Monday , February   18, 2019
Monday , February   18, 2019

അര ഡസനടിച്ച്  സിറ്റി, അഗ്വിരൊ ഹീറോ

സെര്‍ജിയൊ അഗ്വിരോയുടെ ഹാട്രിക്കില്‍ ചെല്‍സിയെ മറുപടിയില്ലാത്ത അര ഡസന്‍ ഗോളിന് തരിപ്പണമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലീഗിലെ മുന്‍നിര ടീമുകളുടെ ആവേശകരമാവുമെന്നു കരുതിയ പോരാട്ടത്തില്‍ ചെല്‍സിയെ നിലവിലെ ചാമ്പ്യന്മാര്‍ തരിപ്പണമാക്കി.
25 മിനിറ്റാവുമ്പോഴേക്കും 4-0 ന് മുന്നിലെത്തിയ നിലവിലെ ചാമ്പ്യന്മാര്‍ കളിയുടെ രസച്ചരട് മുറിച്ചു. സെര്‍ജിയൊ അഗ്വിരൊ സിറ്റിക്കു വേണ്ടി പതിനഞ്ചാമത്തെ ഹാട്രിക് സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ അഗ്വിരോയുടെ പതിനൊന്നാം ഹാട്രിക്കാണ്. റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനം. റഹീം സ്റ്റെര്‍ലിംഗ് രണ്ടു ഗോള്‍ നേടി. ഇതോടെ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒരു മത്സരം കുറവ് കളിച്ച ലിവര്‍പൂളിനും സിറ്റിക്കൊപ്പം പോയന്റുണ്ട്. 
നാലാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിംഗിലൂടെ ലീഡ് നേടിയ സിറ്റി തിരിഞ്ഞുനോക്കിയില്ല. 13, 19 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്ത അഗ്വിരൊ അമ്പത്താറാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഹാട്രിക് പൂര്‍ത്തിയാക്കിയ ഉടനെ കളം വിട്ടു. ഇരുപത്തഞ്ചാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗന്‍ നാലാമത്തെ ഗോള്‍ നേടി. സ്‌റ്റെര്‍ലിംഗിനെ വീഴ്ത്തിയതിനായിരുന്നു പെനാല്‍ട്ടി. 
ലിവര്‍പൂള്‍ 3-0 ന് ബോണ്‍മൗത്തിനെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ സാദിയൊ മാനെ, ജോര്‍ജിനൊ വൈനാള്‍ഡം എന്നിവരും നാല്‍പത്തെട്ടാം മിനിറ്റില്‍ മുഹമ്മദ് സലാഹും സ്‌കോര്‍ ചെയ്തു. 
ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയറുടെ കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തിരിച്ചുവരവ് തുടരുകയാണ്. 3-0 ന് ഫുള്‍ഹമിനെ തോല്‍പിച്ച അവര്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുള്ള ചെല്‍സി തോറ്റത് യുനൈറ്റഡിന് ആഹ്ലാദം രപകരും. 
 

Latest News