Thursday , April   25, 2019
Thursday , April   25, 2019

തിരശ്ശീലക്കു പിന്നിൽ

ഇലക്ഷനു മുമ്പ് വോട്ടർമാരെ സ്വാധീനിക്കുകയെന്ന ഏക ലക്ഷ്യത്തോടെ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. സ്വന്തം നേതാവിനെ പുകഴ്ത്തുന്ന സിനിമകൾ മാത്രമല്ല, എതിരാളികളെ ഇടിച്ചുതാഴ്ത്തുന്ന സിനിമകളും 
റിലീസ് ചെയ്യപ്പെട്ടതോടെ ഇവിടെയും സംഘ്പരിവാറാണ്  പല ചുവട് മുന്നിൽ. 

രാഷ്ട്രീയ സിനിമകൾ പുത്തരിയല്ല. ഇ.എം.എസിനെ കേന്ദ്ര കഥാപാത്രമാക്കിയ പ്രിയനന്ദനന്റെ അരങ്ങേറ്റ സിനിമ 'നെയ്ത്തുകാരൻ'  ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുക്കാൻ ഈ സിനിമക്ക് സാധിച്ചു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടി സിനിമ 'നയം വ്യക്തമാക്കുന്നു' അന്തരിച്ച കോൺഗ്രസ് നനേതാവ് ജി. കാർത്തികേയനെ അനുസ്മരിപ്പിക്കുന്ന നർമം തുളുമ്പുന്ന സിനിമയായിരുന്നു. സന്ദേശം പോലുള്ള സിനിമകൾ കമ്യൂണിസ്റ്റ്, കോൺഗ്രസ് രാഷ്ട്രീയക്കാരെ കണക്കിന് കളിയാക്കുന്നതായിരുന്നു. കെ.ആർ. ഗൗരിയമ്മയെക്കുറിച്ചും മറ്റുമുള്ള പാർട്ടി പക്ഷപാത സിനിമകളും കേരളത്തിൽ ധാരാളം ഇറങ്ങിയിട്ടുണ്ട്. അംബേദ്കറെക്കുറിച്ചുള്ള ഗൗരവമായ ഹിന്ദി സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകൻ. എന്നാൽ മഹാത്മാഗാന്ധിയെക്കുറിച്ച് ഗൗരവമായ സിനിമയെടുക്കാർ റിച്ചാഡ് ആറ്റൻബറൊ വേണ്ടിവന്നു. സർദാർ പട്ടേലിനെക്കുറിച്ച് സിനിമ നിർമിക്കാൻ നാഷനൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും പണം ചെലവഴിക്കേണ്ടി വന്നു. 
2019 ലെ പൊതു തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പതിവില്ലാത്ത വിധം തിരശ്ശീല രാഷ്ട്രീയ നിറമണിയുകയാണ്. മോഡി ഭക്തി പ്രകടിപ്പിക്കുന്ന നിരവധി സിനിമകളാണ് അണിഞ്ഞൊരുങ്ങുന്നത്. മൻമോഹൻ സിംഗിന്റെ ബയോപിക് എന്ന നിലയിൽ സോണിയാ ഗാന്ധിയെ പരിഹസിക്കുന്ന സിനിമയും സംഘ്പരിവാർ ആശയം തന്നെയാണ് പ്രചരിപ്പിക്കുന്നത്. സർജിക്കൽ സ്‌ട്രൈക്കിനെ നാടകീയമായി അവതരിപ്പിക്കുന്ന ഉറി എന്ന സിനിമയും ഇലക്ഷനു മുമ്പ് തിയേറ്ററുകളിലെത്തും. 'മൈ നൈം ഈസ് രാഗ' എന്ന പേരിൽ മലയാളി രൂപേഷ് പോളിന്റെ രാഹുൽ ഗാന്ധി ബയോപിക് ആണ് സംഘ്പരിവാറിന്റെ പ്രചാരണ മാമാങ്കത്തെ വെല്ലാൻ മറുപക്ഷത്തിന് എടുത്തു കാണിക്കാനുള്ള ഏക സിനിമ. നിരന്തരമായി ആക്രമിക്കപ്പെടുകയും പരാജയങ്ങൾ നേരിടുകയും ചെയ്യുന്ന ഒരാളുടെ തിരിച്ചുവരവാണ് സിനിമയുടെ പ്രമേയമെന്ന് രൂപേഷ് പോൾ പറയുന്നു. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനമുൾപ്പെടെ കാര്യങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. 
മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ ആധാരമാക്കിയാണ് 'ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്ന ബയോപിക് തയാറാക്കിയിരിക്കുന്നത്. മോഡി ഭക്തനായ അനുപം ഖേറാണ് ഇതിൽ മൻമോഹന്റെ വേഷമിടുന്നത് എന്നതാണ് കൗതുകം. മൻമോഹൻ ഭരിക്കുമ്പോൾ സോണിയാ ഗാന്ധിയായിരുന്നു യഥാർഥ അധികാര കേന്ദ്രം എന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത്. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ച് രണ്ട് സിനിമകൾ ഇലക്ഷന് മുമ്പ് തിയേറ്ററുകളിലെത്തിയേക്കും. അതിൽ വിവേക് ഒബറോയി നായകനായുള്ള 'മോഡി' 23 ഭാഷകളിലാണ് നിർമിക്കുന്നത്. ബി.ജെ.പി അംഗമായ നടൻ പരേഷ് റാവലും മോഡിയെക്കുറിച്ച് മറ്റൊരു സിനിമ നിർമിക്കുന്നുണ്ട്. നവാസുദ്ദീൻ സിദ്ദീഖി നായകനായ 'താക്കറേ'യും  ഇലക്ഷനു മുമ്പ് റിലീസാകും. ശിവസേനാ എം.പി സഞ്ജയ് റൗത്താണ് 'താക്കറേ' നിർമിക്കുന്നത്. 
ഇവയൊക്കെ പ്രചാരണ സിനിമകളാണെങ്കിൽ ഗൗരവതരമായ ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിവേക് അഗ്‌നിഹോത്രിയുടെ 'താഷ്‌കെന്റ് ഫയൽസ്' മുൻ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ളതാണ്. നാലു വർഷത്തെ ഗവേഷണത്തിന്റെ ഫലമാണ് ഈ സിനിമയെന്നും തിരക്കുപിടിച്ച് ഇലക്ഷന് മുമ്പ് റിലീസ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്നും അഗ്നിഹോത്രി പറയുന്നു. 
അഭ്രപാളിയും രാഷ്ട്രീയവും പലപ്പോഴും കൂടിക്കലരുന്ന തെന്നിന്ത്യയിലും തെരഞ്ഞെടുപ്പ് സിനിമകൾ തയാറാവുന്നുണ്ട്. എൻ.ടി.ആറിനെക്കുറിച്ച് നിരവധി സിനിമകൾ ഇതിനകം വന്നു കഴിഞ്ഞു. അവയിൽ അവസാനത്തേതാണ് 'എൻ.ടി.ആർ മഹാനായകനുഡു'. സിനിയുമയിൽ നിന്ന് എൻ.ടി.ആറിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതിന്റെ പ്രതിപാദ്യ വിഷയം. എതിരാളികളായ വൈ.എസ്.ആർ കോൺഗ്രസ് ഇത്തവണ തെലുഗുദേശത്തെ കടത്തിവെട്ടി. 'ലക്ഷ്മീസ് എൻ.ടി.ആർ' എന്ന മറു സിനിമയുമായി അവർ രംഗത്തെത്തി. ഈ സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയാണ് സംവിധാനം ചെയ്യുന്നത്. എൻ.ടി.ആറിന്റെ കുടുംബം അംഗീകരിക്കാത്ത, എൻ.ടി.ആറും ലക്ഷ്മിപാർവതിയും തമ്മിലുള്ള ബന്ധമാണ് ഈ സിനിമയുടെ പ്രമേയം. വൈ.എസ്.ആർ കോൺഗ്രസിന്റെ പിന്തുണയോടെ വൈ.എസ്. രാജശേഖര റെഡ്ഢിയെക്കുറിച്ച 'യാത്ര' എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. മമ്മൂട്ടിയാണ് ഇതിൽ വൈ.എസ്.ആറായി വേഷമിടുന്നത്. തമിഴ്‌നാട്ടിൽ ജയലളിതയെക്കുറിച്ചാണ് സിനിമ വരുന്നത്. എ. പ്രിയദർശിനി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് 'അയേൺ ലേഡി' എന്നാണ്.  
പ്രചാരണ സിനിമകൾക്ക് വോട്ടർമാരെ സ്വാധീനിക്കാനാവുമോയെന്ന് കണ്ടറിയണം. നാടകീയമായ രംഗങ്ങളുള്ള ഉറി ഒഴികെ എല്ലാത്തിലും വരണ്ട തിരക്കഥയുമാണ്. എന്നാലും കുറച്ചു വോട്ട് കിട്ടുമെങ്കിൽ, ആരാധക മനസ്സ് പിടിക്കാൻ ഏതറ്റം വരെയും പോകാൻ രാഷ്ട്രീയക്കാർ ഒരുക്കമാണ്.