Tuesday , April   23, 2019
Tuesday , April   23, 2019

വിധിയെ വെല്ലുവിളിച്ച വിജയം

ഓട്ടോറിക്ഷാ അപകടത്തെ തുടർന്ന് ആയിരം ജന്മങ്ങളുടെ ദുഃഖവും ദുരിതവും ദുരന്തവും ഏറ്റുവാങ്ങിയപ്പോഴുള്ള ചില അഭിശപ്ത നിമിഷങ്ങളിൽ അറിയാതെ ദൈവത്തെ വിളിച്ച് മലപ്പുറത്തുകാരൻ തോരപ്പ മുസ്തഫ കരഞ്ഞു ചോദിച്ചിരുന്നു- പടച്ചവനേ, എന്തിനാണ് എനിക്ക് നീ ഈ ജന്മം തന്നത് എന്ന്. പക്ഷെ, ഇന്ന് അദ്ദേഹമത് കുറ്റബോധത്തോടെ തിരുത്തുന്നു. ആരോഗ്യവാനായാണ് ജീവിച്ചിരുന്നതെങ്കിൽ ഒരു സാധാരണ മനുഷ്യനായി മാത്രം അറിയപ്പെട്ട് മരിച്ചു പോവുകയും മറന്നു പോവുകയും ചെയ്യുമായിരുന്ന താൻ, ഇന്ന് സമൂഹത്തിലെ കുറേ ആളുകളുടെ മനസ്സിലും ജീവിതത്തിലും ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്തവിധം അടയാളപ്പെടുത്തപ്പെട്ടത് തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ചു കൊണ്ട് ചെയ്ത സേവനങ്ങളിലൂടെയാണ്. 

1994-ൽ മലപ്പുറത്തെ നൂറാടിപ്പാലത്തിനടുത്ത് വച്ച് നടന്ന ഒരു ഓട്ടോറിക്ഷ അപകടത്തിൽ സുഷുമ്‌ന നാഡി തകർന്ന് ശരീരം ഏതാണ്ട് പൂർണമായി തന്നെ തളർന്നു പോയ ഒരാൾ. തുടർന്ന് മാസങ്ങളോളം ചികിത്സക്കായി ആശുപത്രികൾ തോറുമുള്ള അലച്ചിലുകൾ. ഒന്നിനും പക്ഷെ, ഉദ്ദേശിച്ച ഫലമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിൽ നിന്നു മടങ്ങുമ്പോൾ ആധുനിക വൈദ്യശാസ്ത്രം 95 ശതമാനം അംഗവൈകല്യമായിരുന്നു അയാൾക്ക് കൽപ്പിച്ചത്. ആ ശരീരം കൊണ്ട് ഒരിക്കലും ഇനിയൊന്നും ചെയ്യാനാകില്ലെന്ന വിധിയെഴുത്ത് തന്നെയായിരുന്നു ഒരർഥത്തിൽ അത്. പക്ഷെ, ആ വിധിയെ സ്വന്തം ഇച്ഛാശക്തിയുടെ ബലത്തിൽ വെല്ലുവിളിച്ചു കൊണ്ട് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ് ജീവിതം തിരികെ പിടിച്ച കഥയാണ് മലപ്പുറം കോഡൂർ ചെമ്മംകടവിലെ തോരപ്പ മുസ്തഫയ്ക്ക് പറയാനുള്ളത്. ഒപ്പം അത് അംഗവൈകല്യമുള്ള അനേകരുടെ ജീവിതത്തിൽ പലതരത്തിലും താങ്ങും തണലുമായ കഥ കൂടിയാണ്. 
