Sorry, you need to enable JavaScript to visit this website.

കിരീടാവകാശിയുടെ സന്ദർശനം: പാക്കിസ്ഥാനുമായി  10 കരാറുകൾ, സ്വാഗത കമാനങ്ങളുയരുന്നു

റിയാദ്  - കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ വരവേൽക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്. കിരീടാവകാശിയുടെ സന്ദർശനം വലിയ ആഘോഷമാക്കി മാറ്റുന്നതിനുള്ള തയാറെടുപ്പിലാണ് പാക് മാധ്യമങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും. രാജകുമാരനെ സ്വാഗതം ചെയ്ത് ഇസ്‌ലാമാബാദിൽ കമാനങ്ങളുയർന്നു തുടങ്ങി.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും പത്തോളം ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്ന് പാക്കിസ്ഥാൻ ഇൻവെസ്റ്റ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് ഹാറൂൺ അൽശരീഫ് പറഞ്ഞു. റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്‌സ്, ധാതുസമ്പത്ത്, പുനരുപയോഗ ഊർജം, തടവുകാരുടെ കൈമാറ്റം എന്നീ മേഖലകളിൽ ഒപ്പുവെക്കുന്ന ധാരണാപത്രങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. കിരീടാവകാശിയുടെ സന്ദർശനത്തിലൂടെ 1,000 കോടി ഡോളർ മുതൽ 1,500 കോടി ഡോളർ വരെയുള്ള സൗദി നിക്ഷേപങ്ങൾ പാക്കിസ്ഥാനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കൽ എന്നീ മേഖലകളിൽ 200 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ പാക്കിസ്ഥാനിൽ സൗദി അറേബ്യ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് അഞ്ചു വർഷം വരെയെടുക്കും. രണ്ടു വർഷത്തിനുള്ളിൽ സൗദി അറേബ്യ പാക്കിസ്ഥാനിൽ നിക്ഷേപങ്ങൾ നടത്തി തുടങ്ങും. പാക്കിസ്ഥാനിൽ സൗദി അറേബ്യ നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കിരീടാവകാശിയുടെ സന്ദർശനത്തിനിടെ വ്യക്തമാകുമെന്നും ഹാറൂൺ അൽശരീഫ് പറഞ്ഞു. 
പാക്കിസ്ഥാനിൽ പെട്രോകെമിക്കൽ, ഖനനം അടക്കം വ്യത്യസ്ത മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സൗദി കമ്പനികളെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി അസദ് ഉമർ പറഞ്ഞു. പാക്കിസ്ഥാനിൽ റിഫൈനറി സ്ഥാപിക്കുന്നതിനുള്ള താൽപര്യം സൗദി അറേബ്യ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പാക് സമ്പദ്‌വ്യവസ്ഥയിൽ എക്കാലവും വലിയ ഫലം ചെലുത്തുമെന്നും ധനമന്ത്രി പറഞ്ഞു. റിഫൈനറി, വൈദ്യുതി, പുനരുപയോഗ ഊർജം, പെട്രോകെമിക്കൽ, ധാതുവിഭവങ്ങൾ എന്നീ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള കരാറുകൾ കിരീടാവകാശിയുടെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. എണ്ണ, പുനരുപയോഗ ഊർജം, ധാതുസമ്പത്ത് എന്നീ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള മൂന്നു ധാരണാപത്രങ്ങളിൽ കിരീടാവകാശിയുടെ സന്ദർശനത്തിടെ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്ന് വാണിജ്യ, നിക്ഷേപ കാര്യങ്ങൾക്കുള്ള പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് റസാഖ് ദാവൂദ് പറഞ്ഞു.
പാക്കിസ്ഥാനുമായി ശക്തമായ ബന്ധമുള്ള സൗദി അറേബ്യ കഴിഞ്ഞ ഒക്‌ടോബറിൽ പാക്കിസ്ഥാന് 600 കോടി ഡോളറിന്റെ വായ്പ പ്രഖ്യാപിച്ചിരുന്നു. തീരനഗരമായ ഗ്വാദറിൽ ആയിരം കോടി ഡോളർ ചെലവഴിച്ച് റിഫൈനറി, പെട്രോകെമിക്കൽ കോംപ്ലക്‌സ് നിർമിക്കുന്നതിനുള്ള പദ്ധതിയും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

Latest News