Thursday , April   25, 2019
Thursday , April   25, 2019

ഉദ്ഘാടനം, സ്ഥലംമാറ്റം: തെരഞ്ഞെടുപ്പിന് മുമ്പേ  ജോലികളേറെ

മലപ്പുറം-തെരഞ്ഞെടുപ്പ് ഏതു നിമിഷവും പ്രഖ്യാപിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും. തെരഞ്ഞെടുപ്പു കമ്മീഷൻ ആ പ്രഖ്യാപനം നടത്തിയാൽ പിന്നെ എല്ലാത്തിനും നിയന്ത്രണമാണ്. അതുകൊണ്ട് തിരക്കിട്ട് ചില കാര്യങ്ങൾ ചെയ്തുതീർക്കുകയാണ് ഭരണ രംഗത്തുള്ളവർ. പദ്ധതികളുടെ തിരക്കിട്ടുള്ള ഉദ്ഘാടനം, ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം എന്നിവയാണ് തകൃതിയായി നടക്കുന്നത്.
നിർമാണത്തിലിരിക്കുന്ന പദ്ധതികൾ ഓടി നടന്ന് ഉദ്ഘാടനം ചെയ്യുകയാണ് മന്ത്രിമാർ. വീടു നിർമാണ പദ്ധതികളിൽ പാതി പൂർത്തിയായതും ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. അമ്പതു വീടുകളുടെ പദ്ധതിയിൽ പത്തെണ്ണം പൂർത്തിയാകാനുണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ല. ഉദ്ഘാടനം നടത്താം. ബാക്കി പണി വഴിയെ പൂർത്തിയാക്കിയാൽ മതി. തെരഞ്ഞെടുപ്പെങ്ങാനും പ്രഖ്യാപിച്ചാൽ പിന്നെ ഉള്ളതും ഉദ്ഘാടനം ചെയ്യാൻ കഴിയില്ല.
പുതിയ പദ്ധതികളുടെ പ്രഖ്യാപനവും നടന്നുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സ്വന്തം മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വിശദീകരിക്കുന്ന തിരക്കിലാണ് മന്ത്രിമാരും പാർട്ടി നേതാക്കളും. തെരഞ്ഞെടുപ്പിന് മുമ്പ് വികസനത്തിന്റെ ചിത്രം മണ്ഡലത്തിൽ വിശദീകരിക്കേണ്ടതുണ്ട്. പ്രചാരണ യോഗങ്ങളിൽ ദേശീയ രാഷ്ട്രീയത്തോടൊപ്പം പ്രസംഗിക്കാനുള്ള വിഷയങ്ങളാണിതെല്ലാം. നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും വരാനിരിക്കുന്ന വികസനത്തെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണ പരിപാടികൾക്കും ഭരണപക്ഷ പാർട്ടികൾ തുടക്കം കുറിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആയുധമാക്കാനുള്ളതാണ് ഈ പദ്ധതികൾ. ഉദ്ഘാടനം ചെയ്യാനായില്ലെങ്കിൽ ഭരണ നേട്ടം വിളിച്ചു പറയാനാകില്ല. പ്രതിയോഗികൾ അത് ആയുധമാക്കുകയും ചെയ്യും. പദ്ധതി തുടങ്ങിയിട്ടു കാര്യമില്ലല്ലോ. പൊതുയോഗം നടത്തി ഉദ്ഘാടനം നടത്തി അത് വാർത്തിയാകുമ്പോഴാണല്ലോ അതിന്റെ ഗുണം ലഭിക്കുന്നത്. ഉദ്ഘാടനം നടത്താനായില്ലെങ്കിൽ പൂർത്തിയാക്കാത്ത പദ്ധതിയായി എതിരാളികൾ അത് ഉയർത്തിക്കാട്ടുകയും ചെയ്യും. എല്ലാ തെരഞ്ഞെടുപ്പു കാലത്തും നടക്കുന്ന ഉദ്ഘാടന മാമാങ്കങ്ങൾക്ക് ഇത്തവണയും കുറവൊന്നുമില്ല.
തെരഞ്ഞെടുപ്പിന് മുമ്പേ സ്ഥലം മാറ്റത്തിനായി ശ്രമിക്കുകയാണ് ഉദ്യോഗസ്ഥർ. ട്രാൻസ്ഫർ ഉത്തരവ് സർക്കാർ തയാറാക്കുന്നതിന് മുമ്പ് സ്ഥലം മാറ്റം നാട്ടിലേക്കാക്കാൻ പറ്റുമോ എന്നാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി തിരുവനന്തപുരത്തേക്ക് വിളിയും പോക്കുംവരവുമാണിപ്പോൾ. ഇതു മൂലം സർക്കാർ ഓഫീസുകളിൽ ആളില്ലെന്ന പരാതി വരെയുണ്ട്.
പ്രളയ ബാധിത മേഖലകളിൽ തകർന്ന റോഡുകളുടെ പുനർനിർമാണവും തിരക്കിട്ട് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ടെന്റർ നടപടികൾ പൂർത്തീകരിക്കാനുള്ള തിരിക്കുമുണ്ട്. നേരത്തെ ടെന്റർ ചെയ്തതും പ്രളയം മൂലം തടസ്സപ്പെട്ടതുമായ റോഡ് നിർമാണങ്ങൾ പുനരാരംഭിച്ചിട്ടുമുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടൊപ്പം തെരഞ്ഞെടുപ്പും വന്നതോടെ തകർന്ന റോഡുകൾ മിനുക്കിയെടുക്കാനുള്ള തിരക്കാണെങ്ങും.