അപകടം തകർത്തെറിയുന്നതിന് മുമ്പ് സാഹസിക ജീവിതം ആഘോഷമാക്കിയ ആളായിരുന്നു മുസ്തഫ. മഴക്കാലത്ത് വെള്ളം നിറഞ്ഞ് കവിഞ്ഞ് പുഴകൾ അപകടകരമായി ഒഴുകുമ്പോൾ അത് നീന്തിക്കടക്കുക, കടലിൽ ആ ഴവും പാറക്കെട്ടുകളും നിറഞ്ഞിടങ്ങളിൽ ഊളിയിട്ടിറങ്ങി മീൻപിടിക്കുക, പേരിന് പോലും റോഡില്ലാത്ത മലമുകളിലേക്കും മറ്റും ജീപ്പ് ഓടിച്ചു കയറ്റുക  തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങളായിരുന്നു. ഇടക്കാലത്ത് സൗദിയിലെ റിയാദിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, തിരിച്ചു വന്ന് മലപ്പുറത്ത് ടാക്‌സി ഡ്രൈവറും മെക്കാനിക്കുമൊക്കെയായി. വാഹനങ്ങളോടും ഡ്രൈവിംഗിനോടും അതിരു കവിഞ്ഞൊരു കമ്പം എന്നും അദ്ദേഹം മനസ്സിൽ കൊണ്ടു നടന്നിരുന്നു.
ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, സാഹസികതയോടുള്ള ഈ അഭിനിവേശവും വാഹനപ്രേമവുമൊക്കെ ജീവിതത്തിൽ ഒരിക്കൽ താൻ ഭീകരമായ അപകടത്തിൽപ്പെട്ട് തകർന്ന് തരിപ്പണമായി കിടക്കുമ്പോൾ കരുത്തും കഴിവുമായി ഉയിർത്തെഴുന്നേൽക്കാനുള്ള അത്താണിയാകാൻ പടച്ചതമ്പുരാൻ ത ന്നെ കണ്ടെത്തിയ വഴികളാണോ എന്ന് മുസ്തഫയ്ക്ക് തോന്നും. അല്ലെങ്കിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി ഒന്നരവർഷക്കാലത്തോളം ഒന്നും ചെയ്യാനാകാതെ കിടക്കയിലും വീൽചെയറിലുമായി ജീവിതം തള്ളി നീക്കേണ്ടി വന്ന തനിക്ക്, അവസാനം ജീവിതത്തിന്റെ മറ്റൊരു തുരുത്തിലേക്ക് തുഴയാൻ വാഹനം തന്നെ തെരഞ്ഞെടുത്തു തന്നത് ആരുടെ പ്രേരണയാണ്?
ആശുപത്രിവാസം അവസാനിപ്പിച്ച് നിരാശയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇനിയെങ്ങനെ ജീവിക്കും എന്ന ആധിയായിരുന്നു മുസ്തഫുടെ മനസ്സ് നിറയെ. പ്രായമായ ഉപ്പയും ഉമ്മയും. ഭാര്യ സഫിയ, മൂന്നു വയസുള്ള മകൻ മുർഷിദ്. അദ്ദേഹമായിരുന്നു അവരുടെയൊക്കെ ഏക ആശ്രയം. അന്നുവരെ സമ്പാദിച്ചതും ലോണെടുത്തതും കടംമേടിച്ചതുമൊക്കെയായി ലക്ഷങ്ങളാണ് ആശുപത്രികളിൽ ചെലവാക്കിയത്. എന്നിട്ടും ഗുണമൊന്നുമുണ്ടായില്ല. കിടക്കയിൽ സ്വയം ഒന്നനങ്ങിക്കിടക്കാൻ പോലും പരസഹായം വേണം എന്നതാണ് അവസ്ഥ. അരയ്ക്ക് കീഴ്‌പോട്ട് പൂർണമായും തളർന്ന് കിടപ്പാണ്. കൈകൾ പ്രയാസപ്പെട്ട് അനക്കാം. ആ തളർച്ചയിലും പക്ഷെ, മുസ്തഫയുടെ മനസ്സിലെ പഴയ സാഹസികൻ തളരാതെ കിടന്നു. കുടുംബത്തിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനും എന്തെങ്കിലും ചെയ്യണമെന്ന് ചിന്ത കലശലായി.


