Thursday , May   23, 2019
Thursday , May   23, 2019

കറുത്ത ജീവിതത്തിന്റെ അദ്ഭുത തേജസ്സ്‌

ഒപെറാ വിൻഫ്രെ

ഞാൻ  മരിക്കാൻ പോവുകയാണ്. എന്റെ ചെടികൾ നശിച്ചു പോകാതെ നോക്കണം, വെള്ളമൊഴിച്ചു കൊടുക്കണം.
ലോകം കണ്ട വലിയ ഒരു കലാകാരി ഒരു നിമിഷം ഒന്ന് പതറിപ്പോയപ്പോൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പാണിത് . അടുത്ത നിമിഷം തന്നെ പക്ഷേ അവർ അവരുടെ മനക്കരുത്തു വീണ്ടെടുത്തു, ഇല്ല മരിക്കാൻ കഴിയില്ല. എത്രയോ  നന്മകൾ ജീവിതത്തിൽ വരാനിരിക്കുന്നുണ്ട്. ഒരു പാട് കാര്യങ്ങളിൽ ലോകത്തു ഒന്നാമതായ ഒപേറാ വിൻഫ്രെ ആണ് ഇങ്ങനെ ചെയ്തത്. മാധ്യമ രംഗത്ത് മറ്റാർക്കും കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കുമ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു ചിതറൽ അനുഭവിക്കുകയാണ് അവർ. എണ്ണിയാൽ തീരാത്ത ദുഃഖങ്ങളുടെ വഴികളിലൂടെയാണ് അവർ നടന്നു വന്നത്. അതൊന്നും തന്നെ അവരെ പിറകോട്ട് വലിച്ചില്ല. ആർക്കും ഊഹിക്കുക പോലും ചെയ്യാത്തത്ര കനൽ വഴികളിലൂടെയാണ് സഞ്ചരിക്കേണ്ടിവന്നത്. പതിനാലാം
വയസ്സിൽ അതിക്രമത്തിലൂടെ ഗർഭിണിയാവുകയും പൂർണ വളർച്ചയെത്തും മുമ്പ് പ്രസവിച്ചതു  കാരണം കുഞ്ഞ് മരിച്ചു പോവുകയും ചെയ്തു. ഇങ്ങനെ യൊക്കെ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. 
ഒപേറായുടെ പേര് ശരിക്കും ഓർപാ എന്നായിരുന്നു. ബൈബിൾ സ്വാധീനം കൊണ്ടു ഒപേറായുടെ അമ്മ നൽകിയ പേര്. പക്ഷേ കുട്ടികളും നാട്ടുകാരുമൊക്കെ അൽപം കളിയാക്കി ഒപേറാ എന്ന് വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ ഓർപാ ഒപേറാ ആയി മാറി. ഒപേറായുടെ അമ്മയ്ക്ക് പത്തൊമ്പതു വയസ്സ് ഉള്ളപ്പോഴാണ് ഒപേറാ ജനിക്കുന്നത്. ഒപേറായുടെ അച്ഛൻ വെർണൻ വിൻഫ്രെ പട്ടാളത്തിലായിരുന്നു. ഓപെറയുടെ അമ്മ വെർനിട്ട ലീ ഒരു വീട്ടു ജോലിക്കാരിയായിരുന്നു. ദാരിദ്ര്യം കാരണം അമ്മൂമ്മയോടൊപ്പമാണ് അവർ താമസിച്ചിരുന്നത്. അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അമ്മൂമ്മ ഒരു കണിശക്കാരിയായിരുന്നു. ഇടക്കെല്ലാം കുഞ്ഞു ഒപേറാക്ക് ചുട്ട അടി കിട്ടുമായിരുന്നു. എങ്കിലും മൂന്നു വയസ്സിൽ തന്നെ എഴുത്തും വായനയും അഭ്യസിപ്പിച്ചു. ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ടുള്ള വസ്ത്രം ധരിച്ചു നടന്നിരുന്ന അക്കാലത്ത് തന്നെ കുഞ്ഞു ഒപേറാക്ക് ഉറപ്പ് ഉണ്ടായിരുന്നു വലിയ നിലയിൽ എത്താൻ പോകുന്ന ഒരാളാണ് താൻ എന്ന്. ഇത് ചില അഭിമുഖങ്ങളിൽ അവർ പറഞ്ഞിട്ടുമുണ്ട്. 
