Thursday , April   25, 2019
Thursday , April   25, 2019

പെലെക്ക് കീഴടക്കാനാവാതിരുന്ന ബാങ്ക്‌സിനെ കാലം കീഴടക്കി

എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായി കരുതപ്പെടുന്ന ഇംഗ്ലണ്ടിന്റെ ഗോര്‍ഡന്‍ ബാങ്ക്‌സ് (81) കാലത്തിനു കീഴടങ്ങി. 1966 ല്‍ ഇംഗ്ലണ്ട് ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ അവരുടെ വലക്കു കാവല്‍ നിന്നത് ബാങ്ക്‌സായിരുന്നു. 1966 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളും കളിച്ച ബാങ്ക്‌സ് പെലെയുടെ ഗോളെന്നുറച്ച ഹെഡര്‍ രക്ഷപ്പെടുത്തിയതിലൂടെയാണ് ലോകപ്രശസ്തനായത്. ഒരു നിമിഷാര്‍ധത്തില്‍ പോസ്റ്റിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് പറന്നെത്തിയാണ് ബാങ്ക്‌സ് ആ ഗോള്‍ രക്ഷിച്ചത്. ഗോള്‍ എന്ന് ആര്‍ത്തുവിളിച്ച പെലെ ആ സെയ്‌വിനു മുന്നില്‍ നിശ്ശബ്ദനായിപ്പോയി. 1972 ല്‍ കാറപകടത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടതോടെയാണ് അതുല്യ കരിയര്‍ ബാങ്ക്‌സിന് അവസാനിപ്പിക്കേണ്ടി വന്നത്. ഉറക്കത്തിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ആ ലോകകപ്പില്‍ ഫൈനലിലെ ഹാട്രിക്കിലൂടെ ഇംഗ്ലണ്ടിനെ കിരീടമണിയിച്ച ജെഫ് ഹേഴ്സ്റ്റ് പ്രിയപ്പെട്ട സഹതാരത്തിനുള്ള ആദരാഞ്ജലിക്ക് നേതൃത്വം നല്‍കി. എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് ബാങ്ക്‌സ് എന്ന് എഴുപത്തേഴുകാരനായ ജെഫ് ഹേഴ്സ്റ്റ് പറഞ്ഞു.