അങ്ങനെ ഒരു ബേക്കറി ഇടാൻ തീരുമാനിച്ചു. അത് തരക്കേടില്ലാതെ നടന്നു വന്നു. അവിടെ പോയി ദിവസവും കാര്യങ്ങൾ നോക്കാൻ എന്താണു വഴി എന്ന ആലോചനയായി പിന്നീട്. കൈനറ്റിക്ക് ഹോണ്ടാ സ്‌കൂട്ടർ പ്രസിദ്ധമായ കാലമാണ്. അതിൽ ചില പരിഷ്‌കാരങ്ങളൊക്കെ വരുത്തി മൂന്നു വീലാക്കി ബേക്കറിയിലേക്കുള്ള പോക്കുവരവ് അതിലാക്കി. ആദ്യം സഹായത്തിന് ആളുണ്ടായെങ്കിലും പിന്നെ ഒറ്റക്കു തന്നെയായി യാത്ര. കുറച്ചൊക്കെ ചലനശേഷിയുള്ള കൈകൾകൊണ്ട് ഹാൻഡിൽ ഒരുവിധം തെറ്റില്ലാതെ നിയന്ത്രിച്ചു. സ്‌കൂട്ടറിലേക്ക് കയറ്റാനും ഇറക്കാനും ഭാര്യയും ചില അടുത്ത സുഹൃത്തുക്കളും സഹായിച്ചു. പിന്നെ വീൽചെയറിൽ നിന്ന് ഒറ്റയ്ക്ക് തന്നെ അതിൽ കയറാനും ഇറങ്ങാനും പരിശീലിച്ചു. ഒരുദിവസം ബേക്കറിയിൽ നിന്നും വീട്ടിൽ മടങ്ങി വന്നപ്പോൾ കാലിലെ സോക്‌സ് മുഴുവൻ ചോര. സ്‌കൂട്ടർ യാത്രക്കിടെ പെഡലിൽ നിന്ന് ഊർന്നു പോയ കാൽ വഴിനീളെ ടാർ റോഡിലുരഞ്ഞ് സംഭവിച്ചതാണ്. കാലിന് സ്പർശന ശേഷിയില്ലാത്തതിനാൽ മുസ്തഫ അത് അറിഞ്ഞിരുന്നില്ല.
സ്‌കൂട്ടറിൽ ഉള്ള യാത്ര അന്ന് നിർത്തി. കാലിന് ചലനശേഷിയില്ലെങ്കിലും കാർ സ്വയം ഡ്രൈവ് ചെയ്ത് യാത്ര ചെയ്യണമെന്നായി പിന്നത്തെ ആഗ്രഹം. റിയാദിൽ ജോലി ചെയ്യുമ്പോൾ അമേരിക്ക, യൂറോപ്പ്, ജപ്പാൻ എന്നി വിടങ്ങളിലെ പ്രസിദ്ധമായ കാർ കമ്പനികൾ പ്രത്യേകമായി നിർമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ഇറക്കുമതി കാറുകളിൽ അംഗവൈകല്യമുള്ള ചില സൗദികൾ സഞ്ചരിക്കുന്നത് മുസ്തഫ കണ്ടിരുന്നു. സ്വന്തമായി യാത്രയ്ക്ക് അത്തരം ഒരു കാർ നിർമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതത്ര എളുപ്പമല്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു, പ്രത്യേകിച്ചും മാന്വൽ നിയന്ത്രണ കാറുകളിൽ. അതിമോഹം എന്നു പറഞ്ഞ് പലരും കളിയാക്കിയപ്പൊഴും ഭാര്യ സർവപിന്തുണയും നൽകി കൂടെ നിന്നു. 
