Tuesday , April   23, 2019
Tuesday , April   23, 2019

സ്വർണം റെക്കോർഡ് വില രേഖപ്പെടുത്തി, വെളിച്ചെണ്ണ വിലയിൽ ഇടിവ് 

കൊച്ചി- ആഭ്യന്തര വിദേശ ഡിമാണ്ടിൽ ഏലക്ക വീണ്ടും ശ്രദ്ധിക്കപ്പെട്ടു. കയറ്റുമതി ഓർഡറുകളുടെ പിൻബലത്തിൽ ചുക്ക് മികവ് നിലനിർത്തി. ഹൈറേഞ്ചിൽ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചു. നാളികേരോൽപന്നങ്ങളുടെ വില തുടർച്ചയായ മൂന്നാം വാരത്തിലും ഇടിഞ്ഞു. ചൈനീസ് ന്യൂ ഇയർ ഏഷ്യൻ റബർ മാർക്കറ്റുകളെ നിർജീവമാക്കി. ആഭരണ വിപണികളിൽ പവൻ പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 
ആഭ്യന്തര വിദേശ ഡിമാണ്ടിൽ ഏലക്ക കൂടുതൽ മികവ് കാണിച്ചു. ജനുവരിയിൽ പത്ത് ശതമാനം മുന്നേറ്റം നടത്തിയ ഉൽപന്നം ഈ മാസം മികവ് ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര രംഗം. കാലാവസ്ഥ വ്യതിയാനം മൂലം ഏലക്ക ഉൽപാദനം ഗണ്യമായി കുറഞ്ഞു. അടുത്ത സീസണിൽ ഏലത്തിന് രുക്ഷമായ ക്ഷാമം നേരിടുമെന്നണ് സൂചന. ജനുവരിയിൽ ഏലക്ക ഉൽപാദനം പത്ത് ശതമാനം കുറഞ്ഞു. ഡിസംബർ ജനുവരിയിലെ കൊടും ശൈത്യം ഏലച്ചെടികൾക്ക് കനത്ത തിരിച്ചടിയായി. ഇതും ഉൽപാദനത്തെ ബാധിക്കും. 
ലേല കേന്ദ്രങ്ങളിൽ ഏലക്ക വരവ് ചുരുങ്ങിയത് ആഭ്യന്തര വിദേശ വാങ്ങലുകരെ വില ഉയർത്താൻ പ്രേരിപ്പിച്ചു. ജൂണിലാണ് ഏലക്ക സീസണിന് തുടക്കം കുറിക്കുക. മികച്ചയിനം ഏലക്ക വില കിലോ 2000 രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടന്നു. ഈസ്റ്റർ ഡിമാണ്ട് മുൻനിർത്തി വിദേശ വാങ്ങലുകൾ പുരോഗമിക്കുന്നു. 
ഇഞ്ചിയുടെ വിലക്കയറ്റം ചുക്ക് ഉൽപാദകരെ പ്രതിസന്ധിയിലാക്കി. ഇഞ്ചിയുടെ ലഭ്യത കുറഞ്ഞതിനാൽ ചുക്ക് ഉൽപാദനം ചുരുങ്ങി. ശൈത്യം ശക്തമായതിനാൽ ചുക്കിന് ആഭ്യന്തര ഡിമാണ്ടും വർധിച്ചു. പുതിയ ചുക്ക് റെക്കോർഡ് വിലയായ  28,000- 31,800 രൂപയിലാണ്. മീഡിയം ചുക്ക് 25,000 രൂപയിലും ബെസ്റ്റ് ചുക്ക് 28,500 രൂപയിലും കൈമാറ്റം നടന്നു. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചുക്ക് ശേഖരിക്കുന്നുണ്ട്.  
പകൽ ചൂട് കനത്തതോടെ റബർ ടാപ്പിങ് പുർണമായി നിലച്ചു. പ്രതികൂല കാലാവസ്ഥ മൂലം റബർ മരങ്ങളിൽ നിന്നുള്ള യീൽഡും ചുരുങ്ങി. വേനൽ മഴയുടെ വരവിനെ ഉറ്റുനോക്കുകയാണ് കാർഷിക മേഖല. ടയർ നിർമാതാക്കൾ ഇറക്കുമതി റബറിൽ ശ്രദ്ധ ഊന്നിയത് മൂലം ആഭ്യന്തര മാർക്കറ്റിൽ നാലാം ഗ്രേഡ് റബർ 12,200 രൂപയയായും അഞ്ചാം ഗ്രേഡ് 11,500 രൂപയായും താഴ്ന്നു. 
പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഡിമാണ്ട് മങ്ങിയത് വില തകർച്ചയ്ക്ക് ഇടയാക്കി. മുന്നാഴ്ചക്കിടയിൽ എണ്ണ വില ക്വിൻറ്റലിന് 1100 രൂപ ഇടിഞ്ഞു. നാളികേര ഉൽപാദനം കുറവാണെങ്കിലും എണ്ണ വിൽപന ചുരുങ്ങിയത് മില്ലുകാരെ പ്രതിസന്ധിയിലാക്കി. കൊച്ചിയിൽ തിങ്കളാഴ്ച 16,200 ൽ ഓപൺ ചെയ്ത വെളിച്ചെണ്ണ മാർക്കറ്റ് ശനിയാഴ്ച 15,700 രൂപയിലാണ്. കൊപ്ര 10,825 ൽ നിന്ന് 10,500 രൂപയായി. 
കുരുമുളക് സ്റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കാൻ കാണിച്ച തിടുക്കം വിലയെ ബാധിച്ചു. നാടൻ കുരുമുളകിന്റെ ലഭ്യത കുറവാണെങ്കിലും ഇറക്കുമതി ചരക്ക് ആഭ്യന്തര മാർക്കറ്റിൽ കൂടുതലായി എത്തുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 35,200 രൂപയിലാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5425 ഡോളർ.      
കേരളത്തിൽ സ്വർണ വില വീണ്ടും വർധിച്ചു. ആഭരണ വിപണികളിൽ പവൻ 24,720 രൂപയിൽ വിൽപനയ്ക്ക് തുടക്കം കുറിച്ച ശേഷം 24,880 വരെ  ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. വാരത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് 24,640 ലേയ്ക്ക് താഴ്‌ന്നെങ്കിലും മാർക്കറ്റ് ക്ലോസിങ് വേളയിൽ പവൻ 24,720 രൂപയിലാണ്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1318 ഡോളറിലാണ്.

Latest News