Sunday , May   26, 2019
Sunday , May   26, 2019

ഇങ്ങനേയുമാകാം രാഷ്ട്രീയം 

ചില കാര്യങ്ങൾ സമയത്ത് തോന്നുകയെന്നത് നല്ല രാഷ്ട്രീയക്കാരന്റെ മാത്രമല്ല, രാജ്യതന്ത്രജ്ഞന്റേയും ലക്ഷണമാണ്. പൊളിറ്റിഷ്യനും സ്റ്റേറ്റ്‌സ്മാനും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിർവരമ്പുമാണ് അതെന്ന് പറയാം. അങ്ങനെ നോക്കുമ്പോൾ ശശി തരൂർ എന്ന രാഷ്ട്രീയക്കാരനെ, എഴുത്തുകാരനെ രാജ്യതന്ത്രജ്ഞൻ എന്ന് വിളിച്ചാൽ അധികമാവില്ല എന്ന് തോന്നുന്നു.
കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത അദ്ദേഹത്തിന്റെ വൈഭവം കാണാതിരിക്കാനാവില്ല. ആസന്നമായ തെരഞ്ഞെടുപ്പിലും തരൂർ തിരുവനന്തപുരത്തുനിന്ന് മത്സരിക്കും. അദ്ദേഹത്തിന്റെ മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികൾ നിർണായകമായ ഒരു വോട്ട് ബാങ്കാണുതാനും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ ഓർമയില്ലേ... ഒ. രാജഗോപാലും ശശി തരൂരും ഇഞ്ചോടിഞ്ചു പൊരുതി നിന്ന ആകാംക്ഷയുടെ നിമിഷങ്ങൾ. ഒടുവിൽ ബീമാപ്പള്ളിയും വള്ളക്കടവും എണ്ണിയപ്പോഴാണ് തരൂരിന്റെ ശ്വാസം നേരെ വീണത്. രണ്ടും മത്സ്യത്തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും സ്വാധീനമുള്ള പ്രദേശങ്ങൾ.
എന്നാൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഉപയോഗിക്കുകയെന്ന കുത്സിത പ്രവർത്തനം നൊബേൽ ശുപാർശക്കത്തിൽ ആരോപിച്ചാൽ പോലും അതിലടങ്ങിയിരിക്കുന്ന മഹത്വത്തെ കാണാതിരിക്കാനാവില്ല. നൊബേൽ പുരസ്‌കാര സമിതിക്ക് താനയച്ച കത്ത് തരൂർ അദ്ദേഹത്തിന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിന് താഴെ അനേകം ആളുകൾ അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. അതെല്ലാം തന്നെ തരൂരിന്റെ സമയോചിതമായ ഇടപെടലിനെ വാഴ്ത്തുന്നതാണ്. തെരഞ്ഞെടുപ്പ് ദുഷ്ടലാക്ക് ആരോപിച്ചവരും ഇല്ലാതില്ല. എന്നാൽ തരൂരിന്റെ രാഷ്ട്രീയ ജീവിതം ഇത്തരം ആരോപണങ്ങളെ മുഖവിലക്കെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ല.
ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസും കോടതി വ്യവഹാരവുമെല്ലാം തരൂരിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിഴൽ വീഴ്ത്തിയെന്നത് ശരിയാണെങ്കിലും അതിനെ അദ്ദേഹം നേരിട്ട രീതിയും നിർഭയമായി സർക്കാരിനെതിരായ വിമർശങ്ങൾ തുടർന്നതും അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്റെ മികവ് തെളിയിക്കുകയാണ്. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴും അദ്ദേഹം സുനന്ദ കേസിൽ കോടതിയിൽ വിചാരണ നേരിടാൻ ഒരുങ്ങുകയാണ്. അസാധാരണമായ വിപദിധൈര്യത്തോടെയാണ് ഈ വിഷയത്തെ തരൂർ നേരിട്ടത്. കോൺഗ്രസിനോട് അടുത്തു നിൽക്കുന്ന രാജ്യാന്തര പ്രശസ്തനായ ഒരു നയതന്ത്രജ്ഞനെ ഉലക്കാനുള്ള ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയം കേസിൽ ആരോപിക്കപ്പെടുന്നു. താൻ തെറ്റു ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെയാണ് തരൂർ ആദ്യം മുതൽ നിലകൊണ്ടത്. തന്നെ വേട്ടയാടാനുള്ള നീക്കങ്ങളെ കോടതിയുടെ സഹായത്തോടെ അദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു. ഒരുപക്ഷേ ഒരു ഒറ്റയാൾ പോരാട്ടമാണ് തരൂർ നടത്തിയത്, കോൺഗ്രസ് നേതാക്കളായ ഉന്നത അഭിഭാഷകർഅദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെങ്കിൽ കൂടി.


