Saturday , April   20, 2019
Saturday , April   20, 2019

വർഗീയ വിഭജനം ബി.ജെ.പി അജണ്ട

അയോധ്യാ വിഷയത്തിൽ തങ്ങൾ ആഗ്രഹിച്ചത് നേടിയെന്ന് ഉറപ്പാക്കിയ ശേഷം രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കുന്ന ശ്രമങ്ങൾ നരേന്ദ്രമോഡി സർക്കാർ ഊർജിതമാക്കി. ബാബ്‌രി മസ്ജിദിന് ചുറ്റുമുള്ള ഭൂമിയുടെ ഒരു ഭാഗം കൈമാറാനുള്ള ആശയം മുന്നോട്ടുവെച്ചു. ഇതിൽ കൂടുതലായി ആശങ്കപ്പെടേണ്ടതില്ല. രാജ്യത്തെ മതേതര പാർട്ടികൾ ഇതിൽ മൗനം പാലിച്ചു അല്ലെങ്കിൽ മോഡി സർക്കാരിന്റെ തീരുമാനത്തെ ശിരസാ വഹിച്ചു. ഹിന്ദുത്വ ശക്തികൾ ആഗ്രഹിച്ചതും ഇതു തന്നെയാണ്.
ഭൂമി കൈമാറുന്ന വിഷയത്തിൽ മറ്റു പാർട്ടികളുടെ നിലപാട് ഹിന്ദുത്വ ശക്തികൾക്ക് സഹായകമായി. ഇതോടെ ബാബ്‌രി മസ്ജിദിന് ചുറ്റുമുള്ള ഭൂമി രാം ന്യാസിന് കൈമാറാനാണ് തീരുമാനം. 
ബാബ്‌രി മസ്ജിദ് തകർക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് അന്നത്തെ കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രാം ന്യാസിന് അനുവദിച്ച ഭൂമിയാണിത്. ബാബ്‌രി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലം ഒഴികെ ചുറ്റുമുള്ള മറ്റെല്ലാ ഭൂമിയും തങ്ങളുടെ ഉടമസ്ഥതയിലെന്നാണ് ഹിന്ദു സംഘടനകളുടെ വാദം. എന്നാൽ ഇത് ശരിയല്ല. ഇങ്ങനെയുള്ള വാദഗതികളെ ആരും ചോദ്യം ചെയ്യാനില്ലാത്തപ്പോൾ തെറ്റായ വാദങ്ങൾക്ക് അംഗീകാരം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നു.
തർക്കഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് തിടുക്കമില്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് പറയുന്നത്. തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചുവെന്നും എപ്പോൾ വേണമെങ്കിലും ക്ഷേത്രം നിർമിക്കാൻ കഴിയുമെന്നുമാണ് ഇവരുടെ ധാരണ.
അയോധ്യയിലെ ഭൂമിയിൽ അവകാശം സ്ഥാപിച്ച ശേഷം സർക്കാരിന്റെ ആശീർവാദത്തോടെ സവർക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പരോക്ഷമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ രജിസ്റ്റർ സംവിധാനം അടിച്ചേൽപിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. യഥാർഥത്തിൽ ഇതിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളുടെ അസ്തിത്വത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അയൽരാജ്യങ്ങളിൽ നിന്നുള്ളവർക്ക് പൗരത്വം നൽകുന്നതിലൂടെ ഹിന്ദുത്വ മേധാവിത്വം അടിച്ചേൽപിക്കുകയാണ് മോഡി സർക്കാരിന്റെ തന്ത്രം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര കുടിയേറ്റക്കാർക്കാണ് പൗരത്വം നൽകുന്നത്. ഇത് സവർക്കറുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആധുനിക പതിപ്പാണ്. പൗരത്വ രജിസ്റ്ററിനെതിരെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ എതിർപ്പ് വിജയിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭരണഘടനയുടെ മേലുള്ള കനത്ത പ്രഹരമാകും. 
മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വം രാജ്യത്തെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് ഭരണഘടനയുടെ മതേതര സംവിധാനത്തെ നശിപ്പിക്കും.
