Thursday , April   25, 2019
Thursday , April   25, 2019

സബ്കലക്ടറെ അധിക്ഷേപിച്ച എം.എല്‍.എ മാപ്പു പറഞ്ഞു

തൊടുപുഴ- ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരായി നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സബ്കലക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജേന്ദ്രനോട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു.

മൂന്നാറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാടുകളില്‍ മാറ്റമൊന്നുമില്ല. നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ എതിര്‍ക്കുമെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എം.എല്‍.എയുടെ നടപടി ചൂണ്ടിക്കാട്ടി നാളെ സബ്കലക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് എം.എല്‍.എയുടെ ഖേദപ്രകടനം.

മൂന്നാര്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കലക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിടനിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.

അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സബ് കലക്ടര്‍ നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്.