പുസ്തകങ്ങളായിരുന്നു ചങ്ങാതിമാർ. ലോകത്തെ മനസ്സിലാക്കാൻ ഇത്  സഹായകമായി. അക്കാലത്താണ് അമ്മ വീണ്ടും പ്രസവിക്കുന്നത്, ഒപേറായുടെ അർധ സഹോദരി പട്രീഷ്യയുടെ ജനനം. ദാരിദ്ര്യത്തിലേക്ക് പുതിയ അതിഥി കൂടി വന്നതോടെ ജീവിതം കൂടുതൽ ദുഷ്‌കരമായി. അങ്ങനെ ഒപേറാ അച്ഛനോടൊപ്പം ജീവിക്കാനായി ടെന്നിസിയിലേക്ക് പോയി. പിന്നീട് അമ്മയ്ക്ക് വീണ്ടും ഒരു കുഞ്ഞുണ്ടായി. വളർത്താൻ കഴിയാത്ത സാഹചര്യമായതുകൊണ്ടു ആ കുഞ്ഞിനെ ദത്ത് നൽകി.  ഒപേറാ അമ്മയോടൊപ്പം തന്നെ താമസിക്കുമ്പോഴാണ് ബന്ധുക്കളാൽ തന്നെ പീഡനത്തിന് ഇരയാകുന്നത്. ഒമ്പതു വയസ്സിലായിരുന്നു ആദ്യം. ഇത് ഒപേറായെ വല്ലാതെ മുറിവേൽപിച്ചു. അതുകൊണ്ടാണ് അവർ പതിമൂന്നാം വയസ്സിൽ ആ വീട് വിട്ട് ഇറങ്ങിപ്പോകുന്നത്. പിന്നീട് ഗർഭിണിയായി. പ്രസവിക്കുകയും കുഞ്ഞ് വളർച്ചക്കുറവ് കാരണം മരിച്ചു പോകുകയുമാണുണ്ടായത്.  
അച്ഛനോടൊപ്പം താമസിക്കുമ്പോൾ മതിയായ സംരക്ഷണവും കൃത്യമായ ശിക്ഷണവും നൽകുന്നതിൽ അച്ഛന് നിർബന്ധമായിരുന്നു. ഒപേറാ പഠിച്ചിരുന്ന ലിങ്കൻ സ്‌കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയിരുന്നു. പിന്നീട് കോളേജിൽ പഠിക്കുമ്പോഴും അവൾ അവിടെ വലിയ താരമായിരുന്നു. മാധ്യമ പ്രവർത്തനം പാർട്ട്‌ടൈം ജോലിയായി സ്വീകരിച്ചു ജോലി തുടങ്ങിയിരുന്നു. കുറച്ചു നാളുകൾ കൊണ്ടു തന്നെ  അവർ ടെലിവിഷൻ മേഖലയിലെ തുലനം ചെയ്യാൻ കഴിയാത്തത്ര ഉയരത്തിലേക്ക് കയറിപ്പോവുകയായിരുന്നു. അവരുടെ പരിപാടികൾക്ക് ദശലക്ഷക്കണക്കിനു ആരാധകർ ഉണ്ടായിരുന്നു. പ്രേക്ഷക രുചി  അവർ നിയന്ത്രിച്ചു.  അവരുടെ പരിപാടികൾ ഒരു ദിവസം തന്നെ പല തവണ സംപ്രേഷണം ചെയ്യപ്പെട്ടു. അവർ പിന്നെയും പറന്നുയർന്നു. 140 ൽ അധികം രാജ്യങ്ങളിൽ അവരുടെ പരിപാടികൾ പരിഭാഷയോടെയും അല്ലാതെയും ഒന്നിലധികം തവണ സംപ്രേഷണം ചെയ്യാൻ തുടങ്ങി. അറബ് രാജ്യങ്ങൾ അവരെ വല്ലാതെ ആശ്ലേഷിച്ചു. 