പൗരത്വ രജിസ്റ്ററിനെതിരെയുള്ള പ്രതിഷേധം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന് മതേതര ശക്തികൾ കരുതരുത്. ഇത് രാജ്യത്തെ എല്ലാ ജനങ്ങളുടെ മേലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. തനതായ പാരമ്പര്യങ്ങളും സംസ്‌കാരവും പിന്തുടരുന്ന നിരവധി വിഭാഗക്കാരാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വസിക്കുന്നത്. ഹിന്ദു വിവാഹ രീതികളല്ല ഇവർ പിന്തുടരുന്നത്. അവരുടെ പ്രത്യേകമായ വ്യക്തിഗത നിയമങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇതിനെയൊക്കെ അവസാനിപ്പിക്കാനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത്.
കൊൽക്കത്തയിലെ ക്രമസമാധാന സംവിധാനം കയ്യിലെടുക്കാൻ സി.ബി.ഐ നടത്തിയ ശ്രമങ്ങളാണ് ഈയാഴ്ച ഭരണഘടനയുടെ മേലുണ്ടായ മറ്റൊരു ആക്രമണം. ലക്ഷക്കണക്കിന് ആൾക്കാർ ഇരയായ ചിട്ടി ഫണ്ട് ഉൾപ്പെടെ നിരവധി അഴിമതികളിലും കുംഭകോണങ്ങളിലും ബംഗാൾ ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തിയ ശേഷം അഴിമതിക്കേസിൽ ഉൾപ്പെട്ട നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇവരിൽ പലരും ഇപ്പോൾ ബിജെപി നേതാക്കളാണ്. ഈ അർഥത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും ഒരുപോലെ കുറ്റക്കാരാണ്.
എന്നാൽ കൊൽക്കത്ത പോലീസ് കമ്മീഷണറെ അദ്ദേഹത്തിന്റെ വസതിയിൽ ചോദ്യം ചെയ്യുന്നതിന് സി.ബി.ഐ ഉദ്യോഗസ്ഥരെ ഉയോഗിച്ച ബിജെപി സർക്കാരിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ആജ്ഞാനുവർത്തി സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് എത്തിയപ്പോൾ തന്നെ ഇത്തരത്തിലുള്ള വിനാശകരമായ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതാണ്. ക്രമസമാധാനം സംസ്ഥാന വിഷയമാണ്, അതുകൊണ്ടു തന്നെ ഏത് തരത്തിലുള്ള പോലീസ് നടപടിയും സംസ്ഥാന പോലീസിന്റെ സഹായത്തോടെ ആകണമെന്നാണ് ചട്ടം.
ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ പോലീസ് കമ്മീഷണറുടെ ഓഫീസിലേക്കാണ് നേരെ പോയത്. ഇതിനെ വിനാശകരമായ പ്രവൃത്തി എന്നു തന്നെ വ്യക്തമായി പറയാം. പരമോന്നത കോടതി പോലും ഈ നടപടി അംഗീകരിച്ചില്ല. സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന പ്രദേശിക പാർട്ടികളോട് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണികളെ അവഗണിക്കാൻ കഴിയില്ല.
ബ്രിഗേഡ് ഗ്രൗണ്ടിൽ ഇടത് പാർട്ടികളുടെ ചരിത്രസംഭവമായ റാലി സംഘടിപ്പിച്ച ദിവസമാണ് സിബിഐയെ വേണ്ടാത്ത പ്രവർത്തനങ്ങൾക്കായി ബിജെപി ഉപയോഗിച്ചത്. മാധ്യമവാർത്തകളിൽ നിന്നും റാലിയെ ഒഴിവാക്കുന്നതിനും അവഗണിക്കുന്നതിനുമാണ് ഈ ദിവസം തന്നെ ബി.ജെ.പി സി.ബി.ഐയെ ഉപയോഗിച്ച് ഈ നാടകം നടത്തിയത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ജനാധിപത്യ- മതേതര പാർട്ടികൾ കൂടുതൽ ജാഗരൂകരാകണം. ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ സാധ്യമായതെല്ലാം ചെയ്തില്ലെങ്കിൽ വർഗീയതയുടെ പേരിലുള്ള വിഭജനമായിരിക്കും ഫലം. അതാകട്ടെ, ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും രാജ്യത്ത് സൃഷ്ടിക്കുക.

Latest News