Monday , February   18, 2019
Monday , February   18, 2019

ഇന്ത്യൻ ഓഹരി വിപണി നേട്ടം നിലനിർത്തി, നിഫ്റ്റി സൂചിക മികച്ച തലത്തിൽ

ആഗോള  സാമ്പത്തിക രാഷ്ടീയ മേഖലകളിലെ പുതിയ സംഭവ വികാസങ്ങൾ ഏഷ്യൻ, യൂറോപ്യൻ ഓഹരി ഇൻഡക്‌സുകളിൽ വിള്ളലുളവാക്കുമോ? യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ വെളിപ്പെടുത്തൽ സാമ്പത്തിക വളർച്ച നടപ്പ് വർഷവും 2020 ലും മുരടിക്കുമെന്നാണ്. അമേരിക്കയും ചൈനയും വാണിജ്യ യുദ്ധം അവസാനിപ്പിക്കാൻ കൂടിയാലോചനകൾക്ക് നീക്കം നടത്തിയിട്ടില്ലെന്ന യു.എസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ സാമ്പത്തിക മേഖലയെ വീണ്ടും സമ്മർദത്തിലാക്കും. ബോംബെ സൂചിക 77 പോയന്റും നിഫ്റ്റി 51 പോയന്റും പോയവാരം ഉയർന്നു.
വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 2265  കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 11.58 കോടി രൂപയുടെ ഓഹരികൾ വിൽപന നടത്തി. ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മുല്യം 71.46 ൽ നിന്ന് 71.82 വരെ ദുർബലമായ ശേഷം വാരാവസാനം 71.15 ലാണ്. ഈ വാരം രൂപയ്ക്ക് താങ്ങ് 70.84 ലാണ്. ഡോളറിന് ഡിമാണ്ട് ഉയർന്നാൽ വിനിമയ നിരക്ക് 72.01 ലേയ്ക്കും തുടർന്ന് 72.40 ലേയ്ക്കും തളരാൻ ഇടയുണ്ട്. യൂറോപ്യൻ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള സൂചനകൾ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ബാരലിന് 55.33 ഡോളറിൽ നിന്ന് 55.57 വരെ ഉയർന്ന ഘട്ടത്തിൽ പ്രതികൂല വാർത്തകളുടെ ചുവട് പിടിച്ച് എണ്ണ വില 51.97 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 52.70 ഡോളറിലാണ്. 51.63 ൽ താങ്ങ് നിലനിൽക്കുന്ന ക്രൂഡ് മുന്നേറിയാൽ 54.20 ൽ തടസ്സം നേരിടാം.
ഇന്ത്യൻ ഓഹരി വിപണി രണ്ടാം വാരത്തിലും നേട്ടം നിലനിർത്തി. ആർ.ബി. ഐ പലിശ നിരക്കിൽ വരുത്തിയ മാറ്റം ബി.എസ്.ഇ, എൻ.എസ്.ഇ സൂചികയിൽ വൻ ചാഞ്ചാട്ടമുളവാക്കി. കേന്ദ്ര ബാങ്ക് പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചു.
മെറ്റൽ, ഐ.ടി, ബാങ്ക്, സ്റ്റീൽ, റിയാലിറ്റി വിഭാഗങ്ങളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. ബജാജ് ഓട്ടോ ഒൻപത് ശതമാനവും ഹീറോ മോട്ടോകോർപ് നാല് ശതമാനവും കൊടാക് മഹീന്ദ്ര ബാങ്ക് ഓഹരി മൂന്ന് ശതമാനവും ഉയർന്നു. കനത്ത തിരിച്ചടി നേരിട്ട ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 17  ശതമാനം ഇടിഞ്ഞു. ഡി.ടി. ആർ.ആർ, എൻ.ടി.പി.സി എന്നിവയ്ക്കും തളർച്ച. 
മുൻ നിരയിലെ പത്തിൽ എട്ട് കമ്പനികളുടെയും വിപണി മൂല്യത്തിൽ മൊത്തം 53,741.36 കോടി രൂപയുടെ വർധന. ആർ.ഐ.എൽ, റ്റി.സി.എസ് എന്നിവ നേട്ടത്തിൽ മുന്നിലാണ്.
ബോംബെ സെൻസെക്‌സ് 35,469 ൽ നിന്ന് 37,170 റേഞ്ചിലേയ്ക്ക് മുന്നേറിയ ശേഷം വാരാന്ത്യം 36,546 ലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 37,050 ലേയ്ക്കും തുടർന്ന് 37,555 പോയന്റിലേയ്ക്കും ഉയർത്താനാവും. സാങ്കേതിക വശങ്ങൾ പരിശോധിച്ചാൽ ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്.എ.ആർ, എം.എ.സി.ഡി തുടങ്ങിയവ ബുള്ളിഷാണ്. സ്‌റ്റോക്കാസ്റ്റിക് ആർ.എസ്.ഐ ഓവർ ബോട്ട് മേഖലയിലാണ്. 
നിഫ്റ്റി സൂചിക അഞ്ച് മാസത്തിനിടയിലെ ഏറ്റവും മികച്ച തലത്തിലേയ്ക്ക് വാരമധ്യം ഉയർന്നത് ഇടപാടുകാരെ ആവേശം കൊള്ളിച്ചു. 10,893 പോയന്റിൽ ഓപൺ ചെയ്ത് നിഫ്റ്റി  11,000 ത്തിലെ പ്രതിരോധം മറികടന്ന് 11,118 വരെ ഉയർന്നു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും മികച്ച തലം ദർശിച്ച നിഫ്റ്റി വാരാന്ത്യം 10,944 പോയന്റിലാണ്. ഈവാരം 11,096 ലും 11,249 ലും പ്രതിരോധം നേരിടാം. വിപണിക്ക് തിരിച്ചടി നേരിട്ടാൽ 10,812 ലും 10,681 ലും താങ്ങുണ്ട്. 
 
   

Latest News