Thursday , May   23, 2019
Thursday , May   23, 2019

ലോക കേരള സഭ പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും- മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനം ദുബായ് ഇത്തിസാലാത്ത് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

ദുബായ്-  പ്രവാസികളുടെ പൊതുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനും ലോകകേരള സഭ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ കേരളത്തിന്റെ അഭിവാജ്യ ഘടകമാണ്. നമ്മുടെ സമ്പദ്ഘടനയുടെയും സാമൂഹിക ജീവിതത്തിന്റെയും സുപ്രധാന മേഖലകളില്‍ ഒന്നായ പ്രവാസ ലോകത്തെ ഗൗരവ ബുദ്ധിയോടെ അവതരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ചുവടുവെപ്പാണ് ലോക കേരള സഭ. ജനാധിപത്യ സംവിധാനത്തില്‍ എല്ലാ വിഭാഗം ആളുകളുടെയും ശബ്ദം ശ്രവിക്കാനും പരിഗണിക്കാനും അവസരമൊരുക്കുന്നതിനാണ് ഈ സഭ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭ രൂപീകരണ സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചു ഏഴു സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലൂടെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായും അദ്ദേഹം പറഞ്ഞു. ഈ സമ്മേളനത്തില്‍ ഉയരുന്ന പ്രശ്‌നങ്ങളെ ഗൗരവമായി കണക്കിലെടുത്ത് തുടര്‍നീക്കങ്ങള്‍ നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ലോകത്തോളം വളരുകയാണെന്നും വിശ്വ മാനവികത മുഖ മുദ്രയാക്കിയാണ് കേരള മുന്നേറുന്നതെന്നും ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന കേരളീയരെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ലോക കേരള സഭ നിര്‍ഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുനന്മയിലൂന്നിയാണ് ലോക കേരള സഭയുടെ പ്രവര്‍ത്തനം.  
പ്രളയസമയത്ത് കേരളത്തിന്റെ ഒരുമ നാം കണ്ടതാണ്. പണമായും മരുന്നായും മറ്റ സഹായങ്ങളായും പ്രവാസികള്‍ നല്‍കിയ സഹായങ്ങള്‍ വളരെ വലുതാണ്. ആ സഹായങ്ങള്‍ക്ക് നന്ദി പറയാന്‍ ഈ വേദി ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ ഇന്നലെ രാവിലെ പൊതു ചര്‍ച്ചയോടെയാണ് ലോക കേരള സഭക്ക് തുടക്കമായത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏഴ് ഉപസമിതികള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളിലെ ചര്‍ച്ചയാണ് രണ്ടു ദിവസമായി നടക്കുന്നത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവിനെ പ്രതിനിധീകരിച്ചു കെ.സി ജോസഫ് എം.എല്‍.എ സംസാരിച്ചു. എം.എ യുസുഫ് അലി, രവി പിള്ള, ആസാദ്  മൂപ്പന്‍, എം.എല്‍.എ മാരായ പി.കെ ബഷീര്‍, പി.ജെ ജോസഫ്, കാരാട്ട് റസാക്ക്, എന്‍.വി ഇബ്രാഹിം  എന്നിവര്‍ സംബന്ധിച്ചു.


 

 

 

 

Latest News