Wednesday , March   20, 2019
Wednesday , March   20, 2019

സിന്ധു ഫൈനലില്‍, സയ്‌ന സെമിയില്‍

ഗുവാഹതി - രണ്ടാം ഗെയിമില്‍ കനത്ത വെല്ലുവിളി നേരിട്ടുവെങ്കിലും പി.വി സിന്ധു ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. രണ്ടാം ഗെയിമില്‍ 16-19 നു പിന്നിലാവുകയും ആദ്യ മാച്ച് പോയന്റ് പാഴാക്കുകയും ചെയ്ത ശേഷം സിന്ധു 21-10, 22-20 ന് അഷ്മിത ചാലിഹയെ സെമി ഫൈനലില്‍ തോല്‍പിച്ചു. അസംകാരിയായ അഷ്മിതയുടെ കുതിപ്പ് ആതിഥേയ കാണികള്‍ക്ക് ഹരം പകര്‍ന്നിരുന്നു. രണ്ടു തവണ ദേശീയ ചാമ്പ്യനായ സിന്ധു ഇത്തവണ ടോപ് സീഡാണ്. പത്തൊമ്പതുകാരി അഷ്മിത നാലാം സീഡും. 
സിന്ധു ജയിച്ചെങ്കിലും അഷ്മിതയുടെ പ്രതിഭയുടെ പ്രദര്‍ശനമായി ഈ മത്സരം. കരുത്തയായ എതിരാളിക്കെതിരെ കളിക്കുന്നതിന്റെ യാതൊരു പിരിമുറുക്കവും യുവതാരം പ്രകടിപ്പിച്ചില്ല. രണ്ടാം ഗെയിമില്‍ സിന്ധുവിന് തന്റെ പരിചയസമ്പത്ത് മുഴുവന്‍ പുറത്തെടുക്കേണ്ടി വന്നു.
കോര്‍ടിന്റെ മോശം അവസ്ഥ കാരണം കഴിഞ്ഞ ദിവസം കളിക്കാതെ പിന്മാറിയ നിലവിലെ വനിതാ ചാമ്പ്യന്‍ സയ്‌ന നേവാള്‍, ഭര്‍ത്താവ് പരുപ്പള്ളി കശ്യപ്, സൗരഭ് വര്‍മ എന്നിവര്‍ തിരിച്ചെത്തി. രണ്ടാം സീഡായ സയ്‌ന 21-10, 21-10 ന് മഹാരാഷ്ട്രയുടെ വെറ്ററന്‍ താരം നേഹ പണ്ഡിറ്റിനെ തകര്‍ത്ത് സെമി ഫൈനലിലെത്തി. 2012 ലെ ചാമ്പ്യനായ കശ്യപ് 21-18, 21-16 ന് ബോദിത് ജോഷിയെ കീഴടക്കി. രണ്ടു തവണ ചാമ്പ്യനായിരുന്നുവെങ്കിലും ഇത്തവണ സീഡിംഗ് ലഭിച്ചിട്ടില്ലാത്ത സൗരഭ് വര്‍മ 21-11, 21-23, 21-18 ന് രണ്ടാം സീഡ് സായ്പ്രണീതിനെ അട്ടിമറിച്ചു. 
വനിതാ ഡബ്ള്‍സില്‍ മലയാളി ജോഡി അപര്‍ണ ബാലനും ശ്രുതി കെ.പിയും സെമി ഫൈനലില്‍ പൊരുതിത്തോറ്റു. സീഡില്ലാത്ത ശിഖ ഗൗതമും അശ്വിനി ഭട്ടും 21-19, 24-22 ന് അവരെ മറികടന്നു. 

Latest News