Tuesday , April   23, 2019
Tuesday , April   23, 2019

ദോശ വിറ്റ് മുപ്പത് കോടി  വാരിയ പ്രേം ഗണപതി 

ചെന്നൈ സ്വദേശി പ്രേം ഗണപതിയെന്ന ദോശാവാല ശൂന്യതയില്‍ നിന്നാണ് തന്റെ ബിസിനസ് തുടങ്ങിയത്. അഞ്ചു പൈസ പോസും കൈയിലുണ്ടായിരുന്നില്ല. അവിടെ നിന്നാണ് 30 കോടിയുടെ ആസ്തിയുള്ള ബിസിനസ് ശൃംഖലയുടെ ഉടമയായി ഇദ്ദേഹം മാറിയത്. കൂട്ടിന് ആകെയുണ്ടായിരുന്നത് ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിശ്ചദാര്‍ഢ്യം ഒന്നു മാത്രം.   ബിസിനസുകാരനാവണമെന്ന മോഹത്താല്‍ ആകെയുണ്ടായിരുന്ന 200 രൂപയുമായി മുബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു ഈ 17കാരന്‍. എന്നാല്‍ സ്‌റ്റേഷനില്‍ വെച്ച് ആകെയുള്ള സമ്പാദ്യമടങ്ങിയ പേഴ്‌സ് ആരോ തട്ടിയെടുത്തു. അപരിചിതമായ നഗരം. ഹിന്ദി തീരെ വശമില്ല. പരിചയക്കാരായി ഒരാളുപോലുമില്ല. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചരണ്ടു നിന്ന പയ്യന്റെ ദയനീയാവസ്ഥ കണ്ട മറ്റൊരു തമിഴ്‌നാട്ടുകാരന്‍ അവനെയും കൂട്ടി തൊട്ടടുത്ത ക്ഷേത്രത്തിലേക്കു പോയി. നാട്ടിലേക്ക് തിരികെ പോവാനുള്ള പണം ഭക്തരില്‍ നിന്ന് സംഘടിപ്പിച്ചു നല്‍കി. മടങ്ങിപ്പോവാന്‍ മനസ്സില്ല എന്നാല്‍ ഒരു ലക്ഷ്യവുമായി മുബൈ നഗരത്തിലേക്ക് തീവണ്ടി കയറിയ ഗണപതി തോറ്റുപി•ാറാന്‍ ഒരുക്കമായിരുന്നില്ല. താന്‍ നാട്ടിലേക്ക് തിരികെയില്ലെന്ന് പയ്യന്‍ പറഞ്ഞു. തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ മഹിം ബെയ്ക്കറിയില്‍ പാത്രം കഴുകുന്ന ജോലി തരപ്പെടുത്തി. മാസം 150 രൂപയാണ് ശമ്പളം. താന്‍ പത്താംക്ലാസ് പാസ്സാണെന്നും വെയിറ്ററായി നിന്നോളാമെന്നും മുതലാളിയോട് പറഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടായില്ല. തമിഴനെ സപ്ലൈക്ക് നിര്‍ത്തുന്നത് പ്രദേശവാസികളുടെ രോഷത്തിന് കാരണമാവുമത്രെ. ഹോട്ടലിന് സമീപം മറ്റൊരു ദോശ റെസ്‌റ്റോറന്റ് തുടങ്ങിയത് ഗണപതിക്ക് ഗുണമായി. പാത്രം കഴുകുന്ന പണിക്കു പകരം ടീ ബോയ് ആയി ജോലിനല്‍കാമെന്ന് പുതിയ മുതലാളി പറഞ്ഞു. ബിസിനസ് രംഗത്തേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. ഗണപതിയുടെ മാന്യവും സ്‌നേഹസമ്പന്നവുമായ പെരുമാറ്റവും ചായ വില്‍ക്കുന്ന രീതിയും ആളുകളുടെ പ്രശംസ പിടിച്ചുപറ്റി.   ദിവസം 1000 രൂപയുടെ ചായ വിറ്റു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രദേശവാസികളുടെ പ്രിയങ്കരനായി മാറിയ ഗണപതിയുടെ ചായക്കച്ചവടം പൊടിപൊടിച്ചു. മറ്റുള്ള കുട്ടികള്‍ വില്‍ക്കുന്നതിന്റെ മൂന്നിരട്ടി ചായ അവന്‍ വിറ്റു. ദിവസം ആയിരത്തിലേറെ രൂപയുടെ ചായയാണ് പുതിയ മുതലാളിക്കു വേണ്ടി അവന്‍ വില്‍പ്പന നടത്തിയത്.
