Thursday , May   23, 2019
Thursday , May   23, 2019

കലക്ടറോട് മാത്രം കലിപ്പ് കാണിച്ചിട്ടെന്ത് കാര്യം?

ഇവിടെ ചിലർ പറയുന്നത് കേട്ടാൽ തോന്നും ഇവിടെ ഐ എ എസ്, ഐ പി എസുകാർക്കേ പ്രശ്‌നമുള്ളൂവെന്ന്. അവർ പഠിച്ചു പാസായി വീണ്ടും ഒരു മത്സരപരീക്ഷയെഴുതി സർക്കാർ സാറമ്മാരായി അവരുടെ പണി ചെയ്യുന്നു. ചെറുപ്പക്കാരായ സിവിൽ സർവെൻറ്‌സ് പലർക്കും മസിലു പിടുത്തം കുറവാണ്. മിക്കവാറും എല്ലാവരും അവരെ ഏൽപ്പിച്ച പണി പ്രൊഫഷനലായി ചെയ്യുന്നു.
പിന്നെ അവരിൽ പലരും ഈ മഹത്തായ കേരള സമൂഹത്തിലാണ് വളർന്നത്. അതിന്റ എല്ലാ ഗുണങ്ങളും ദോഷങ്ങളും കാണും. 'എന്താടാ' എന്ന് ഒരുത്തൻ ചോദിച്ചാൽ 'ഏതടാ ' എന്ന് മറുപടി പറയുന്ന സ്ട്രീറ്റ് സ്മാർട്‌നെസ്സ് രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അനുചര അകമ്പടിക്കാർക്കും മാത്രമല്ല പറയാനാകുന്നത്. കേരളത്തിൽ പിന്നെ എല്ലാവരും ബഹുമിടുക്കന്മാരും മിടുക്കികളുമാണ് ഹം കിസി സെ കം നഹി എന്ന് കേരളത്തിലെ ഒരു സാമൂഹ്യ മനസ്ഥിതി ആയിരിക്കുന്നു. അതുകൊണ്ട് കിട്ടിയ തക്കം നോക്കി ഐ. എ. എസ്/ഐ. പി. എസ് സർക്കാർ സാറമ്മാരെ മാത്രം കുറ്റം പറയുന്നതിൽ ഒരു കഴമ്പുമില്ല.
പിന്നെ നമ്മുടെ രാഷ്ട്രീയ സർക്കാർ സാറമ്മാരെല്ലാം വിനയ മാന്യതയുടെ ആൾരൂപങ്ങളാകുന്നത് ഇലക്ഷന് തൊട്ടു മുന്നേയും തൊട്ടു പിന്നെയുമാണ്. അത് കഴിഞ്ഞാൽ പലരും കളി മാറ്റും. ഭാവം മാറ്റും. ചിലരൊക്കെ മാടമ്പിമാരാകും. ചിലർ അഹങ്കാരത്തിന്റ ആൾരൂപങ്ങളാകും. എന്നാൽ മാനം മര്യാദക്ക് പ്രവർത്തിക്കുന്ന വിവരവും വിജ്ഞാനവും വിവേകവും വിനയവുമുള്ള കുറച്ചെങ്കിലും രാഷ്ട്രീയ നേതാക്കൾ അവിടേം ഇവിടേം ഒക്കെയുള്ളതിനാലാണ് ഈ ജനാധിപത്യം എന്ന സൂത്രം തട്ടീം മുട്ടീം മുന്നോട്ട് പോകുന്നത്. അത് പോലെ വിവരവും വിവേകവും മസിലുപിടുത്തവുമില്ലാത്ത കുറെ സർക്കാർ സാറമ്മാരും ഐ എ എസ് /ഐ പി എസ് കാരുമുണ്ടായതിനാലാണ് ഈ സർക്കാർ എന്ന വണ്ടി ഒരു പരുവത്തിൽ പഞ്ചറാവാതെ മുന്നോട്ട് പോകുന്നതും എന്തെങ്കിലുമൊക്കെ വർഷാവസാനമെങ്കിലും ചെയ്യുന്നതും. ഇവിടെ തന്നെയാണ് വേലികൾ പലതും വിളവ് തിന്നുന്നത്. ഇവിടെ തന്നെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റ പേരിൽ പാർട്ടി വിശ്വാസ ഭ്രാന്ത് മൂത്തവർ അവരുടെ ചേരിയിലല്ലാത്തവരെ വെട്ടിയും കുത്തിയും കൊല്ലുന്നത്. ഇവിടെ തന്നെ നിയമ സഭയിൽ ആഭാസ പ്രകടനം നടത്തി നാശനഷ്ടമുണ്ടാക്കിയവർ ഭരണത്തിലേറി സുഭാഷിത നവോത്ഥാന യജ്ഞ, സുവിശേഷ പ്രഘോഷണങ്ങൾ നടത്തുന്നത്. ഇവിടെ തന്നെയാണ് പൂച്ചക്കുട്ടി, പൂച്ചക്കുട്ടി എന്ന് പാതിരാത്രിയിൽ സർക്കാർ ഫോണിൽ കൊഞ്ചുന്ന സാത്വികരുള്ളത്. ഇവിടെ തന്നെയാണ് ഭാര്യയുടെ മുഖം അടിച്ചു പരിശാക്കിയവർ കാലുമാറി മാന്യമഹാ എം.എൽ.എ സാറാകുന്നത്.
നാട്ടിലെല്ലാം ഭൂ മാഫിയ, മണൽ മാഫിയ, ക്വാറി മാഫിയ, പിന്നെ ഇതിനെല്ലാം പ്രൊട്ടക്ഷൻ കൊടുക്കുന്ന തരികിട രാഷ്ട്രീയ മാഫിയ. ഇതൊക്കെയാണ് പ്രശ്‌നം. അതിന് കലക്ടറെ പറഞ്ഞിട്ടെന്തു കാര്യം?പിന്നെ റിട്ടയറായി തൊപ്പിയൂരി ആടിനെ പട്ടിയും പേപ്പട്ടിയുമാക്കാൻ കാനേഷുമാരി കണക്കുകൾ വീശുന്ന മാന്യരുമുണ്ട്.
പറയാണെങ്കിൽ ഒരുപാടുണ്ട്. അത് കൊണ്ട് പഠിച്ചു പരീക്ഷ പാസായി പണി ചെയ്ത് ജീവിക്കുന്നു എന്നത് കൊണ്ട് മാത്രം ഈ ഐ എ എസ് /ഐ പി എസ് സർക്കാർ സാറമ്മാരോട് മാത്രം തരാതരം കലിപ്പ് കാണിച്ചിട്ട് മറ്റതൊന്നും കാണുന്നില്ലെങ്കിൽ പൂച്ച പാല് കുടിക്കുന്നത് പോലെയാണ്.
പിന്നെ എൻട്രൻസ് എഴുതി മെഡിസിനും എഞ്ചിനിയറിങ്ങിനുമൊക്കെ ആളുകൾ അഡ്മിഷൻ മേടിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒരു മുപ്പത്തഞ്ചു കൊല്ലമെങ്കിലും ആയിക്കാണും. ഇപ്പൊ പി.സി തോമസോ, ബ്രില്ലിയന്റോ ആണെങ്കിൽ പണ്ട് അത് യൂണിവേഴ്‌സലോ ഔവ്വറോ ആണെന്ന് മാത്രം. പിന്നെ പണ്ട് പണ്ട് തൊട്ടേ സിവിൽ സർവീസ് പരീക്ഷ എഴുതി ജയിച്ചാണ് എല്ലാവരും കലക്ടർ, കമ്മീഷണർ സാറുമാരായത്. അത് വേണ്ടാത്തവർക്കോ അതിന് കഴിയാത്തവർക്കോ അവർക്കാകുന്ന പണി ചെയ്ത് ജീവിക്കുക. ഈ കലക്ടർ സാറുമാരും മാഡംസും കമ്മീഷണർമാരും അവരുടെ പണി ചെയ്യുന്നു. 
എല്ലാവരും അങ്ങനെ പണി ചെയ്ത് ജീവിക്കട്ടെന്നേ. കേരളത്തിലുള്ളവരെല്ലാരും അവരവരുടെ പണി ചെയ്ത് ജീവിച്ചാൽ തന്നെ പകുതി പ്രശ്‌നം തീരും. പക്ഷെ പണി ചെയ്യാനല്ല ഒരുപാട് പേർക്ക് താൽപര്യം. ആർക്കെങ്കിലുമിട്ട് പണി കൊടുക്കാനാണ് കുറെ പേർ കൂടുതൽ സമയം ചെലവാക്കുന്നത്. അതാണ് കേരളത്തിലെ ഒരു എമണ്ടൻ പ്രശ്‌നവും. 

Latest News