പ്രളയം വന്നു നാടിനെ മൂടുമ്പോൾ ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്. പോലീസിനോ, സൈന്യത്തിനോ, സർക്കാരിനോ ഉള്ള നിയമപരമായ ഉത്തരവാദിത്തമല്ല അത്, മറിച്ച് ധാർമികമായ ഉത്തരവാദിത്തം. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചും അത്രമാത്രം, സാധാരണ ഒരു പൗരനുണ്ടായിരിക്കേണ്ട ഉത്തരവാദിത്തം മാത്രമേ ഇക്കാര്യത്തിലുണ്ടായിരുന്നുള്ളൂ. എന്നാൽ അവർ, സന്ദർഭത്തിനനുസരിച്ച് ഉയരുകയും പ്രളയ ദുരന്തത്തിൽപെട്ടു പോയ സഹോദരന്മാർക്കായി ത്യാഗപൂർണമായ പരിശ്രമങ്ങളിലേർപ്പെടുകയും ചെയ്തു. തീർച്ചയായും ലോകത്തിന്റെ പ്രശംസയും ആദരവും പിടിച്ചുപറ്റിയതാണ് ഈ മഹത്തായ സേവനം. അതിന് നൊബേൽ സമ്മാനത്തിന്റെ സ്പർശം കൂടി നൽകാനുള്ള തരൂരിന്റെ ഓർമപ്പെടുത്തൽ അതിനാൽ തന്നെ യഥാസമയത്ത് തോന്നിയ ഒരു നന്മയാണ്.
തരൂരിലെ രാഷ്ട്രീയക്കാരനെ യഥാർഥത്തിൽ കേരളം വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലഎന്നതാണ് യാഥാർഥ്യം. രണ്ടു തവണ തലസ്ഥാനത്തിന്റെ എം.പിയായിരുന്ന അദ്ദേഹം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനാണ്. പലരും വിശേഷിപ്പിക്കും പോലെ അദ്ദേഹം ഒരു ലോകപൗരനാണ്. വിദേശ വിദ്യാഭ്യാസവും ഐക്യരാഷ്ട്ര സഭയിലെ സേവനവും മാത്രമല്ല, വിപുലമായ സഞ്ചാരങ്ങളും ആഗോള തലത്തിലെ പല സുപ്രധാന സംഭവങ്ങളുമായുള്ള നേരിട്ടുള്ള ബന്ധങ്ങളുമൊക്കെ അദ്ദേഹത്തിലെ വിശ്വപൗരനെ മിനുക്കിയെടുത്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിന് മാതൃകാപരമായ ചില പദ്ധതികളൊക്കെ കൊണ്ടുവരാൻ തന്റെ വിദേശ ബന്ധങ്ങളെ ഉപയോഗിക്കാൻ തരൂർ ശ്രമിച്ചിരുന്നുവെങ്കിലും നമ്മുടെ നാട്ടിലെ സങ്കുചിത രാഷ്ട്രീയത്തിന്റെ ബലിക്കല്ലിൽ അവയെല്ലാം അമർന്നുപോയി. പിന്നീട് അത്തരം സാഹസിക ദൗത്യങ്ങൾക്ക് അദ്ദേഹം മുതിർന്നില്ലെന്നതാണ് വാസ്തവം.
ഐക്യരാഷ്ട്ര സഭയിലെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചുകൊണ്ട് ഇന്ത്യയുമായുള്ള പൊക്കിൾകൊടി ബന്ധം വീണ്ടെടുത്ത തരൂരിന്, യു.എൻ മേധാവിയുടെ കസേരയിലെത്താനായില്ലെങ്കിലും, അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ കണ്ടെത്താൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗിന് കഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാനും വിജയിക്കാനും അദ്ദേഹത്തിന് സാധിച്ചു. മൻമോഹൻ മന്ത്രിസഭയിൽ വിദേശകാര്യ സഹമന്ത്രിയായി. എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിത്തട്ട് പ്രതിഭാസങ്ങളെക്കുറിച്ച് അജ്ഞനായിരുന്നതിനാൽ വേഗം ആ മന്ത്രിസ്ഥാനം തെറിച്ചു. കാറ്റിൽക്ലാസും ഐ.പി.എല്ലും ഒക്കെ നിഴൽ വീഴ്ത്തിയെങ്കിലും അതിൽനിന്നെല്ലാം കരകയറാൻ പരിണതപ്രജ്ഞനായ തരൂരിന് സാധിച്ചു. 
തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും സാഹിത്യത്തിന്റേയും എഴുത്തിന്റേയും ലോകത്തുനിന്ന് വിരമിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ജയ്പൂർ സാഹിത്യോത്സവത്തിലെ സ്ഥിരം അതിഥിയായ തരൂർ, സർഗരചനകളിൽനിന്ന് രാഷ്ട്രീയ രചനകളിലേക്ക് കൂടി തിരിയുന്നതാണ് നാം കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചെഴുതിയ ഏറ്റവും പുതിയ പുസ്തകം അദ്ദേഹത്തെ ഒരിക്കൽ കൂടി ബി.ജെ.പിയുടെ കണ്ണിലെ കരടാക്കി. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അപകടങ്ങളെക്കുറിച്ച് എപ്പോഴും അദ്ദേഹം സമൂഹത്തെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മോഡിയെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചും അപ്രിയമായ സത്യങ്ങൾ വിളിച്ചുപറയാൻ തരൂർ ഭയന്നില്ല. അതിനാൽ തന്നെ, ആസന്നമായ തെരഞ്ഞെടുപ്പിൽ ഒരു സാധാരണ സ്ഥാനാർഥിയേക്കാൾ കവിഞ്ഞ പ്രസക്തി തരൂരിനുണ്ട്.
തരൂരിനെപ്പോലെയുള്ള ഒരു മുഖ്യമന്ത്രിയെയാണ് നമുക്ക് വേണ്ടതെന്ന് ഒരു ടി.വി ചർച്ചയിൽ ബിരുദ വിദ്യാർഥി പറയുന്നത് ഒരിക്കൽ കേട്ടപ്പോൾ, നമ്മുടെ ഭരണ രംഗത്തുണ്ടാകേണ്ട ചില മാറ്റങ്ങളെക്കുറിച്ച് യുവാക്കൾക്കുള്ള സങ്കൽപം കൂടിയാണ് പുറത്തുവരുന്നതെന്ന് തോന്നി. വി.എസ് അച്യുതാനന്ദനോ, ഉമ്മൻ ചാണ്ടിയോ ഒക്കെ പോലെ ജനങ്ങളോടും അവരുടെ പ്രശ്‌നങ്ങളും നിതാന്ത ജാഗ്രതയോടെ ഇടപെട്ട നേതാക്കളെ ഒരിക്കലും ഇകഴ്ത്തിക്കാണിക്കാനല്ല ആ വിദ്യാർഥി ശ്രമിച്ചതെന്നത് ഉറപ്പാണ്. പകരം, നമ്മുടെ ഭരണം പുതിയ കാഴ്ചപ്പാടുകളും ആധുനിക സമീപനങ്ങളും കൂടി ഉൾക്കൊണ്ട് മുന്നേറുന്നതിനെക്കുറിച്ചാണ് അയാൾ പറഞ്ഞത്. തരൂരിനെപ്പോലെ ചുരുക്കം ആളുകൾക്ക് മാത്രമാണ് രാഷ്ട്രീയക്കാർക്കിടയിൽ അത്തരം ചലനങ്ങൾ സൃഷ്ടിക്കാനാവുക. പോസ്റ്ററെഴുതിയും മുദ്രാവാക്യം വിളിച്ചുമുള്ള രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വിശേഷിച്ചും. 
മത്സ്യത്തൊഴിലാളികൾക്ക് നൊബേൽ കിട്ടുകയോ, കിട്ടാതിരിക്കുകയോ ചെയ്യട്ടെ, തരൂർ ഉയർത്തിയ ഈ ആവശ്യം അങ്ങേയറ്റം പ്രശംസനീയവും മഹത്തരവും- തരൂരിന്റെ ട്വിറ്റർ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയാണ്. ഈ കുറിപ്പും ഇങ്ങനെത്തന്നെ സംഗ്രഹിക്കാമെന്ന് തോന്നുന്നു. രാഷ്ട്രീയക്കളി എന്നു തോന്നുന്ന ചില കാര്യങ്ങളേയും രാഷ്ട്രീയത്തിനതീതമായി ഉയർത്തിപ്പിടിക്കേണ്ട സന്ദർഭങ്ങൾ പൊതുരംഗത്ത് ഉണ്ടാകാം. തീർച്ചയായും മത്സ്യത്തൊഴിലാളികൾക്കായുള്ള തരൂരിന്റെ ഈ ചുവടുവെപ്പ് അത്തരമൊരു സന്ദർഭത്തെ തന്നെയാണ് കുറിക്കുന്നത്. അത് സാർഥകമായൊരു ചുവടുവെപ്പായി മാറട്ടെ എന്ന് മാത്രം ആശംസിക്കാം.

Latest News