്ടുണ്ടാകും. ഇന്ത്യക്കാരുടെ കുറഞ്ഞ വേതനവും കൂടിയ ഉൽപാദനക്ഷമതയും അമേരിക്കക്കാർ നന്നായി മുതലെടുത്തു. അമേരിക്കക്കാരുടെ പുറം തൊഴിൽ കരാറുകൾ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തി. 
അമേരിക്കയിൽ ടെക്‌നോളജി കമ്പനി സ്ഥാപകരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. അമേരിക്കയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ബ്രിട്ടീഷുകാരുടെയും ചൈനക്കാരുടെയും തായ്‌വാൻകാരുടെയും ജപ്പാൻകാരുടെയും ആകെ എണ്ണത്തേക്കാൾ കൂടുതലാണ് ഇന്ത്യക്കാരുടെ എണ്ണം. 
പുതിയ സമൂഹത്തിലും സാഹചര്യത്തിലും പൂർണ തോതിലുള്ള ലയിക്കൽ, കഠിനാധ്വാനം ചെയ്യുന്നതിനുള്ള ക്ഷമ, മാറങ്ങളുമായി വേഗത്തിൽ സമരസപ്പെട്ടു പോകുന്നതിനുള്ള കഴിവ്, പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വലിയ നേട്ടങ്ങൾ സാക്ഷാൽക്കരിക്കൽ, കമ്പനിയുടെ ഓഹരിയുടമകളെക്കാൾ ഉപരി കുടുംബത്തിനും സമൂഹത്തിനും ജീവനക്കാർക്കും ഊന്നൽ നൽകൽ എന്നിവയാണ് ഇന്ത്യക്കാരുടെ വിജയത്തിനു പിന്നിലെ ഘടകങ്ങളെന്ന നിരീക്ഷണമാണ് തോമസ് ഫ്രീഡ്മാൻ പറഞ്ഞ കാരണങ്ങളെക്കാൾ കൂടുതൽ യുക്തിക്ക് നിരക്കുന്നത്. 
നാസയിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരിൽ നാൽപതു ശതമാനം ഇന്ത്യക്കാരാണ്. അമേരിക്കയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ 38 ശതമാനവും ഇന്ത്യക്കാരാണ്. 
മൈക്രോസോഫ്റ്റ്, ഐ.ബി.എം കമ്പനി ജീവനക്കാരിൽ മൂന്നിലൊന്നും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരനായ സുന്ദർ പിച്ചൈ ആണ് ഗൂഗിൾ സി.ഇ.ഒ. പത്തു കോടി ഡോളർ പ്രതിവർഷ വേതനം നിശ്ചയിച്ചാണ് ഈ സ്ഥാനത്ത് സുന്ദർ പിച്ചൈയെ ഗൂഗിൾ നിയമിച്ചത്. മൈക്രോസോഫ്റ്റ് സി.ഇ.ഒ ആയ സത്യ നാദെല്ലയും ഇന്ത്യക്കാരനാണ്. സത്യ നാദെല്ലയുടെ പ്രതിവർഷ വേതനം എട്ടര കോടി ഡോളറാണ്. ഗൂഗിളിലെ പുതിയ പദവി ഏറ്റെടുത്തതിലൂടെ സുന്ദർ പിച്ചൈയുടെ സമ്പത്ത് 65 കോടി ഡോളറായി മാറിയിട്ടുണ്ട്. പെപ്‌സി, ഓഡി, മാസ്റ്റർ കാർഡ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പദവികൾ വഹിക്കുന്നത് ഇന്ത്യക്കാരാണ്. 
ഇന്ത്യയിലെ ദരിദ്രനാരായണന്മാർക്ക് 'ഇന്ത്യൻ സ്വപ്‌നം' പൂവണിയിക്കുന്നതിനുള്ള പ്രചോദനമാണ് ഇവരുടെ വളർച്ചകളും വിജയങ്ങളും. 'ഇന്ത്യൻ സ്വപ്‌നം' 'അമേരിക്കൻ സ്വപ്ന'ത്തെ പോലും മറികടക്കുന്നു. 
പതിനഞ്ചു വയസ് പിന്നിടാത്ത സാക്ഷം കർവാൽ ഐ.ഐ.ടിയിൽ ചേർന്ന് ഉപരിപഠനം പൂർത്തിയാക്കുന്നതും ലോകത്തെ മുൻനിര കമ്പനിയിൽ ജോലി ചെയ്യുന്നതും സ്വപ്‌നം കാണുന്നു. ഈ സ്വപ്‌നം സാക്ഷാൽക്കരിക്കുന്നതിൽ നിന്ന് സാക്ഷം കർവാലിനെ ആർക്കും തടയുന്നതിന് കഴിയില്ല. കാരണം, നിലവിലെ ഗൂഗിൾ സി.ഇ.ഒ കാൽനൂറ്റാണ്ടു മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്നാണ് ബിരുദം നേടി പുറത്തിറങ്ങിയത്. 
ഇന്ത്യൻ സമ്പന്നരെ വിസാ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുക മൊറോക്കൊ മാത്രമായിരിക്കില്ല. കാരണം, ഇന്ത്യയുടെ ഉയർച്ച ലോകം കാണാൻ പോവുകയാണെന്ന കാര്യത്തിൽ സംശയമില്ല. വിദേശങ്ങളിൽ താഴെക്കിടയിലുള്ള ജോലികൾ നിർവഹിക്കുന്ന ഇന്ത്യക്കാർക്ക് പ്രവാസ ജീവിതം തുടരുന്നതിന് പ്രധാന പ്രചോദനം മക്കളുടെ മികച്ച വിദ്യാഭ്യാസമാണ്. 
ലക്ഷക്കണക്കിന് കംപ്യൂട്ടർ പ്രോഗ്രാമർമാരും മാനേജ്‌മെന്റ് വിദഗ്ധരുമാണ് ഓരോ വർഷവും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങി ലോകത്ത് വിജയങ്ങൾ വെട്ടിപ്പിടിക്കുന്നതിന് ശ്രമിക്കുന്നത്. 

(അശ്ശർഖുൽ ഔസത്തിൽ നിന്ന്) 

Latest News