Saturday , April   20, 2019
Saturday , April   20, 2019

ഏഷ്യാഡിലെ 'പെണ്‍ മത്സ്യം' ഇകീക്ക് ഗുരുതര രോഗം

ടോക്കിയൊ - ആറ് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടി കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന്റെ സൂപ്പര്‍ താരമായി മാറിയ റികാകൊ ഇകീക്ക് രക്താര്‍ബുദം. ഇകീ ജന്മനഗരമായ ടോക്കിയോയില്‍ 2020 ല്‍ നടക്കുന്ന ഒളിംപിക്‌സിന്റെ പോസ്റ്റര്‍ ഗേളായി മാറുമെന്ന് കരുതിയിരുന്നു. പതിനെട്ടുകാരി തന്നെയാണ് രോഗ വിവരം ട്വീറ്റ് ചെയ്തത്. ഒളിംപിക്‌സിന് 18 മാസം മാത്രമേ ബാക്കിയുള്ളൂ.  
നിരവധി ജാപ്പനീസ് നീന്തല്‍ റെക്കോര്‍ഡുകള്‍ക്കുടമയാണ് ഇകീ. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലെ പരിശീലനം ഉപേക്ഷിക്കേണ്ടി വന്നുവെങ്കിലും രോഗത്തെ താന്‍ കീഴടക്കുമെന്ന് ഇകീ ആരാധകരോട് പറഞ്ഞു. ഏപ്രിലില്‍ നടക്കുന്ന ജപ്പാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇകീ പിന്മാറി. ചികിത്സയില്‍ ശ്രദ്ധ പതിപ്പിക്കുകയും കൂടുതല്‍ കരുത്തയായി തിരിച്ചുവരികയും ചെയ്യുമെന്ന് അവര്‍ വാക്കു നല്‍കി. ഇകീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ശിരസ്സ് നമിക്കുന്നുവെന്ന് കോച്ച് ജിറോ മികി പറഞ്ഞു. ഈ വര്‍ഷം തെക്കന്‍ കൊറിയയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ശ്രദ്ധാകേന്ദ്രമാവേണ്ടതായിരുന്നു ഇകീ. രോഗവാര്‍ത്ത ജപ്പാന്‍ നീന്തല്‍ ഫെഡറേഷനെ ഞെട്ടിച്ചു. പ്രാഥമിക ഘട്ടത്തില്‍ തന്നെ രോഗം കണ്ടുപിടിക്കാനായെന്ന് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കോജി ഉയേനൊ പറഞ്ഞു. 

Latest News