Thursday , April   25, 2019
Thursday , April   25, 2019

മിസ്സിംഗ് മുസ്‌ലിമിനെ തേടി സെയ്ഫുല്ലയുടെ ആപ്

2018 ലെ കർണാടക ഇലക്ഷനു മുമ്പാണ് ഖാലിദ് സെയ്ഫുല്ല മിസ്സിംഗ് മുസ്‌ലിം എന്ന മൊബൈൽ ആപ് തയാറാക്കിയത്. മുസ്‌ലിം വോട്ടർമാരെ പരമാവധി വോട്ടർ പട്ടികയിൽ ചേർക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. ദൽഹി ആസ്ഥാനമായ സെന്റർ ഫോർ റിസർച്ച് ആന്റ് ഡിബേറ്റ്‌സ് എന്ന സംഘടനയുടെ ഗവേഷണമനുസരിച്ച് രാജ്യത്തെ മുസ്‌ലിംകളിൽ 25 ശതമാനവും വോട്ടർ പട്ടികക്കു പുറത്താണ്. എല്ലാ സമുദായങ്ങളെയും പരിഗണിക്കുമ്പോൾ വോട്ടർ പട്ടികയിൽ ഇല്ലാത്തവരുടെ എണ്ണം 15 ശതമാനം മാത്രമാണ്. അടുത്ത ലോക്‌സഭാ ഇലക്ഷനിലും മൂന്നു കോടി മൂസ്‌ലിംകൾ ഉൾപ്പെടെ 12.7 കോടി പേർക്ക് വോട്ടവകാശമുണ്ടാവില്ല. 
ഈ വിടവ് നികത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹൈദരാബാദുകാരനായ സാങ്കേതിക വിദഗ്ധൻ ഖാലിദ് സെയ്ഫുല്ല മിസ്സിംഗ് മുസ്‌ലിം എന്ന അപ്ലിക്കേഷൻ തയാറാക്കിയത്. വൻ വിജയമായി അത്. കർണാടകയിൽ മൂന്നാഴ്ച കൊണ്ട് 12 ലക്ഷം പേരെ വോട്ടർ പട്ടികയിൽ ചേർക്കാൻ ഇത് സംസ്ഥാന ഇലക്ഷൻ കമ്മീഷനെ സഹായിച്ചു. കഴിഞ്ഞ മാസം മിസ്സിംഗ് വോട്ടേഴ്‌സ് എന്ന പേരിൽ ദേശീയ തലത്തിലേക്ക് തന്റെ അപ്ലിക്കേഷന്റെ പരിധി സയ്ഫുല്ല വ്യാപിപ്പിച്ചു. വെറും അപ്ലിക്കേഷനുണ്ടാക്കി മിണ്ടാതിരിക്കുകയല്ല ഖാലിദ് സയ്ഫുല്ല. വീടുകൾ തോറും കയറിയിറങ്ങി അയ്യായിരത്തോളം വളണ്ടിയർമാർ സയ്ഫുല്ലയെ സഹായിക്കുന്നുണ്ട്. വോട്ടർ പട്ടികയിലെ ഒരു പേര് മാത്രം ആധാരമാക്കി അവർ വീടുകൾ കണ്ടെത്തുകയും അവിടെയുള്ള എല്ലാവരെയും പട്ടികയിൽ ചേർക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. പിന്നീട് ഇലക്ഷൻ കമ്മീഷന്റെ പട്ടികയിൽ ആ പേര് വന്നുവോയെന്ന് മറ്റൊരു സംഘം പരീക്ഷിക്കും. പലർക്കും വോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സയ്ഫുല്ല പറയുന്നു. എന്നാൽ പട്ടികയിൽ പേരില്ലാത്തത് അവർ അവസാന നിമിഷമാണ് അറിയുക. ഇല്ലെങ്കിൽ കുറെ പേപ്പർ വർക്ക് വേണ്ടിവരുമെന്ന് ഭയപ്പെട്ടു മിണ്ടാതിരിക്കും -യുവ ടെക്കി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തോളം അപേക്ഷകളാണ് സയ്ഫുല്ലയെ തേടിയെത്തിയിരിക്കുന്നത്. 
