Monday , February   18, 2019
Monday , February   18, 2019

മിനര്‍വക്ക് ഇന്ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റം

തെഹ്‌റാന്‍ - നിലവിലെ ഐ-ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ മിനര്‍വ എഫ്.സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇ്ന്ന് അരങ്ങേറുന്നു. ഇറാന്‍ ഫുട്‌ബോള്‍ രോമാഞ്ചം അലി ദാഇ പരിശീലിപ്പിക്കുന്ന സായ്പക്കെതിരെ തെഹ്‌റാനിലെ ശഹ്‌റെ ഖുദ്‌സ് സ്റ്റേഡിയത്തിലാണ് മിനര്‍വയുടെ ആദ്യ മത്സരം. ഐ-ലീഗില്‍ ഒട്ടും ഫോമിലല്ല മിനര്‍വ. സായ്പ രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ മുഖം കാണിക്കുന്നത്. 
കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യന്മാരെന്ന നിലയിലാണ് മിനര്‍വ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. എന്നാല്‍ ഈ സീസണില്‍ 16 കളികളില്‍ മൂന്നു ജയം മാത്രമാണ് മിനര്‍വ നേടിയത്. പോയന്റ് പട്ടികയില്‍ അവര്‍ ഒമ്പതാം സ്ഥാനത്താണ്. 
രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച റെക്കോര്‍ഡിനുടമയായ ദാഇ പരിശീലിപ്പിക്കുന്ന സായ്പ 2008 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ ബുന്യാദ്‌കോര്‍ എഫ്.സിയോടാണ് അന്ന് തോറ്റത്. 
സായ്പയും ഒട്ടും ഫോമിലല്ല. ഇറാന്‍ ലീഗില്‍ അവര്‍ പത്താം സ്ഥാനത്താണ്. 16 കളികളില്‍ നാലെണ്ണം മാത്രമേ ജയിച്ചിട്ടുള്ളൂ. ഇറാനിയന്‍ ഓട്ടോമൊബൈല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്ലബ് അവസാനം ലീഗ് ചാമ്പ്യന്മാരായത് 2006-07 ലാണ്. ഇറാനില്‍ ഏറ്റവും മികച്ച യൂത്ത് അക്കാദമികളുള്ള ക്ലബ്ബാണ് സായ്പ. മിനര്‍വക്കും ഇന്ത്യയില്‍ നല്ല അക്കാദമിയുണ്ട്. രണ്ട് ടീമുകളും അക്കാദമി താരങ്ങള്‍ക്ക് ഫസ്റ്റ് ടീമില്‍ അവസരം നല്‍കാറുണ്ട്. 
1993-2006 കാലയളവില്‍ ഇറാനു കളിച്ച അലി ദാഇ 149 രാജ്യാന്തര മത്സരങ്ങളില്‍ 109 ഗോളടിച്ചിട്ടുണ്ട്. എന്നാല്‍ സായ്പയില്‍ ഇറാന്റെ രാജ്യാന്തര കളിക്കാര്‍ ആരുമില്ല. ഏക വിദേശ താരം ഘാനയുടെ ഡിഫന്റര്‍ സാമുവേല്‍ സര്‍ഫോയാണ്. 
മിനര്‍വ ഇന്ന് ജയിക്കുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ട പ്ലേഓഫില്‍ ഖത്തറിലെ അല്‍റയ്യാനുമായി കളിക്കാം. തോറ്റാല്‍ എ.എഫ്.സി കപ്പ് ടൂര്‍ണമെന്റിലേക്ക് തരംതാഴ്ത്തപ്പെടും. 

Latest News