Saturday , April   20, 2019
Saturday , April   20, 2019

മുടക്കരുത്, ഗജരാജന്മാരുടെ ഗമന മാർഗം

വേനൽ ചൂട് കൂടുന്നതോടെ വനാന്തരങ്ങളിൽ നിന്ന് ഗജരാജന്മാരുടെ എഴുന്നള്ളത്ത് തുടങ്ങാനിരിക്കുകയാണ്. കത്തുന്ന സൂര്യൻ കാട്ടിലെ ജലാശയങ്ങളെ ശുന്യമാക്കുമ്പോൾ ദാഹജലം തേടി വനാതിർത്തികളിലെത്തുന്ന ആനക്കൂട്ടം വേനൽക്കാലത്തെ നിത്യക്കാഴ്ചകളാണ്. മനുഷ്യവാസ കേന്ദ്രങ്ങളിൽ അവർ ജലം തേടിയെത്തിയേക്കാം. ദിവസങ്ങളോളം വനാതിർത്തികളിൽ തമ്പടിക്കും. മനുഷ്യനും വന്യജീവികളും മുഖാമുഖം കാണുന്ന കാലം കൂടിയാണിത്. ആനകളുടെ ആക്രമണങ്ങളിൽ മനുഷ്യർക്ക് പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും നിരവധി. വനങ്ങൾക്കുള്ളിൽ അനധികൃതമായി നിർമിക്കപ്പെട്ട റിസോർട്ടുകളും വീടുകളും കാട്ടാനകളുടെ ആക്രമണത്തിന്റെ വാൾതുമ്പിലാണ്. കാടിന് നേരെ നടക്കുന്ന അധിനിവേശങ്ങൾ അതിന്റെ അധിപൻമാർക്ക് അസഹ്യമായി മാറിയിരിക്കുന്നു. 
വടക്കൻ കേരളത്തിലെ പ്രധാന വനമേഖലകൾ ഉൾപ്പെടുന്ന മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ആനകൾക്കായി പ്രത്യേക താരികൾ (നടവഴികൾ) നിർമിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. ഒരു കാലത്ത് കാടിനുള്ളിൽ സൈ്വരവിഹാരം നടത്തിയിരുന്ന ആനകൾക്ക് സ്വതന്ത്രമായി നടക്കാനുള്ള വഴികൾ പോലും ഇന്ന് നഷ്ടമായിരിക്കുന്നു. വനത്തോട് ചേർന്നുള്ള സ്വകാര്യ ഭൂമികളിലും കയ്യേറിയ വനഭൂമികളിലും കെട്ടിടങ്ങൾ നിർമിക്കുന്നത് ആനത്താരികൾ ഇല്ലാതാക്കിയെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. മനുഷ്യരുടെ ഈ അധിനിവേശം കാട്ടാനകളെ പ്രകോപിപ്പിക്കുന്നതും ആക്രമണകാരികളാക്കുന്നതുമാണ്. ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായത്തോടെ വടക്കൻ കേരളത്തിലെ വനങ്ങളിൽ പ്രത്യേക ആനത്താരികൾ നിർമിക്കാൻ തയാറെടുക്കുന്നത്. കേരളത്തിന്റെ ജൈവസമ്പത്തിൽ പ്രധാനമായ കാട്ടാനകളുടെ സംരക്ഷണത്തിൽ ഈ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വനത്തിൽ സ്ഥിരമായതും താൽക്കാലികവുമായ വഴികൾ സ്വയം നിർമിക്കുന്നവരാണ് കാട്ടാനകൾ. ഭക്ഷണം തേടിയും വെള്ളം തേടിയും കിലോമീറ്ററുകളോളം നടത്തുന്ന യാത്രകൾക്കായി ഉപയോഗപ്പെടുത്താനാണ് ഈ വഴികൾ. കുറ്റിക്കാടുകൾ ചവിട്ടുയൊതുക്കി ഉയരമുള്ള മരങ്ങൾ ഒടിച്ചു മടക്കി കുട്ടിയാനകൾക്കും കൂടി നടക്കാൻ പാകത്തിൽ തയാറാക്കുന്ന ഈ വഴികളിലൂടെ ആനകൾ കൂട്ടുമായി ഏറെ ദൂരം സഞ്ചരിക്കും. സംസ്ഥാനങ്ങൾക്കിടയിൽ ബന്ധപ്പെട്ടു കിടക്കുന്ന കാടുകളിലൂടെ ഇവർ അതിർത്തി കടന്നും യാത്ര ചെയ്യും. ഇത്തരം യാത്രകളിൽ ആനകൾ ജൈവ സമ്പത്തിന്റെ പുനർജനിക്കും കാരണക്കാരാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. 
