Thursday , April   25, 2019
Thursday , April   25, 2019

ഇ.എം.എസ് സ്വത്ത് പാർട്ടിക്കു നൽകിയെന്ന വാദം അസംബന്ധം -എം.ജി.എസ്. നാരായണൻ 

കോഴിക്കോട്- സി.പി.എം നേതാവും കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയുമായ ഇ.എം.എസ് നമ്പൂതിരിപ്പാട് സ്വത്തു മുഴുവൻ പാർട്ടിക്കു നൽകിയെന്ന വാദം അബദ്ധമാണെന്ന് ചരിത്രകാരൻ ഡോ. എം.ജി.എസ.് നാരായണൻ.  ചന്ദ്രിക വാരികയിലെ അഭിമുഖത്തിലാണ് ഇങ്ങനെ പറയുന്നത്.
'ഇ.എം.എസ് ആകെ പാർട്ടിക്ക് നൽകിയത് പതിനായിരം ഉറുപ്പികയാണ്. ബാക്കിയുള്ളതിനൊന്നും യാതൊരു തുമ്പുമില്ല.
ഇ.എം.എസിന്റെ സ്വത്ത് മുഴുവൻ പാർട്ടിക്ക് കൊടുത്തുവെന്ന് ആദ്യം പരാമർശിച്ചിരുന്നത് ദേശാഭാമാനിയിൽ പി.എസ് എന്ന തൂലികാനാമത്തിൽ വന്ന ലേഖനമാണ്. ആഢ്യബ്രാഹ്മണ കുലത്തിൽ ജനിച്ച് വേദോപനിഷത്തുക്കളും ശാസ്ത്രങ്ങളും അഭ്യസിച്ചതിന് ശേഷവും പാവങ്ങളുടെ പടത്തലവനായി മാറി സ്വന്തം സ്വത്തു മുഴുവൻ പാർട്ടിക്ക് ദാനം ചെയ്ത ഇ.എം.എസ് എവിടെ?. റാവു ബഹദൂർ സ്ഥാനത്തിനും മറ്റു പലതിനും വേണ്ടി ബിഷപ്പുമാരുടെ ചെരിപ്പ് നക്കി നടക്കുന്ന മുണ്ടശ്ശേരി എവിടെ? എന്ന്  ലേഖനത്തിൽ പറയുന്നു. പി.എസ് എന്നത് ഇ.എം.എസിന്റെ തന്നെ തൂലികാനാമമാണെന്ന് മകൻ ഇ.എം. ശ്രീധരൻ നടത്തിയ അഭിമുഖത്തിൽ പറഞ്ഞതായി ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു.
കേരളം മലയാളിയുടെ മാതൃഭൂമി എന്ന പേര് മാറ്റിയ കൃതിയുടെ ആദ്യ തലക്കെട്ട് കേരള ചരിത്രം മാർക്‌സിസ്റ്റ് വീക്ഷണത്തിൽ എന്നായിരുന്നു. ഇതിനെ വിമർശിച്ച് മംഗളോദയത്തിൽ ജോസഫ് മുണ്ടശ്ശേരി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്വത്ത് കാര്യം ആദ്യം വരുന്നത്.
വ്യക്തി സത്യഗ്രഹത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷുകാർ ഇ.എം.എസിന്റെ സ്വത്ത് കണ്ടുകെട്ടി. പിന്നീട് തിരിച്ചു നൽകി. അതിനാൽ നിയമലംഘന സമരത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പേ തന്റെ സ്വത്ത് ഭാര്യ ആര്യ അന്തർജനത്തിന്റെ പേരിൽ എഴുതിവെച്ചു. എന്നാൽ ബ്രിട്ടീഷ് കോടതി ഇത് അംഗീകരിക്കാതെ സ്വത്ത് പിടിച്ചെടുത്തു. പിന്നീട് തിരികെ കിട്ടുന്നത് 1942 ലാണ്. ക്വിറ്റിന്ത്യാ സമരത്തിൽ ബ്രിട്ടീഷുകാർക്ക് അനുകൂലമായ തീരുമാനം എടുത്തതിനാണ് സ്വത്ത് തിരിച്ചു നൽകിയത്.
സ്വത്തിൽ പതിനായിരം ഉറുപ്പികയല്ലാത്തത് എന്തു ചെയ്തുവെന്ന ചോദ്യത്തിന് ഇ.എം.എസ് നൽകിയ മറുപടി കടം വീട്ടാനുണ്ടായിരുന്നു. കുറച്ചാളുകളെ സഹായിക്കാനും എന്നാണ്. ഇ.എം.എസിന്റെ അവകാശങ്ങൾ മുഴുവൻ നൽകിയത് രണ്ട് പെൺമക്കൾക്കാണ്. അവരെ കല്യാണം കഴിപ്പിച്ചയച്ചതും നമ്പൂതിരിമാർക്കാണ്. എ.കെ.ജിയും  കെ. ദാമോദരനും ജാതിപ്പേര് ഒഴിവാക്കിയപ്പോൾ ഇ.എം.എസ് ഉപേക്ഷിച്ചില്ല.
ഒളിവിലായിരിക്കേ ഇ.എം.എസിന്റെ പരപ്പനങ്ങാടിയിലെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്ന് എം.ജി.എസ് പറയുന്നു. പരപ്പനങ്ങാടിയിലെ ജന്മി കുടുംബങ്ങളിലൊന്നായ കോയക്കുട്ടി നഹയായിരുന്നു അവിടുത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്. കോയക്കുട്ടി നഹയുടെ നിർദേശ പ്രകാരം ഞങ്ങളുടെ വീട്ടിലെ പത്തായപ്പുരയിൽ ഇ.എം.എസും എ.കെ.ജിയും കഴിഞ്ഞു. ഭൂപരിഷ്‌കരണത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ തന്നെ വിവരങ്ങൾ ജന്മിയായ കോയക്കുട്ടി നഹക്ക് ലഭിച്ചിരുന്നു. ഇ.എം.എസിന്റെ കുടുംബത്തിൽ ആർക്കും ഭൂപരിഷ്‌കരണത്തിൽ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെന്നും എം.ജി.എസ് പറയുന്നു.