Monday , February   18, 2019
Monday , February   18, 2019

മോഡിയുടെ സാന്നിധ്യത്തില്‍ ത്രിപുരയില്‍ ബിജെപി മന്ത്രി വനിതാ മന്ത്രിയുടെ അരക്കെട്ടില്‍ പിടിച്ചു- Video

അഗര്‍ത്തല- പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയുടെ അരക്കെട്ടില്‍ പിടിച്ച ത്രിപുര മന്ത്രി വിവാദത്തില്‍. മന്ത്രിയുടെ അനുചിത നടപടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കയാണ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ ബി.ജെ.പിയുടെ മന്ത്രി മനോജ് കാന്തി ദേബ് വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മന്ത്രിയായ സാന്തന ചക്മയുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിക്കുന്നത് കാണാം. യുവ ഗോത്രവര്‍ഗ നേതാവു കൂടിയായ ചക്മ ഉടന്‍ മന്ത്രിയുടെ കൈ തട്ടിമാറ്റുന്നതും വിഡിയോയില്‍ കാണാം. പ്രധാനമന്ത്രി മോഡിക്ക് പുറമെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും വേദിയിലുണ്ടായിരുന്നു. 

ത്രിപുരയിലെ ബിജെപി മന്ത്രി സഭയിലെ ഏക വനിതാ മന്ത്രിയാണ് ചക്മ. സഹപ്രവര്‍ത്തകയോട് പരസ്യമായി തീര്‍ത്തും മോശമായി പെരുമാറിയ മന്ത്രി മനോജ് കാന്ത് ദേബ് വനിതാ മന്ത്രിയുടെ അന്തസ്സിനേയും മാന്യതയേയും കളങ്കപ്പെടുത്തിയിരിക്കുകയാണെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ബിജന്‍ ധര്‍ പറഞ്ഞു. മന്ത്രിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുക്കണമെന്നും മന്ത്രസഭയില്‍നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷമായ ഇടതുമുന്നണി ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആദിവാസി സംഘടനകളും ഉടന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും റിപോര്‍ട്ടുണ്ട്. അതേസമയം വിവാദം മന്ത്രിയെ വ്യക്തിഹത്യ നടത്താനാണെന്നാണ് ബിജെപിയുടെ പ്രതികരണം.

Latest News