ഉടനെ പഴയൊരു മാരുതി-800 കാർ വാങ്ങി. അതിൽ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബ്രേക്കും ആക്‌സിലറേറ്ററും ക്ലച്ചും ഗിയറും പിടിപ്പിക്കാനുള്ളു ശ്രമമായി പിന്നെ. മനസ്സിന്റെ അടങ്ങാത്ത ആഗ്രഹം മാത്രം കൈമുതലാക്കിയുള്ള ധീരമായ ഒരു യജ്ഞം. അടുത്തൊരു സുഹൃത്ത് തന്റെ വർക്ക്‌ഷോപ്പിലെ ഒരുഭാഗം അതിനായി നിരുപാധികം വിട്ടു നൽകി. മങ്കടയ്ക്കടുത്ത കടന്നമണ്ണയിലെ വിജയൻ എന്നൊരു മെക്കാനിക്കിനെ ആ സമയത്ത് കൂട്ടുകിട്ടി. കാറിൽ പുതിയ പരിഷ്‌കാരങ്ങൾ വരുത്താൻ അതീവ ഉത്സാഹശാലിയും ബുദ്ധിമാനുമാണ് വിജയൻ. രണ്ടു വർഷത്തെ കഠിനവും നിരന്തരവുമായ പരീക്ഷണം. ആദ്യമൊക്കെ പരാജയം മാത്രമായിരുന്നു ഫലം. പക്ഷെ, നിരശരാകാതെ ഇരുവരും പരിശ്രമം തുടർന്നു. അത് വിജയം കണ്ടു. 1999 ജനുവരി 1 ന് (അതൊരു വെള്ളിയാഴ്ചയായിരുന്നു എന്ന് മുസ്തഫ ഇന്നും വ്യക്തമായി ഓർക്കുന്നു) കൈ കൊണ്ട് കാർ നിയന്ത്രിച്ച് മുസ്തഫ ആദ്യം പള്ളിയിലും പിന്നീട് വീട്ടിലേക്കും പോയി. ജീവിതത്തിൽ തനിക്കൊരിക്കലും മറക്കാനാകാത്ത മഹത്തായ മൂഹൂർത്തം എന്നാണ് അതിനെ കുറിച്ച് അദ്ദേഹം പറയുന്നത്. 
ഓട്ടോമാറ്റിക്ക് കാറുകളിൽ അത്തരം പരീക്ഷണങ്ങളുമായി ചില കാറുകൾ ഇന്ത്യയിൽ അക്കാലത്ത് ഇറങ്ങിയിരുന്നു. എന്നാൽ മാന്വൽ നിയന്ത്രണമുള്ള കാറിൽ പൂർണമായും കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതിയിൽ ഒരു പരിഷ്‌കാരം വിജയം കണ്ടതിന്റെ ഖ്യാതി മുഴുവൻ മുസ്തഫയ്ക്കാണ്. ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കാർ നിർമിതി ആദ്യമായിരിക്കണം. അത് മുസ്തഫയുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. കാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ടൊരാൾ സ്വയം പരിഷ്‌കരിച്ചുണ്ടാക്കിയ കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത വാർത്ത മാധ്യമങ്ങൾ വലിയ ആഘോഷമാക്കി.


2001-ൽ സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പിന്റെ ക്ഷണപ്രകാരം നാഷണൽ ടെക്‌നോളജി എക്‌സിബിഷനിൽ പങ്കെടുക്കാൻ 2700 ഓളം കിലോമീറ്ററുകൾ തന്റെ കാർ സ്വയം ഡ്രൈവ് ചെയ്ത് മുസ്തഫ ഡൽഹിയിലെത്തി. അപ്രാവശ്യം എക്‌സിബിഷനിലേക്ക് തെന്നിന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട ഏകവ്യക്തി അദ്ദേഹമായിരുന്നു. സുഹൃത്തുക്കൾ സഹായത്തിനായി കൂടെയുണ്ടായിരുന്നെങ്കിലും കൂടുതൽ സമയവും അദ്ദേഹം തന്നെയാണ് കാറോടിച്ചത്. നാലു ദിവസത്തെ യാത്രയിൽ മൂത്രശങ്കയും കക്കൂസിൽ പോക്കും ഒഴിവാക്കാൻ ഇളനീർ മാത്രമാണ് കുടിച്ചത്. ബി.ബി.സി അടക്കം വിദേശ മാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വളരെ പ്രാധാന്യത്തോടെ വാർത്തകൾ നൽകി. ഔട്ട്‌ലുക്ക് മാഗസിൻ മുസ്തഫയുടെ ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖം തന്നെ പ്രസിദ്ധീകരിച്ചു. 