ഗണപതിയുടെ ബിസിനസ് മിടുക്ക് തിരിച്ചറിഞ്ഞ ഒരു കസ്റ്റമര്‍ ഒരു ആശയം മുന്നോട്ടുവച്ചു. മുംബൈയിലെ വഷിയില്‍ ഒരു പുതിയ ടീ ഷോപ്പ് തുടങ്ങാം. മുതല്‍മുടക്ക് അയാള്‍ വഹിക്കും. ഷോപ്പ് ഗണപതി നടത്തണം. ലാഭം 50:50 അനുപാതത്തില്‍ വീതിച്ചെടുക്കാം. പ്രതീക്ഷിച്ച പോലെ കച്ചവടം പൊടിപൊടിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ മുതലാളിക്ക് അത്യാഗ്രഹം മൂത്തു. ലാഭത്തിന്റെ പകുതി ഗണപതി സ്വന്തമാക്കുന്നത് അയാള്‍ക്ക് സഹിച്ചില്ല. പകരം വേറൊരാളെ വെച്ച് ഗണപതിയെ അയാള്‍ കടയില്‍ നിന്ന് പറഞ്ഞുവിട്ടു. വീണ്ടും കഷ്ടപ്പാടുകളുടെ നാളുകളായിരുന്നു ഗണപതിക്ക്. പലരില്‍ നിന്നായി കടംവാങ്ങി ചെറിയൊരു ചായക്കട തുടങ്ങിയെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ഒഴിവാക്കേണ്ടിവന്നു. 1992ലാണ് സ്വന്തമായി ഒരു ഉന്തുവണ്ടി വാങ്ങി വാഷി സ്‌റ്റേഷനു പുറത്ത് തട്ടുകട തുടങ്ങിയത്. ദോശയായിരുന്നു പ്രധാന ഐറ്റം. എന്നാല്‍ ആളുകളെ അവിടേക്ക് ആകര്‍ഷിച്ചത് അവിടത്തെ വൃത്തിയും വെടിപ്പുമായിരുന്നു. മറ്റ് തട്ടുകടകളില്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ശുചിത്വം നിരവധി ഉപഭോക്താക്കളെ ഗണപതിക്ക് നല്‍കി. കോളേജ് കുട്ടികളായിരുന്നു ഉപഭോക്താക്കളിലേറെയും. കച്ചവടം കൂടിയതോടെ രണ്ടു പേരെ തട്ടുകടയില്‍ ജോലിക്ക് വെച്ചു. ദോശയ്ക്കും വൃത്തിക്കും പേരുകേട്ട തട്ടുകടയായി ഇത് മാറി. പോലിസായിരുന്നു വലിയ തലവേദന. റോഡരികിലെ ഉന്തുവണ്ടി ഇടയ്ക്കിടെ പോലിസ് പിടിച്ചെടുത്തു കൊണ്ടുപോയി. അത് തിരിച്ചെടുക്കാന്‍ വലിയ പിഴ നല്‍കുകയല്ലാതെ വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ അഞ്ചു വര്‍ഷം ഉന്തുവണ്ടിയിലെ ദോശക്കട തുടര്‍ന്നു. ഇതിനിടയില്‍ തരക്കേടില്ലാതെ പണം സമ്പാദിക്കാന്‍ ഗണപതിക്ക് കഴിഞ്ഞു. 