Friday , February   22, 2019
Friday , February   22, 2019

അമേരിക്കയുടെ നാശം ആശിക്കുന്നവർക്ക്  വെടിമരുന്ന് നൽകരുത്- അൽജുബൈർ

ആദിൽ അൽജുബൈർ 

റിയാദ്- യു.എസ് കോൺഗ്രസ് അംഗങ്ങൾക്ക് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറിന്റെ രൂക്ഷ വിമർശം. സൗദി അറേബ്യയെ ആക്ഷേപിക്കുന്നത് വഴി അമേരിക്കയുടെ നാശം ആഗ്രഹിക്കുന്നവർക്ക് വെടിമരുന്ന് നൽകരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രമുഖ അമേരിക്കൻ വാർത്താചാനലായ സി.ബി.എസിന്റെ 'ഫെയ്‌സ് ദ നാഷൻ' പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു ആദിൽ അൽജുബൈർ. 
തുർക്കിയിൽ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട് ചില കോൺഗ്രസ് അംഗങ്ങൾ സൗദി അറേബ്യയെ വിമർശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിദേശകാര്യ സഹമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. പതിറ്റാണ്ടുകളായി അമേരിക്കയുമായി മികച്ച നയതന്ത്രബന്ധം പുലർത്തുന്ന സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെ അകറ്റാൻ ശ്രമിക്കുന്നുവെന്നത് തന്നെ അതിശയിപ്പിക്കുന്നു. ഇറാന്റെയും ഹിസ്ബുല്ലയുടെയും പിന്തുണയുള്ള ഭീകരസംഘടനകളോട് തങ്ങൾ അമേരിക്കൻ സൈന്യവുമായി ചേർന്ന് വർഷങ്ങളായി യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  
യെമനിലെ പ്രതിസന്ധിക്ക് കാരണം ഹൂത്തി വിമതരാണെന്ന് ആദിൽ ജുബൈർ കുറ്റപ്പെടുത്തി. ഇക്കാര്യം സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന യു.എൻ പ്രതിനിധികളും ആരോപിച്ചിട്ടുണ്ട്. ആഭ്യന്തര യുദ്ധം ദുരിതഭൂമിയാക്കിയ യെമനിൽ സൗദി അറേബ്യ ഇതുവരെ 1300 കോടി റിയാൽ ജീവകാരുണ്യത്തിനായി വിനിയോഗിച്ചു. തുടർന്നും യെമൻ ജനതയുടെ ക്ഷേമത്തിനായി ആവശ്യമായ സഹായം ചെയ്യുന്നതിന് രാജ്യം മുൻപന്തിയിൽ നിൽക്കും. ഏതൊരു ലോകരാജ്യങ്ങളെക്കാളും യെമന് കൂടുതൽ സഹായം ചെയ്തത് സൗദി അറേബ്യയാണെന്നും ആദിൽ ജുബൈർ കൂട്ടിച്ചേർത്തു. 

Tags