Monday , February   18, 2019
Monday , February   18, 2019

സമനില എ.ടി.കെക്ക് തിരിച്ചടി

പൂനെ - ഐ.എസ്.എല്‍ ഫുട്‌ബോളില്‍ പൂനെ സിറ്റി എഫ്.സിയുമായുള്ള 2-2 സമനില എ.ടി.കെയുടെ പ്ലേഓഫ് പ്രതീക്ഷക്ക് കനത്ത തിരിച്ചടിയായി. പതിനേഴാം മിനിറ്റില്‍ എ.ടി.കെയുടെ ജോണ്‍ ജോണ്‍സണ്‍ സ്വന്തം വലയില്‍ പന്തടിച്ച് പൂനെക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. ഇരുപത്തിമൂന്നാം മിനിറ്റില്‍ ജയേഷ് റാണ ഗോള്‍ തിരിച്ചടിച്ചു. അറുപത്തൊന്നാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ എഡു ഗാര്‍ഷ്യ എ.ടി.കെക്ക് ലീഡ് നല്‍കി. എന്നാല്‍ പഴയ എ.ടി.കെ താരമായ റോബിന്‍ സിംഗിലൂടെ എഴുപത്തഞ്ചാം മിനിറ്റില്‍ പൂനെ സമനില ഗോള്‍ കണ്ടെത്തി. ആവേശകരമായ പോരാട്ടമായിരുന്നു ഉടനീളം കണ്ടത്. പതിനൊന്നാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയുടെ ഷോട്ട് പൂനെ ക്രോസ്ബാറിനെ വിറപ്പിച്ചു. 
ലീഗില്‍ ഏറ്റവും വേതനം പറ്റുന്ന കളിക്കാരനായ ജോണ്‍സന്റെ കാലില്‍ തട്ടിത്തിരിഞ്ഞ പന്താണ് പൂനെയുടെ ലീഡിന് കാരണം. ആദ്യ പകുതി ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. രണ്ടാം പകുതിയില്‍ ഡിയേഗൊ കാര്‍ലോസിന്റെ ഫൗളാണ് പെനാല്‍ട്ടിക്കു കാരണായത്. അവസാന വേളയില്‍ എ.ടി.കെയുടെ രണ്ട് പെനാല്‍ട്ടി അ്പ്പീലുകള്‍ റഫറി നിരസിച്ചു. 
എ.ടി.കെ (15 കളികളില്‍ 21 പോയന്റ്) ആറാം സ്ഥാനത്തും പൂനെ (14 കളികളില്‍ 15) ഏഴാം സ്ഥാനത്തുമാണ്. 


 

Latest News