കരിയറിലെ പതിമൂന്നാമത്തെ ഇറാനി ട്രോഫി മത്സരത്തിനായി വസീം ജാഫര്‍ ഇന്ന് പാഡ് കെട്ടും. ഇതോടെ വിനു മങ്കാദിന്റെ റെക്കോര്‍ഡിനൊപ്പമെത്തും ജാഫര്‍. ഒരു കളിക്കാരന് എത്ര നന്നായി കളിച്ചാലും ഇറാനി ട്രോഫിയില്‍ മുഖം കാണിക്കാനാവണമെന്നില്ല. അതിന് ഒന്നുകില്‍ ആ താരമുള്‍പ്പെട്ട ടീം രഞ്ജി ചാമ്പ്യന്മാരാവണം. അല്ലെങ്കില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ സ്ഥാനം നേടണം. ആറു തവണ മുംബൈക്കും രണ്ടു തവണ വിദര്‍ഭക്കും ബാക്കി റെസ്റ്റ് ഓഫ് ഇന്ത്യക്കുമാണ് ജാഫര്‍ കളിച്ചത്. മങ്കാദ് 13 തവണയും ബോംബെക്കു വേണ്ടിയാണ് പാഡണിഞ്ഞത്. കഴിഞ്ഞ വര്‍ഷം ജാഫര്‍ നേടിയ 286 റണ്‍സാണ് ഇറാനി ട്രോഫിയിലെയിലെ ഉയര്‍ന്ന സ്കോര്‍. കൂടുതല്‍ റണ്‍സടിച്ചതും ജാഫര്‍ തന്നെ -1294.
രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയും റെസ്റ്റ് ഓഫ് ഇന്ത്യ ടീമും തമ്മിലുള്ള ഇറാനി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് നാഗ്പൂരില്‍ തുടങ്ങും. ഉമേഷ് യാദവിന് പരിക്കേറ്റത് വിദര്‍ഭക്ക് വലിയ ക്ഷീണമാണ്. റെസ്റ്റിനു വേണ്ടി മലയാളി പെയ്സ്ബൗളര്‍ സന്ദീപ് വാര്യര്‍ ബൗളിംഗ് ഓപണ്‍ ചെയ്തേക്കും.
മുന്‍കാലത്ത് പോയ വര്‍ഷത്തെ രഞ്ജി ടീമുകളായിരുന്നു ഇറാനി ട്രോഫിയില്‍ കളിച്ചിരുന്നത്. പുതുതായി രഞ്ജി കിരീടം നേടിയവര്‍ ഇറാനി ട്രോഫി കളിക്കുന്ന രീതി അഞ്ചു വര്‍ഷം മുമ്പാണ് ആരംഭിച്ചത്. 2013 വരെയുള്ള 15 ഇറാനി ട്രോഫികളില്‍ രണ്ടു തവണ മാത്രമാണ് റെസ്റ്റ് ടീം തോറ്റത്. എന്നാല്‍ അതിനു ശേഷം രണ്ടു തവണയേ റെസ്റ്റിന് ജയിക്കാനായിട്ടുള്ളൂ.
ഇത്തവണ അജിന്‍ക്യ രഹാനെയും ഹനുമ വിഹാരിയും മായാങ്ക് അഗര്‍വാളുമൊക്കെ ഇറങ്ങുന്ന റെസ്റ്റിന്റെ ബാറ്റിംഗ് നിര ശക്തമാണ്. ശ്രേയസ് അയ്യര്‍, ഇശാന് കിഷന് തുടങ്ങിയ കളിക്കാരുമുണ്ട്.
കഴിഞ്ഞ വര്‍ഷം കന്നി രഞ്ജി ട്രോഫി നേടിയതിനു പിന്നാലെ വിദര്‍ഭ ഇറാനി ട്രോഫിയിലും ആദ്യമായി മുത്തമിട്ടിരുന്നു. ആ നേട്ടം ആവര്‍ത്തിക്കാനായിരിക്കും അവരുടെ ശ്രമം. കഴിഞ്ഞ വര്‍ഷം ആര്. അശ്വിനും നവദീപ് സൈനിയും സിദ്ധാര്‍ഥ കൗളുമടങ്ങുന്ന ബൗളിംഗ് നിരക്കെതിരെ വസീം ജാഫറും ഗണേശ് സതീഷും അപൂര്‍വ് വാംഖഡെയും വിദര്‍ഭയെ ഏഴിന് 800 ലേക്ക് നയിച്ചു. ഉമേഷിന്റെ അഭാവത്തില്‍ സ്പിന്നര്‍ ആദിത്യ സര്വാതെയായിരിക്കും വിദര്‍ഭ ബൗളിംഗിന്റെ ചുക്കാന്‍ പിടിക്കുക. റെസ്റ്റിന്റെ ധര്‍മേന്ദ്ര സിംഗ് ജദേജ, അങ്കിത് രാജ്പൂത്, സന്ദീപ് വാര്യര്‍, തന്‍വീറുല്‍ ഹഖ് എന്നിവരെല്ലാം ചേര്‍ന്ന് ഈ സീസണില്‍ 195 രഞ്ജി വിക്കറ്റുകളെടുത്തിട്ടുണ്ട്.