Saturday , April   20, 2019
Saturday , April   20, 2019

ബാങ്ക്‌സ് -സൂപ്പര്‍ സെയ്‌വിന്റെ ഓര്‍മ

1970 ലെ ലോകകപ്പില്‍ പെലെയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തിയതിലൂടെയാണ് ഇന്ന് അന്തരിച്ച ഗോര്‍ഡന്‍ ബാങ്ക്‌സ് (81) അറിയപ്പെടുന്നത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സെയ്‌വായാണ് അത് അറിയപ്പെടുന്നത്. ഒരു നിമിഷാര്‍ധത്തില്‍ പോസ്റ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് പറന്നെത്തിയാണ് ബാങ്ക്‌സ് ആ ഹെഡര്‍ ക്രോസ്ബാറിനു മുകളിലൂടെ തട്ടിയുയര്‍ത്തയത്. ഗോള്‍ എന്ന് ആര്‍ത്തുവിളിച്ച പെലെ ആ സെയ്‌വിനു മുന്നില്‍ നിശ്ശബ്ദനായിപ്പോയി. 
1966 ല്‍ ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ അവരുടെ വലക്കു കാവല്‍ നിന്നത് ബാങ്ക്‌സായിരുന്നു. 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളും കളിച്ച ബാങ്ക്‌സ് ഫൈനല്‍ വരെ അഞ്ചു കളികളില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഫൈനലില്‍ ഇംഗ്ലണ്ട് 4-2 ന് പശ്ചിമ ജര്‍മനിയെ എക്‌സ്ട്രാ ടൈമില്‍ തോല്‍പിച്ചു. ആ ലോകകപ്പ് ഫൈനലില്‍ ഇറങ്ങിയ 11 പേരില്‍ അന്തരിക്കുന്ന നാലാമത്തെയാളാണ് ബാങ്ക്‌സ്. ക്യാപ്റ്റന്‍ ബോബി മൂര്‍, ടീമിലെ ബേബിയായിരുന്ന അലന്‍ ബോള്‍, റേ വില്‍സന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. നോബി സ്‌റ്റൈല്‍സും മാര്‍ടിന്‍ പീറ്റേഴ്‌സുമുള്‍പ്പെടെ ചില കളിക്കാര്‍ അള്‍ഷൈമേഴ്‌സിന്റെ പിടിയിലാണ്. 
ബാങ്ക്‌സ് ആറു തവണ ഫിഫ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 73 തവണ ഇംഗ്ലണ്ടിന് കളിച്ചു. 1972 ല്‍ മുപ്പത്തഞ്ചാം വയസ്സില്‍ കാറപകടത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടതോടെയാണ് അതുല്യ കരിയര്‍  അവസാനിപ്പിക്കേണ്ടി വന്നത്. 2005 ല്‍ കാന്‍സര്‍ ബാധിച്ച് ഒരു കിഡ്‌നി നഷ്ടപ്പെട്ടു. വീണ്ടും കാന്‍സര്‍ബാധിതനാണെന്ന് 2015 ല്‍ വെളിപ്പെടുത്തിയിരുന്നു. ഗ്രെയ്റ്റസ്റ്റായ പെലെയുടെ ഹെഡര്‍ രക്ഷിക്കാമെങ്കില്‍ കാന്‍സറിനെയും തനിക്ക് കീഴടക്കാനാവുമെന്ന് ബാങ്ക്‌സ് അന്ന് പറഞ്ഞിരുന്നു. 2018 ല്‍ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പുകളെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. 
പെലെയുടെ ഹെഡര്‍ രക്ഷിച്ചതാണ് ഏറ്റവും മികച്ച സെയ്‌വായി ഫുട്‌ബോള്‍ ലോകം കരുതുന്നത്. എന്നാല്‍ ഗോര്‍ഡന്‍ ബാങ്ക്‌സ് തന്റെ മികച്ച സെയ്‌വായി അതിനെ കരുതുന്നില്ല. തന്റെ മികച്ച സെയ്‌വായി ബാങ്ക്‌സ് കരുതുന്നത് 1972 ലെ ഇംഗ്ലിഷ് ലീഗ് കപ്പ് സെമിയില്‍ ജെഫ് ഹേഴ്സ്റ്റിന്റെ പെനാല്‍ട്ടി രക്ഷിച്ചതാണ്. ഹേഴ്സ്റ്റിന്റെ വെടിയുണ്ടയും പറന്നുവീണ് ബാങ്ക്‌സ് ക്രോസ്ബാറിനു മുകളിലൂടെ ഉയര്‍ത്തുകയായിരുന്നു. ആ ലീഗ് കപ്പ് ജയിച്ചതാണ് ബാങ്ക്‌സിന്റെ കരിയറിലെ അവസാന ട്രോഫി. 
20 വയസ്സ് കടന്നപ്പോഴാണ് 1958 ല്‍ 'ബാങ്ക്‌സീ' ചെസ്റ്റര്‍ഫീല്‍ഡിനു വേണ്ടി അരങ്ങേറിയത്. 1959 മുതല്‍ 1967 വരെ ലെസ്റ്ററിനും 1967-1973 കാലഘട്ടത്തില്‍ സ്റ്റോക്കിനും കളിച്ചു. ഇരുനൂറിലേറെ തവണ സ്‌റ്റോക്കിന്റെ വല കാത്തു. 1963 ലായിരുന്നു ഇംഗ്ലണ്ടിനായുള്ള അരങ്ങേറ്റം. 
1966 ലെ ചാമ്പ്യന്‍ ടീമിലെ മറ്റു പലരെയും പോലെ ബാങ്ക്‌സിനും തന്റെ മൂന്നു മക്കള്‍ക്ക് വീട് വാങ്ങിക്കൊടുക്കാന്‍ ലോകകപ്പ് മെഡല്‍ ലേലം ചെയ്യേണ്ടി വന്നു. ഇംഗ്ലണ്ട് അദ്ദേഹത്തിന് സര്‍ പദവി നല്‍കാത്തതിലും ഫുട്‌ബോള്‍ പ്രേമികള്‍ നിരാശരായിരുന്നു. 

Latest News