Thursday , April   25, 2019
Thursday , April   25, 2019

ദൽഹിയിൽ ത്രികോണ മത്സരം

കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിൽ ബി.ജെ.പിയും നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എ.പിയും തൂത്തുവാരിയ ദൽഹിയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പിയുടെയും എ.എ.പിയുടെയും ജനപ്രീതി ഇടിഞ്ഞത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ദൽഹിയിലെ ഏഴ് മണ്ഡലങ്ങളിലൊന്നിൽ ബി.ജെ.പി സ്ഥാനാർഥിയാവുമെന്നാണ് ശ്രുതി. 

എ.എ.പിയുമായി സഖ്യമില്ലെന്നും ഒറ്റക്ക് മത്സരിക്കുമെന്നും ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചതോടെ ദൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ത്രികോണ മത്സരം ഉറപ്പായി. അജയ് മാക്കനെ മാറ്റി ഷീലാ ദീക്ഷിതിനെ തിരിച്ചു കൊണ്ടുവന്നത് എ.എ.പിയുമായുള്ള സഖ്യം സുഗമമാക്കാനാണെന്നായിരുന്നു ധാരണ. എന്നാൽ ധാരണയുടെ സാധ്യത അവസാനിച്ചുവെന്ന് ഷീല പ്രഖ്യാപിച്ചു. ദൽഹിയിലും പഞ്ചാബിലും ഹരിയാനയിലും തനിച്ചു മത്സരിക്കുമെന്ന് എ.എ.പിയും നിലപാട് വ്യക്തമാക്കി. 2014 ൽ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ജയിച്ചത്. ഏഴിടത്തും എ.എ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 70 മണ്ഡലങ്ങളിൽ അറുപത്തേഴിലും എ.എ.പി ജയിച്ചു. ബി.ജെ.പി മൂന്നിടത്ത് വിജയം കണ്ടു. കോൺഗ്രസ് ഇത്തവണയും അക്കൗണ്ട് തുറന്നില്ല.
അടുത്ത പൊതു തെരഞ്ഞെടുപ്പിനു വേണ്ടിയും എ.എ.പിയും ബി.ജെ.പിയുമാണ് നേരത്തെ രംഗത്തിറങ്ങിയത്. കഴിഞ്ഞ ജൂണിൽ എ.എ.പി ദൽഹിയിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങൾക്ക് പ്രതിനിധികളെ നിയമിച്ചിരുന്നു. പങ്കജ് ഗുപ്ത (ചാന്ദ്‌നി ചൗക്ക്), ദിലീപ്കുമാർ പാണ്ഡെ (നോർത്ത്ഈസ്റ്റ് ദൽഹി), രാഘവ് ഛദ്ദ (സൗത്ത് ദൽഹി), അതിഷി (കിഴക്കൻ ദൽഹി), ഗുഗ്ഗൻ സിംഗ് രംഗ (നോർത്ത് വെസ്റ്റ് ദൽഹി) എന്നിവരെ. ഇവരെത്തന്നെ സ്ഥാനാർഥികളാക്കുമോയെന്ന് വ്യക്തമല്ല. അവശേഷിച്ച രണ്ട് സീറ്റുകൾ കോൺഗ്രസ് സഖ്യമുണ്ടാവുകയാണെങ്കിൽ വിട്ടുകൊടുക്കാനായി മാറ്റിവെച്ചതാണെന്നായിരുന്നു അന്ന് സംസാരം. എന്നാൽ ഒക്ടോബറിൽ ന്യൂദൽഹിക്കായി ബ്രിജേഷ് ഗോയലിനെയും പടിഞ്ഞാറൻ ദൽഹിക്കായി രാജ്പാൽ സോളങ്കിയെയും പ്രഖ്യാപിച്ചു. സോളങ്കി പിന്നീട് അനാരോഗ്യം കാരണം പിന്മാറി. 
ബി.ജെ.പിയും സ്ഥാനാർഥികളെ പരിഗണിച്ചു തുടങ്ങി. മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ ബി.ജെ.പിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. സമീപകാലത്ത് നിരവധി വിഷയങ്ങളിൽ ബി.ജെ.പി അനുകൂല ചായ്‌വ് ഗംഭീർ പ്രകടിപ്പിച്ചിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി പ്രക്ഷോഭം മുതൽ ജമ്മു കശ്മീരിലെ ജനകീയ പ്രക്ഷോഭം വരെ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുകയും കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുകയുമൊക്കെ ചെയ്തു ഗംഭീർ. 
ജനങ്ങളെ സേവിക്കാൻ തന്നാൽ കഴിയുന്നതൊക്കെ ചെയ്യുമെന്നും അതിന് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്നാണ് ആളുകൾ താൽപര്യപ്പെടുന്നതെങ്കിൽ അതിന് മടിക്കില്ലെന്നും ഈയിടെ റിപ്പബ്ലിക് ടി.വിയുമായുള്ള അഭിമുഖത്തിൽ ഗംഭീർ പറഞ്ഞിരുന്നു. 
ദൽഹിയിലെ നിലവിലുള്ള എം.പിമാരുടെ റിപ്പോർട്ട് കാർഡ് തയാറാക്കാനുള്ള നപടിക്രമങ്ങൾ അവിടത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ആരംഭിച്ചു കഴിഞ്ഞു. എം.പിമാരുമായും ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തി. എല്ലാ ജില്ലകളും സന്ദർശിക്കുകയും ചെയ്യും. ഫെബ്രുവരി മധ്യത്തോടെ റിപ്പോർട്ട് തയാറാക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിൽ ചെയ്ത സേവനങ്ങൾ മാത്രമല്ല പരിഗണിക്കുകയെന്നാണ് സൂചന. 
ദൽഹിയിലെ ഏഴ് പാർലമെന്റ് മണ്ഡലങ്ങളും നിലനിർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദളിത് വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയെ പരസ്യമായി വിമർശിച്ച ഉദിത് രാജിനെ പോലുള്ള ചിലരെ മാറ്റാനാണ് പാർട്ടി ആലോചിക്കുന്നത്. നോർത് വെസ്റ്റ് ദൽഹിയെയാണ് ഉദിത് രാജ് പ്രതിനിധീകരിക്കുന്നത്. ഈസ്റ്റ് ദൽഹിയിലെ സിറ്റിംഗ് എം.പി മഹേഷ് ഗിരിക്കും മിക്കവാറും സീറ്റ് തെറിക്കും. ഹർഷവർധൻ (ചാന്ദ്‌നി ചൗക്ക്), മീനാക്ഷി ലേഖി (ന്യൂദൽഹി), മനോജ് തിവാരി (നോർത്ഈസ്റ്റ് ദൽഹി), രമേശ് ബിദുരി (സൗത്ത് ദൽഹി), സാഹിബ് സിംഗ് വർമ (വെസ്റ്റ് ദൽഹി) എന്നിവരാണ് ദൽഹിയിലെ മറ്റു ബി.ജെ.പി എം.പിമാർ.