Thursday , April   25, 2019
Thursday , April   25, 2019

പതിമൂന്ന് അംബാസഡർമാർ സത്യപ്രതിജ്ഞ ചെയ്തു 

റിയാദ്- പതിമൂന്ന് സൗഹൃദ രാജ്യങ്ങളിൽ പുതുതായി നിയമിതരായ അംബാസഡർമാർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 
മൻസൂർ ബിൻ നാസർ രാജകുമാരൻ (സ്വിറ്റ്‌സർലാൻഡ്), ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ (ജർമനി), ഫഹദ് ബിൻ അലി അൽദൗസരി (സെനഗൽ), സൗദ് ബിൻ ഫഹദ് ബിൻ സുവൈലിം (വിയറ്റ്‌നാം), അലി ബിൻ അബ്ദുല്ല ബാഹയ്ഥം (ബ്രസീൽ), അബ്ദുല്ല ബിൻ ഹമദ് അൽസബീഈ (ഐവറി കോസ്റ്റ്), മിശ്അൽ ബിൻ ഹംദാൻ അൽറൗഖി (ഘാന), സാമി ബന്ഡ ജമീൽ അബ്ദുസ്സലാം അബ്ദുല്ല (ഏതോപ്യ), ഖാലിദ് ബിൻ മബ്‌റൂക് അൽഖാലിദ് (മാലി), അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽമത്വർ (ജിബൂട്ടി), ഉസാമ ബിൻ മുഹമ്മദ് കറൻഷി (സാംബിയ), നായിഫ് ബിൻ മർസൂഖ് അൽഫഹാദി (ജപ്പാൻ), തുർക്കി ബിൻ അബ്ദുല്ല അൽദഖീൽ (യു.എ.ഇ) എന്നിവരാണ് നിയുക്ത അംബാസഡർമാർ. 
ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും നീതിപൂർവമായും കൃത്യനിർവഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരിൽ ആണയിടുന്നു - എന്ന വാചകം ഉരുവിട്ടാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം രാജാവിന് അഭിവാദ്യം അർപ്പിച്ച അംബാസഡർമാർ സൽമാൻ രാജാവ് നൽകിയ നിർദേശങ്ങൾ ശ്രവിക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രി അബ്ദുൽഅസീസ് ബിൻ സൗദ് രാജകുമാരൻ, കാബിനറ്റംഗവും സഹമന്ത്രിയുമായ ഡോ. മുസായിദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹിം ബിൻ അബ്ദുൽഅസീസ് അൽഅസ്സാഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

Tags