Thursday , April   25, 2019
Thursday , April   25, 2019

തൊഴില്‍ നൈപുണ്യം നേടാന്‍ സൗദികള്‍ ഇന്ത്യയിലേക്ക്

ജിദ്ദ-സ്വദേശി ജീവനക്കാര്‍ക്ക് ഇന്ത്യയില്‍ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതിയുമായി പ്രശസ്ത ആരോഗ്യ സേവന ദാതാക്കളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്. ഗ്രൂപ്പ് ജീവനക്കാരായ സ്വദേശികള്‍ക്കായി ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ബാച്ച് ബംഗളൂരുവിലേക്ക് പുറപ്പെട്ടു. ഇംഗ്ലീഷ് ഭാഷ, വ്യക്തിത്വ വികസനം, തൊഴില്‍ നൈപുണ്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് മൂന്ന് മാസം നീളുന്ന പരിശീലന പരിപാടി.
വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നിലവില്‍ വരുന്ന സാഹചര്യത്തില്‍ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ നിരന്തര പരിശീലനങ്ങളിലൂടെ കാര്യപ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് അബീറിനുള്ളത്. സ്ഥാപനത്തിലെ സ്വദേശി ജീവനക്കാരില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും തൊഴില്‍ വൈദഗ്ധ്യവും ആശയ വിനിമയ നൈപുണ്യവും നേടുന്നതിന് ഇത്തരം പരിശീലനങ്ങള്‍ വലിയ രീതിയില്‍ ഉപകരിക്കുമെന്നും ഭാവിയില്‍ സൗദിയില്‍ തന്നെ അന്തരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രം ആരംഭിക്കുവാന്‍ അബീര്‍ ഗ്രൂപ്പിനു പദ്ധതിയുണ്ടെന്നും ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയുടെ വിഷന്‍ 2030 നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൂടിയാണ് ഇത്തരം പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ആദ്യ ബാച്ചിലുള്ളത്. പഠിതാക്കളുടെ കോഴ്‌സ് ഫീ, താമസം, യാത്ര തുടങ്ങിയ മുഴുവന്‍ ചെലവുകളും കമ്പനി ബഹിക്കും. ആദ്യ ബാച്ചിനുള്ള യാത്രയപ്പ് ജിദ്ദയിലെ അബീര്‍ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്നു. ഗ്രുപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത് അഹമ്മദ്, ജനറല്‍ മാനേജര്‍ സയിദ് സുല്ലമി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍, സീനിയര്‍ എച്ച്.ആര്‍ മാനേജര്‍ ഖുലൂദ് എ ബയാസീദ്, ഉമര്‍ അല്‍ ഗാംദി, അബ്ദുല്‍ റഹ്മാന്‍ പോയക്കര, ഫസീയുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.