പല്‍ഗഢ്- മഹാരാഷ്ട്രയിലെ പല്‍ഗഢ് ജില്ലയില്‍ 21-കാരിയായ മുന്‍ കാമുകിയെ ലോഡ്ജ് മുറിയില്‍ ബന്ധിയാക്കി ബലാല്‍സംഗം ചെയ്ത 23-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഞയറാഴ്ച രാത്രിയാണ് യുവാവ് യുവതിയെ ബന്ദിയാക്കിയത്. ചൊവ്വാഴ്ച രാവിലെ തുറന്നു വിട്ടതോടെയാണ് സംഭവം പോലിസിലെത്തിയത്. പ്രതി ഫൈസല്‍ സൈഫിയുമായി 2017 മുതല്‍ അടുത്ത കാലം വരെ പ്രണയത്തിലായിരുന്നു യുവതി. ഇരുവരുമൊന്നിച്ചുള്ള രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സൈഫി ഇതുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് യുവതിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു വരികയായിരുന്നു. ഇതേതുടര്‍ന്നാണ് യുവതി യുവാവുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.
ഈ രഹസ്യ വിഡിയോകള്‍ ഡിലീറ്റ് ചെയ്യാമെന്ന വ്യാജേന തന്ത്രത്തില്‍ ഫൈസല്‍ യുവതിയെ ഞായറാഴ്ച രാത്രി ലോഡ്ജ് മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ബന്ദിയാക്കി തുടര്‍ച്ചയായി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഫൈസല്‍ യുവതിയെ തുറന്നു വിട്ടത്. യുവതി ഉടന്‍ പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും വൈകാതെ ഫൈസലിനെ പോലീസ് പിടികൂടുകയും ചെയ്തു.