Monday , February   18, 2019
Monday , February   18, 2019

ഒടുവില്‍ ഇംഗ്ലണ്ട് ലയണായി

കല്‍പറ്റ- നാലാം ദിനം ഇംഗ്ലണ്ട് ലയണ്‍സ് ബാറ്റ്‌സ്മാന്മാര്‍ ചെറുത്തുനിന്നതോടെ ഇന്ത്യ എ-ക്കെതിരായ ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റ് വിരസ സമനിലയില്‍ അവസാനിച്ചു. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ എ 200 റണ്‍സിന്റെ ലീഡ് നേടിയിരുന്നുവെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകരുടെ അഞ്ച് വിക്കറ്റെടുക്കാനേ ഇന്നലെ ഇന്ത്യ എ-ക്കു സാധിച്ചുള്ളൂ. സ്‌കോര്‍:  ഇംഗ്ലണ്ട് ലയണ്‍സ് 340, അഞ്ചിന് 214, ഇന്ത്യ എ ആറിന് 540 ഡിക്ല.
 മത്സരത്തിന്റെ നാലാംദിനം മുഴുവന്‍ ക്രീസില്‍ നിലയുറപ്പിച്ച ഇംഗ്ലണ്ട് സമനില പിടിക്കുകയായിരുന്നു.  സാം ഹെയ്‌നും (57) ഓലി പോപ്പും (63) നാല്‍പതോവറോളം ചെറുത്തുനിന്നാണ് ടീമിന് സമനില ഉറപ്പാക്കിയത്. കേരളത്തിന്റെ അതിഥി താരം ജലജ് സക്‌സേനയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഓലി പോപ്പിനെയും ലയണ്‍സ് ക്യാപ്റ്റന്‍ സാം ബില്ലിംഗ്‌സിനെയും (5) ശഹ്ബാസ് നദീം മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. മൂന്നു റണ്‍സുമായി സ്റ്റീവന്‍ മുള്ളന്‍സിയും 13 റണ്‍സുമായി വില്‍ ജാക്‌സുമായിരുന്നു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.  മാക്‌സ് ഹോള്‍ഡന്‍ (29), ബെന്‍ ഡക്കറ്റ് (30) എന്നിവരും പുറത്തായി.  ഇന്ത്യയ്ക്കുവേണ്ടി ജലജ് സക്‌സേന, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ടു വീതവും അവേശ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. 
ഡബിള്‍ സെഞ്ചുറി നേടിയ ഇന്ത്യ എ-യുടെ പ്രിയങ്ക് പഞ്ചാലാണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സില്‍  340 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സിനു  ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 

 
 

Latest News