ജിദ്ദ- പ്രബോധനത്തിന്റെ മറവില്‍ തബ്ലീഗ് ജമാഅത്ത് ഭീകര സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുകയാണെന്ന് സൗദി മതകാര്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് അഹ്മദ് അല്‍ഫീഫി. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ രാജ്യത്ത് നിരോധിച്ച ഇസ്ലാമിക് ബ്രദര്‍ഹുഡിനെക്കാള്‍ ഒട്ടും പിന്നിലല്ല തബ്ലീഗ് ജമാഅത്ത്. സാധാരണക്കാരെ ആയുധമണിക്കുകയാണിവര്‍ ചെയ്യുന്നത്. ചില ഭീകരസംഘടനകളുടെ നേതാക്കളുടെ തബ്ലീഗ് പശ്ചാത്തലം ഇതിനകം വ്യക്തമായിട്ടുണ്ട്.
തബ്ലീഗ് ജമാഅത്തിന്റെ അണികള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ഭരണാധികാരിളോട് കൂറ് പ്രഖ്യാപിക്കാറില്ല. രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രം നിര്‍മിക്കുന്നതിനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തബ്ലീഗ് ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നാണ് സാധാരണക്കാരുടെ വിശ്വാസം. വാസ്തവത്തില്‍ തബ്ലീഗ് ജമാഅത്തിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുന്നത് തന്നെയാണ് രാഷ്ട്രീയം. തബ്ലീഗ് ജമാഅത്ത് സ്ഥാപകന്‍ മുഹമ്മദ് ഇല്യാസ് കാന്ദഹ്ലവി ഒരിക്കല്‍ തന്റെ പ്രഭാഷണമധ്യേ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകള്‍ നിയന്ത്രിക്കുന്നതിനും ഭരിക്കുന്നതിനും സാധ്യമല്ലെങ്കില്‍ എങ്ങിനെയാണ് പിന്നീട് ഇസ്ലാമിക രാജ്യം ഭരിക്കുകയെന്ന് അണികളോട് ചോദിച്ചിട്ടുണ്ട്. സംഘത്തിലേക്ക് ആളുകളെ ചേര്‍ത്ത് ശക്തി സംഭരിക്കുന്ന ഇവര്‍ക്ക് നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്നത് വ്യക്തമാണ്- ഡോ. അല്‍ഫീഫി വിശദമാക്കി.
ഈജിപ്തില്‍ തങ്ങളുടെ സംഘടനയില്‍ അംഗത്വമെടുക്കണമെന്ന് അപേക്ഷിച്ച ബ്രദര്‍ഹുഡ് നേതാക്കളോട് തബ്ലീഗ് ജമാഅത്ത് നേതാവായ ഇബ്രാഹിം ഇസ്സത്ത് പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. നിങ്ങളുടെ കൂടെക്കൂടാന്‍ സാധിക്കില്ലെങ്കിലും തെരുവുകളിലും കോഫി ഷോപ്പുകളിലുമായി കഴിച്ചുകൂട്ടുന്ന യുവാക്കളെ പള്ളികളില്‍ എത്തിക്കാന്‍
തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. അവശേഷിക്കുന്ന യുവതയുടെ കാര്യം നിങ്ങള്‍ ശ്രമിക്കുക. പരസ്പരം സഹകരിച്ചാണ് ഇരു സംഘടനകളും അവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അല്‍ഫീഫി പറഞ്ഞു. 2002 നവംബര്‍ മാസം കുവൈത്തില്‍ വെച്ച് മുന്‍ സൗദി ആഭ്യന്തരമന്ത്രി നായിഫ് ബിന്‍ അബ്ദുല്‍അസീസ് രാജകുമാരന്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും ക്ലേശകരമായ അനുഭവം ഹറം ദുരന്തമാണെന്ന് മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. ഇതില്‍ പ്രതികളായിരുന്ന ഭൂരിപക്ഷം പേരും തബ്ലീഗ് ജമാഅത്ത്, ബ്രദര്‍ഹുഡ് സംഘടനകളിലെ അംഗങ്ങളായിരുന്നു.
അന്‍വര്‍ സാദാത്തിന്റെ കൊലപാതകത്തില്‍ പ്രതിയായ ഉബൂദ് അല്‍സുമര്‍, അഹ്മദ് അല്‍റയ്സൂനി, ഫലസ്തീന്‍ വംശജനായ അബൂഖത്താദ തുടങ്ങിയവരെല്ലാം തബ്ലീഗ് ജമാഅത്തിലൂടെ വളര്‍ന്നവരാണ്. ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ നിഗൂഢതകളെ സംബന്ധിച്ച് ഗ്രന്ഥരചന നിര്‍വഹിച്ച അലി അശ്മാവി ഇരുസംഘടനകളും തമ്മിലുള്ള ബന്ധം വിവരിക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ഫീഫി പറഞ്ഞു.
തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് സൗദി അറേബ്യ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ദോഹയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് തബ്ലീഗ് ജമാഅത്തുകാര്‍ ഒരുമിച്ച് കൂടാറുണ്ട്. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങള്‍ ഒഴികെയുള്ള മറ്റു രാജ്യങ്ങളിലേക്ക് ഉത്തരവാദിത്തം വിഭജിച്ചാണ് ഇവര്‍ പിരിയുക. ഖത്തര്‍ ഇതിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2006ലാണ് സൗദി ഇസ്ലാമിക മന്ത്രാലയം തബ്ലീഗ് ജമാഅത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആദ്യം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ലോകപ്രശസ്ത പണ്ഡിതനും സൗദി ഗ്രാന്‍ഡ് മുഫ്തിയുമായിരുന്ന ശൈഖ് അബ്ദുല്‍അസീസ് ബിന്‍ ബാസ് വിശ്വാസപരമായി തബ്ലീഗ് ജമാഅത്ത് നേര്‍മാര്‍ഗത്തിലല്ലെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അല്‍ഫീഫി പറഞ്ഞു.