Monday , February   18, 2019
Monday , February   18, 2019

പാലക്കാട്ട്  മത്സരിക്കാനില്ലെന്ന്  ഉറപ്പിച്ച് ഷാഫി

പാലക്കാട്- മൽസരിക്കാനില്ലെന്ന് ഉറപ്പിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. പാലക്കാട്ട് സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ. വിജയസാധ്യത കണക്കിലെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലക്കാട് എം.എൽ.എ ഷാഫി പറമ്പിൽ മൽസരിക്കണമെന്ന മുറവിളി പാർട്ടിക്കകത്തു നിന്നും പുറത്തു നിന്നും ഉയരുന്നതിനിടയിലാണ് മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിക്കൊണ്ട് യുവനേതാവ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭയിലേക്ക് മൽസരിക്കാൻ താൽപര്യമില്ലെന്ന് ഷാഫി പറമ്പിൽ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിക്കഴിഞ്ഞുവെന്നും പാലക്കാട്ട് അദ്ദേഹം സ്ഥാനാർത്ഥിയായി എത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന ചില നേതാക്കൾ മലയാളം ന്യൂസിനോട് പറഞ്ഞു. ഇതോടെ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനായിരിക്കും മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന കാര്യം ഏറെക്കുറെ ഉറപ്പായി. 
ഷാഫി പറമ്പിൽ എം.എൽ.എ പ്രവർത്തന കേന്ദ്രം ദൽഹിയിലേക്ക് മാറ്റുന്നതായുള്ള അഭ്യൂഹം പടരാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. നല്ല സ്ഥാനാർത്ഥിയെ ഇറക്കാനായാൽ യു.ഡി.എഫിന് വിജയസാധ്യത ഉള്ള സീറ്റായാണ് പാലക്കാട് വിലയിരുത്തപ്പെടുന്നത്. തന്റെ സ്ഥാനാർത്ഥിത്വ വാർത്ത താനറിയാതെയാണ് പ്രചരിച്ചതെന്ന് എം.എൽ.എ പറഞ്ഞു. മൽസരിക്കാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വാർത്താ മാധ്യമങ്ങൾ അതിന് പ്രാധാന്യം കൽപിക്കുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. മൽസരിക്കാനുള്ള താൽപര്യക്കുറവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വഴിയാണ് ഷാഫി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയത്. സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് വിജയിക്കുന്ന എം.എൽ.എമാരെ കേന്ദ്ര നേതൃത്വത്തിലേക്ക് പറിച്ച് നടേണ്ടതില്ലെന്നതാണ് കോൺഗ്രസിന്റെ പൊതുനയം. 
പാലക്കാട്ട് യു.ഡി.എഫിന് ലഭിക്കാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് ഷാഫി പറമ്പിൽ എന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് യുവനേതാവിന്റെ പ്രതിഛായ വെട്ടിത്തിളങ്ങിയത്. ശക്തമായ ത്രികോണ മൽസരം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സി.പി.എമ്മിനേയും ബി.ജെ.പിയേയും ബഹുദൂരം പിറകിലേക്ക് തള്ളിമാറ്റിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിജയം. 
പാലക്കാട്ട് സി.പി.എമ്മിന്റെ ജനകീയ മുഖമായ മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഷാഫിയുടെ വിജയമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ബി.ജെ.പി ജയിക്കുമെന്ന ആശങ്കയിൽ മുസ്‌ലിം വോട്ടുകളുടെ ധ്രുവീകരണമാണ് അന്ന് യുവനേതാവിന് അനുകൂലമായി പാലക്കാട്ട് ഉണ്ടായതെന്ന് വിലയിരുത്തപ്പെട്ടു. 
സമാനമായ ധ്രുവീകരണമാണ് ഷാഫി പറമ്പിൽ എന്ന പേര് പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്നവരുടെ മനസ്സിൽ ഉണ്ടായിരുന്നത്. മുപ്പത് ശതമാനത്തോളം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലമാണ് പാലക്കാട്. 
എം.എൽ.എ സ്വമേധയാ പിൻവാങ്ങിയതോടെ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് വ്യക്തമായ മേൽക്കയ്യായി. 
 

Latest News