പൊതു തെരഞ്ഞെടുപ്പിന് മുമ്പായി പ്രചാരം നേടിയ നിരവധി മൊബൈൽ ആപ്പുകളിലൊന്നാണ് മിസ്സിംഗ് വോട്ടേഴ്‌സ്. രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത യുവ ജനങ്ങളെ സ്വാധീനിക്കാനായി തയാറാക്കിയ 'നേതാ' ആപ്പും ശ്രദ്ധ നേടിക്കഴിഞ്ഞു. ജനപ്രതിനിധികളെ വിലയിരുത്തുന്നതാണ് ഈ ലീഡർ റെയ്റ്റിംഗ് ആപ്. രാഷ്ട്രീയക്കാരെയും രാഷ്ട്രീയ പാർട്ടികളെയും ഇതിൽ വിലയിരുത്താം. അവരുടെ ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവരാം. സ്ഥാനാർഥികളുടെ സാമ്പത്തിക സ്ഥിതി, ക്രിമിനൽ റെക്കോർഡ് എന്നിവ അറിയാം. കാര്യങ്ങൾ മനസ്സിലാക്കി വോട്ട് ചെയ്യാൻ യുവ ജനങ്ങളെ സഹായിക്കുകയാണ് ഈ ആപ്പിന്റെ ലക്ഷ്യം. ഇരുപത്തേഴുകാരൻ പ്രഥം മിത്തലാണ് ഈ ആപ് തയാറാക്കിയിരിക്കുന്നത്. 2018 ൽ ലോഞ്ച് ചെയ്ത ഈ ആപ് അഞ്ചു ലക്ഷത്തിലേറെ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടു. ഇതിൽ 70 ലക്ഷം ഗ്രാമീണ മേഖലയിൽ നിന്നാണ്. 
അഭിഭാഷകരും വസ്തുതാന്വേഷകരും പോളിസി ഗ്രൂപ്പുകളുമൊക്കെ നേതൃത്വം നൽകുന്ന 'നെക്സ്റ്റ് ഇലക്ഷൻ' എന്ന ആപ് പാർലമെന്റംഗങ്ങളുടെ പ്രകടനം വിലയിരുത്തുന്നു. ഏതൊക്കെ വിഷയങ്ങളാണ് ചർച്ചയാവേണ്ടത് എന്ന് നിർദേശിക്കുന്നു. അമിത് ബൻസാൽ എന്ന പൊതുപ്രവർത്തകനാണ് ഈ ആപിന് രൂപം കൊടുത്തത്. 
ഇരുപത്താറുകാരനായ ജയന്ത് റെഡ്ഢി തയാറാക്കിയ 'ഐഇലക്റ്റ്' എന്ന ആപ് ഓരോ മണ്ഡലത്തിലെയും വോട്ടർമാർക്ക് പരാതികൾ ഉന്നയിക്കാനുള്ള വേദിയാണ്. കർണാടക ഇലക്ഷനിലാണ് ഇതും ആദ്യമായി പരീക്ഷിച്ചത്. വിദ്യാസമ്പന്നരായ ആളുകൾ ഇലക്ഷനിൽ സജീവമായി ഇടപഴകുന്നത് തെരഞ്ഞെടുപ്പുകളിലെ പണത്തിന്റെയും അഴിമതിയുടെയും സ്വാധീനം കുറക്കുമെന്നാണ് ജയന്ത് കരുതുന്നത്. 
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ 'മൈ നേതാ' ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട ആദ്യകാല ഇലക്ഷൻ ആപ്പുകളിൽ പ്രധാനം. ഇന്ത്യയിലെ വോട്ടർമാരുടെ രാഷ്ട്രീയ ജ്ഞാനം വർധിപ്പിക്കുന്നതിൽ ഈ ആപ് വലിയ പങ്കുവഹിച്ചുവെന്ന് സ്ഥാപകൻ ജഗ്ദീപ് ചോക്കർ അവകാശപ്പെടുന്നു. ഇന്ന് സ്ഥാനാർഥിയുടെ സാമ്പത്തിക സ്ഥിതിയും ക്രിമിനൽ റെക്കോർഡും സജീവ ചർച്ചാ വിഷയമായിക്കഴിഞ്ഞു. എങ്കിലും കറപുരണ്ടവർക്ക് രാഷ്ട്രീയ പാർട്ടികൾ ടിക്കറ്റ് നൽകിക്കൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ശക്തമായ ബോധവൽക്കരണം അനിവാര്യമാണ് -ജഗ്ദീപ് പറഞ്ഞു. 
ഇലക്ഷൻ ആപ്പുകൾ വലിയ സേവനമാണ് നിർവഹിക്കുന്നതെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി അഭിപ്രായപ്പെട്ടു. സമീപകാലം വരെ ആളുകൾക്ക് ഷാറൂഖ് ഖാനെ നന്നായി അറിയാം. എന്നാൽ സ്വന്തം പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും അറിയില്ല. സമീപകാലത്ത് സ്ഥിതി മാറിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. 
ഇലക്ഷൻ കമ്മീഷന്റേതായി നിരവധി ആപ്പുകളുണ്ട്. ചില സംസ്ഥാനങ്ങളിലെ ഇലക്ഷൻ കമ്മീഷനുകൾ ഇക്കാര്യത്തിൽ പുതുമയുള്ള വഴികൾ സ്വീകരിച്ചിട്ടുണ്ട്. 
തെലങ്കായിയിലെ ഒരു ആപ് വോട്ടർമാരെ അവരുടെ പോളിംഗ് ബൂത്ത് കണ്ടെത്താൻ സഹായിക്കുന്നതാണ്.