ഒരു വനമേഖലയിലുള്ള കായ്കളും പഴങ്ങളും കഴിക്കുന്ന ആനകൾ അവയുടെ വിത്തുകൾ ഏറെ ദൂരം യാത്ര ചെയ്ത് മറ്റൊരു വനത്തിലായിരിക്കും വിസർജ്യത്തിലൂടെ നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ അപൂർവമായ പല ചെടികളുടെയും വിത്തുകൾ പലയിടങ്ങളിൽ മുളച്ചു പൊന്തുന്നതിന് ആനകളുടെ ഈ യാത്ര സഹായമാകുന്നുണ്ട്. ആനകൾ സ്വയം നിർമിക്കുന്ന വഴികളിൽ മരങ്ങൾ ഉയരത്തിൽ വളരാറില്ല. കുറ്റിക്കാടുകളിൽ മാത്രം ജീവിക്കുന്ന മാനുകൾ, ചെറുകിളികൾ എന്നവയുടെ ആവാസ വ്യവസ്ഥക്കും ഈ വഴികൾ അനുയോജ്യമായിത്തീരുന്നു.
കാട്ടാനകൾ ഏറെയുള്ള നിലമ്പൂർ കാടുകൾ, വയനാടൻ കാടുകൾ, കണ്ണൂരിലെ പെരിയ വനമേഖല എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള ആനത്താരിക്കാണ് വനം വകുപ്പ് രൂപം നൽകുന്നത്. മൂന്നു ജില്ലകളിലായി ഏഴ് വനപാതകൾക്കുള്ള നിർദേശമാണ് കേന്ദ്ര വനം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളത്. നിലമ്പൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കോവിലകം-ന്യൂ അമരമ്പലം പാത, നിലമ്പൂർ-അപ്പൻകാപ്പ് പാത, മുതുമല-നിലമ്പൂർ പാത എന്നിവയാണ് പദ്ധതിയിലുള്ളത്. തമിഴ്‌നാട്ടിലെ ഗൂഢല്ലൂരിനടുത്തുള്ള മുതുമലയിൽ നിന്ന് നിലമ്പൂർ കാട്ടിലേക്ക് ആനകൾ യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്.
വഴിക്കടവ് മുതൽ ഗൂഢല്ലൂർ വരെയുള്ള ഊട്ടി ചുരം പാതയിൽ ആനകൾ ഇറങ്ങുന്നത് നിത്യസംഭവങ്ങളാണ്. മനുഷ്യ വാസമുള്ള റോഡുകളിൽ നിന്ന് ആനകളെ ഒഴിവാക്കാനും അവക്ക് കാട്ടിനകത്തു തന്നെ സ്വതന്ത്രമായ വഴികളൊരുക്കാനുമാണ് വനം വകുപ്പിന്റെ പദ്ധതിയിൽ നിർദേശമുള്ളത്.
