Wednesday , April   24, 2019
Wednesday , April   24, 2019

മാന്‍സിയുടെ ഹാട്രിക് വെറുതെ, ചെന്നൈ 3-0 ലീഡ് തുലച്ചു

ഗുവാഹതി - ഐ-ലീഗ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടത്തില്‍ മൂന്നു ഗോളിന് പിന്നിലായ ശേഷം നെരോക്ക എഫ്.സി സമനില നേടി. ഇഞ്ചുറി ടൈമിലായിരുന്നു അവസാന ഗോള്‍. പെഡ്രൊ മാന്‍സിയുടെ ഹാട്രിക്കിലൂടെ ആദ്യ പകുതിയില്‍ 3-0 ന് മുന്നിലെത്തിയ ചെന്നൈ സിറ്റി എഫ്.സിയാണ് വിജയം കൈവിട്ടത്.  ചെന്നൈ സിറ്റിക്കു വേണ്ടി മാന്‍സിയുടെ നാലാമത്തെ ഹാട്രിക്കാണ് ഇത്. 34, 41 മിനിറ്റുകളിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലുമായിരുന്നു മാന്‍സിയുടെ ഗോളുകള്‍. നിലവിലെ റണ്ണേഴ്‌സപ്പായ നെരോക്ക രണ്ടാം പകുതിയില്‍ ഉജ്വലമായി തിരിച്ചുവന്നു. അമ്പത്തിരണ്ടാം മിനിറ്റില്‍ ഫെലിക്‌സ് ചിഡിയും അറുപത്തെട്ടാം മിനിറ്റില്‍ ചെഞ്ചൊ ഗൈല്‍ഷനും ഇഞ്ചുറി ടൈമില്‍ ആര്യന്‍ വില്യംസും സ്‌കോര്‍ ചെയ്തു.
മൂന്നു ഗോള്‍ ലീഡ് തുലച്ചെങ്കിലും ചെന്നൈ സിറ്റി ഒന്നാം സ്ഥാനത്തു തുടരുന്നു (16 കളികളില്‍ 34 പോയന്റ്). അരങ്ങേറ്റക്കാരായ റയല്‍ കശ്മീര്‍ രണ്ട് പോയന്റ് പിന്നിലുണ്ട് (16 കളികളില്‍ 32). നെരോക്ക അഞ്ചാം സ്ഥാനത്താണ് (17 കളികളില്‍ 26).