2017ല്‍ ജീവിതത്തിലെ മറ്റൊരു പരീക്ഷണത്തിന് അദ്ദേഹം തയ്യാറായി. മാസത്തില്‍ 5000 രൂപ നല്‍കി ഒരു ചെറിയ കട വാടകയ്‌ക്കെടുത്തു. അവിടെ ദോശ പ്ലാസ എന്ന പേരില്‍ ഒരു ദക്ഷിണേന്ത്യന്‍ ഭക്ഷണ ശാല തുടങ്ങി. കോളേജ് വിദ്യാര്‍ഥികളായ സ്ഥിരം സന്ദര്‍ശകരില്‍ നിന്ന് ഇന്റര്‍നെറ്റിനെ കുറിച്ച് മനസ്സിലാക്കിയ ഗണപതി, ഓണ്‍ലൈനില്‍ പുതിയ പാചകക്കൂട്ടുകള്‍ തിരഞ്ഞു. അവ പരീക്ഷിച്ചതോടെ വിവിധ രുചികളിലുള്ള ദോശകള്‍ തീന്‍മേശകളിലെത്തി. പിന്നീട് വ്യത്യസ്ത രുചിക്കൂട്ടികളോടെ 105 തരം ദോശകളാണ് ദോശ പ്ലാസയില്‍ ചുട്ടെടുത്തത്. ഇതുതന്നെ കടയുടെ വലിയ പരസ്യമായി മാറി. ബിസിനസ് കൂടിയതോടെ കൂടുതല്‍ തൊഴിലാളികളെ ജോലിക്കു വച്ചു. അതിനിടെ ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകരിലൊരാളാണ് നവീ മുംബൈയിലെ സെന്റര്‍ വണ്‍ ഷോപ്പിംഗ് മാളിലെ ഫുഡ്‌കോര്‍ട്ടില്‍ ദോശ പ്ലാസയുടെ ശാഖ തുടങ്ങിയാലോ എന്ന ആശയം മുന്നോട്ടുവച്ചത്. വളര്‍ച്ചയുടെ രണ്ടാം ഘട്ടമായിരുന്നു അത്. അതും വലിയ ഹിറ്റായി. ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി ഇതും വളര്‍ന്നു. ക്രമേണ പരസ്യ ഏജന്‍സിയെ സമീപിച്ച് ദോശ പ്ലാസക്ക് ഒരു ലോഗോയും മെനു കാര്‍ഡും ഡിസൈന്‍ ചെയ്തു. വെയിറ്റര്‍മാര്‍ക്ക് പ്രത്യേക ഡ്രസ് കോഡും ഏര്‍പ്പെടുത്തി. ഫ്രാഞ്ചൈസികളിലേക്ക് ദോശ പ്ലാസയുടെ പ്രശസ്തി നാടെങ്ങും പരന്നതോടെ അതിന്റെ ഫ്രാഞ്ചൈസികള്‍ തുടങ്ങാനായി നിരവധി പേര്‍ താല്‍പര്യവുമായെത്തി. പിന്നീട് പ്രേം ഗണപതിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിനകത്തും പുറത്തും നിരവധി ശാഖകളുള്ള ഹോട്ടല്‍ ശൃംഖലയായി ദോശ പ്ലാസ വളര്‍ന്നു പന്തലിച്ചു. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലും ഒമാന്‍,  ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലും ദോശ പ്ലാസയ്ക്ക് ബ്രാഞ്ചുകളുണ്ട്. അഞ്ച് പൈസ പോലും കൈവശമില്ലാതെ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനു പുറത്ത് നിസ്സഹായനായി നിന്ന ഗണപതി 30ലേറെ കോടി ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉമടയാണിപ്പോള്‍. 

Latest News