കണ്ണൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന കൊട്ടിയൂർ-പെരിയ പാതയാണ് നിർദേശക്കപ്പെട്ടവയിൽ മറ്റൊന്ന്. ഇതുവഴി കർണാടകയിലെ വനങ്ങളിലൂടെ ആനകളുടെ സൈ്വര വിഹാരമുണ്ട്. ഈ വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന വയനാട് ജില്ലയിലെ ബേഗൂർ-ബ്രഹ്മഗിരി, തിരുനെല്ലി-കുണ്ടറക്കോട്ട,പാക്രാന്തളം വനമേഖലകളിലൂടെയും മൂന്നു ആനത്താരികൾക്ക് നിർദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒരു കിലോമീറ്റർ വീതിയുള്ള വഴികളാണ് ഈ മേഖലകളിലെല്ലാം ആനകൾക്കായി നിർമിക്കുക. ജൈവ സമ്പത്ത് നിലനിർത്തി ആനകൾക്ക് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഈ പാതകളിൽ ഒരുക്കും. വഴികൾക്കിരുവശത്തും വലിയ മരങ്ങൾ വെച്ചു പിടിപ്പിച്ച് അതിരുകൾ നിർണയിക്കും. 106 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ന്യൂനതയായി ഉയർത്തിക്കാട്ടപ്പെടുന്നത് ഇതിനായി കണ്ടെത്തുന്ന സ്ഥലത്തെ കുറിച്ചാണ്. മൂന്നു ജില്ലകളിലുമായി 350 ഹെക്ടർ സ്ഥലം അക്വയം ചെയ്യേണ്ടതുണ്ടെന്നാണ് സാധ്യതാ പഠന റിപ്പോർട്ടിൽ പറയുന്നത്. പാതകളുടെ അലൈൻമെന്റ് നിർണയിച്ചതിലുള്ള ന്യൂനതയായി ഇത് വിമർശിക്കപ്പെടുന്നു. വനത്തിനുള്ളിലോ വനാതിർത്തികളിലോ സ്വകാര്യ വ്യക്തികളുടെ കൈവശം നിയമാനുസൃതമായി ഇരിക്കുന്ന ഭൂമി കൂടി പദ്ധതിക്കായി കണ്ടെത്തേണ്ടതുണ്ട്. 
ജനവാസ കേന്ദ്രങ്ങൾക്ക് സമീപത്തു കൂടി പാതനിർമിക്കാൻ അലൈൻമെന്റ് തയാറാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉൾവനത്തിൽ തന്നെ പാതക്കായി സ്ഥലം കണ്ടെത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. നിലവിലുള്ള ആനത്താരികൾ വികസിപ്പിച്ചാൽ ഈ പ്രശ്‌നം പരിഹരിക്കാനുമാകും. മാത്രമല്ല, പദ്ധതിച്ചെലവിൽ വലിയൊരു ഭാഗം സ്ഥലം ഏറ്റെടുക്കുന്നതിനാണ് ചെലവിടേണ്ടി വരുന്നത്. പരമ്പരാഗത ആനത്താരികൾ സംരക്ഷിച്ചാൽ ഈ ചെലവു കുറക്കാനുമാകും. സ്വകാര്യ ഭൂമികൾ ഏറ്റെടുത്ത് നിർമിക്കുന്ന പാതകളിൽ ആനകൾ സുരക്ഷിതരാകില്ലെന്ന വസ്തുതയും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആനകൾ സ്ഥിരമായി വരുന്ന വഴി നിർണയിക്കപ്പെട്ടാൽ ആനവേട്ടക്കാർക്ക് അത് സഹായകമാകുന്നതാകും ഫലം.
സംസ്ഥാന വനം വകുപ്പ് നിർദേശിച്ച പദ്ധതി യാഥാർഥ്യമാകാൻ എത്ര കാലം വേണ്ടി വരുമെന്ന് പറയാനാകില്ല. ആനവേട്ടകൾ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത നമ്മുടെ കാടുകളിൽ അവയ്ക്ക് സംരക്ഷണം നൽകാനുള്ള പദ്ധതി അനിവാര്യമാണ്. മനുഷ്യ വാസ കേന്ദ്രങ്ങളിൽ ആനകളെത്തി ആക്രമണം നടത്തുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും ഇത് മൂലം അവസാനിപ്പിക്കാനുമാകും. 
എന്നാൽ ആനകളുടെ സംരക്ഷണവും സൈ്വര ജീവിതവും മാത്രമായിരിക്കണം ഈ പദ്ധതിയുടെ ലക്ഷ്യം. ടൂറിസത്തിന്റെ സാധ്യതകളിലേക്ക് ഈ പാതയെ മാറ്റിയാൽ അത് വിപരീതഫലം ചെയ്യും.
 

Latest News