Monday , February   18, 2019
Monday , February   18, 2019

അബഹ വിമാനത്താവളം വഴി 2018ൽ സഞ്ചരിച്ചത് 4.4 മില്യൺ 

അബഹ- കഴിഞ്ഞവർഷം 4,428,388 യാത്രക്കാർക്ക് ആതിഥ്യമരുളിയതായി അബഹ എയർപോർട്ട് അതോറിറ്റി വെളിപ്പെടുത്തി. 40,762 വിമാനസർവീസുകളിലായാണ് ഇത്രയും പേർ അബഹ വിമാനത്താവളത്തിലെത്തിയത്. 2017നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 18 ശതമാനം വർധനവുണ്ട്. 3,770,401 പേർ 2017ൽ വന്നുപോയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുൻവർഷവുമായി താരതമ്യം ചെയ്താൽ 2018ൽ 16 ശതമാനത്തിലേറെ വിമാന സർവീസുകൾ കൂടുതലാണ്. ഇവയിൽ 89 ശതമാനവും ആഭ്യന്തര സർവീസുകളാണ്. 2017നെ അപേക്ഷിച്ച് 19 ശതമാനത്തിലധികം പേർ ആഭ്യന്തര സർവീസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 3,920,525 ആഭ്യന്തര യാത്രക്കാരും 4,92,923 അന്താരാഷ്ട്ര യാത്രക്കാരുമാണ് 2018ൽ അബഹ വിമാനത്താവളം സന്ദർശിച്ചത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 2018ൽ രണ്ട് ശതമാനം അന്താരാഷ്ട്ര യാത്രികർ കുറഞ്ഞുവെന്നാണ് കണക്ക്.  
വ്യോമയാന രംഗത്തെ മുന്നേറ്റവും യാത്രക്കാരുടെ വർധനയും എയർപോർട്ട് അധികൃതർക്ക് വലിയ പ്രതീക്ഷ നൽകുന്നതായി സതേൺ എയർപോർട്ട്‌സ് അതോറിറ്റി മേധാവി എൻജി. അഹ്മദ് ആലുസാലിം പറഞ്ഞു. യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എയർപോർട്ട് അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. രാജ്യം ടൂറിസം, സാമ്പത്തിക മേഖലകളിൽ അഭിവൃദ്ധിയിലേക്ക് കുതിക്കുമ്പോൾ സൗദി ദേശീയവരുമാനത്തിന് കാര്യമായ സംഭാവന നൽകാൻ അബഹ എയർപോർട്ടിന് സാധിക്കുമെന്ന് എൻജി. ആലുസാലിം വ്യക്തമാക്കി. 

Tags

Latest News