ലോകത്തെ ഏറ്റവും ശക്തിയുള്ള സ്ത്രീയായി മാധ്യമങ്ങൾ അവരെ വാഴ്ത്തി. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഓപെറ എഫക്ട് പ്രസിദ്ധമായിരുന്നു. ഒബാമയുടെ തെരഞ്ഞെടുപ്പിൽ അല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പിലും അവരുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. 
ഒബാമയ്ക്ക് ദശലക്ഷക്കണക്കിനു വോട്ട് ആണ് ഒപേറാ വിൻഫ്രെ കാരണം ലഭ്യമായത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സി എൻ എൻ ലോകത്തിലെ ഏറ്റവും ശക്തിയുള്ള സ്ത്രീയായാണ് ഒപേറാ വിൻഫ്രെയെ വിലയിരുത്തുന്നത്. ഒപേറാ ബുക്ക് ക്ലബ് എന്ന ഷോ വായനക്ക് പുതുവ്യാഖ്യാനം നൽകി. വലിയ എഴുത്തുകാർ പലരും ആ ഷോയിൽ അതിഥികളായി വന്നു. അത് പോലെ ഒപേറാ നല്ലതെന്നു പറഞ്ഞ പല ഉൽപന്നങ്ങളും വലിയ കമ്പോള വിജയം കൈവരിച്ചു. 
സമൂഹത്തിൽ നൂറ്റാണ്ടുകളായി ഘടനാപരമായിത്തന്നെ നിലനിൽക്കുന്ന വിവേചനങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആളായതുകൊണ്ട് തന്നെ ലോകമെങ്ങും ഈ വിവേചനത്തിൽ നിന്നു രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നുണ്ട് ഒപേറാ വിൻഫ്രെ. അതിനായി കഠിന പ്രയത്‌നം നടത്തുന്നുമുണ്ട്. പല രാജ്യങ്ങളിലും ഇതിനായുള്ള ശക്തമായ പ്രവർത്തനം നടന്നു വരുന്നു . ചരിത്രപരമായ വിവേചനത്തിൽ നിന്നു തന്നെയാണ് ഒപേറാ വിമോചനത്തിന്റെ തീപ്പൊരി കണ്ടെടുക്കുന്നത്. അത് ഊതിക്കത്തിക്കുന്നത് സ്വന്തം ജീവിതം കൊണ്ടു തന്നെയാണ്. അവർ കറുത്ത ജീവിതങ്ങളുടെ ദിവ്യ തേജസ്സാകുന്നത് അങ്ങനെയാണ്. 1986 ൽ ഒപെറാ ഷോയിലാണ് ഒപേറാ വീട്ടിൽ നിന്നു തന്നെ അതിക്രമത്തിനിരയായ കഥ  തുറന്നു പറയുന്നത്. 
ഒപേറായുടെ അർധ സഹോദരൻ മരിക്കുന്നത് എയ്ഡ്‌സുമായി ബന്ധപ്പെട്ട രോഗത്തെത്തുടർന്നാണ്. അർധ സഹോദരിയാവട്ടെ മയക്കുമരുന്നിന് അടിപ്പെട്ടും. സ്വന്തം ജീവിതവും കുടുംബത്തിലുള്ളവരുടെ ജീവിതവുമെല്ലാം വെല്ലുവിളിയായി നീങ്ങുമ്പോഴും ആവേശത്തോടെ സ്വന്തം ലക്ഷ്യത്തിലേക്ക് ചീറിപ്പായുകയാണ് ഒപേറാ വിൻഫ്രെ. ലോകത്തിന് മുന്നിൽ ഒരേ ഒരു ഒപേറാ. ഇനി വരും തലമുറകൾക്കും ഈ ഒപേറായുണ്ട്. പക്ഷേ ഒപേറാ ഒരു സ്വയം നിർമിത അത്ഭുതമാണെന്നതാണ് കാലാതീതവും അവിശ്വസനീയവുമായ ചരിത്ര വിസ്മയം. 

 

Latest News