ഏതാനും ദിവസങ്ങൾക്ക് ശേഷം ഒറീസയിൽ നിന്നും രണ്ടു പേർ അത്തരം വാഹനം തങ്ങൾക്കും നിർമിച്ചു നൽകുമോ എന്ന അന്വേഷണവുമായി മുസ്തഫയെ സമീപിച്ചു. നബാർഡിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരായിരുന്ന അവർക്ക് കാലിന് സ്വാധീനമില്ലായിരുന്നു. തന്നെ പോലെ വീൽച്ചെയറിൽ ജീവിതം തള്ളി നീക്കുന്ന പലർക്കും പല ആവശ്യങ്ങൾക്കായി ഡ്രൈവ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുസ്തഫ അന്ന് മനസ്സിലാക്കി. അതോടെ അത്തരക്കാ ർക്കായി കാറുകളിൽ ആവശ്യാനുസരണം പരിഷ്‌കാരങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം തുടങ്ങി. നബാർഡിലെ ആ ഉദ്യോഗസ്ഥർക്ക് വേണ്ടിയായിരുന്നു ആദ്യത്തെ കാർ നിർമാണം. തുടർന്ന് തൊടുപുഴയുള്ള റെജി എന്നൊ രാൾക്ക് അത്തരം ഒരു കാർ നിർമിച്ചു നൽകി. പിന്നെ രമണറാവു എന്നൊരു ചെന്നൈ സ്വദേശിക്ക്. അന്വേഷണങ്ങൾ പിന്നെ തുടരെ വന്നു.
അപ്പോഴേക്കും മലപ്പുറത്തെ കോഡൂരിൽ പെർഫെക്ട് വെഹിക്കിൾ കാർ സെന്റർ എന്നൊരു സ്ഥാപനം മുസ്തഫ ആരംഭിച്ചിരുന്നു. കൂടെ തന്നെ മെക്കാനിക്ക് വിജയനും അദ്ദേഹത്തിന്റെ രണ്ടു സഹോദരൻമാരുമുണ്ട്. വിജയനാണ് ഭിന്നശേഷിക്കാർക്കായുള്ള തന്റെ വാഹന നിർമിതിക്ക് പിന്നിലെ വലിയ വിജയരഹസ്യം എന്ന് തുറന്നു പറയാനും മുസ്തഫയ്ക്ക് മടിയില്ല. കഴിഞ്ഞ 19 വർഷത്തിനിടയിൽ അംഗവൈകല്യം വന്നവർക്കായി 1400-ഓളം കാറുകളാണ് മുസ്തഫ ഇങ്ങനെ പരിഷ്‌കരിച്ചു നൽകിയത്. അവരിൽ ഭൂരിഭാഗം പേർക്കും അത് ഒരു പുതിയ ജീവിതം തന്നെ നൽകി. അവരാരും തന്നെ മറന്നിട്ടില്ലെന്ന് അദ്ദേഹം സന്തോഷപൂർവം പറയുന്നു. 
ഭിന്നശേഷിക്കാരുടെ ആവശ്യാനുസരണം ലോകത്തിലെ 8 കമ്പനികളുടെ 46 തരം കാറുകളിൽ പരിഷ്‌കാരം വരുത്താനുള്ള അംഗീകാരം ഇന്ന് മുസ്തഫയും അദ്ദേഹത്തിന്റെ ഫെർഫെക്ട് വെഹിക്കിൾ കാർ സെന്ററും നേടിയെടുത്തിട്ടുണ്ട്. 2016-ൽ കേന്ദ്ര ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഒരു ഭാഗമായ ഓട്ടോമോട്ടീവ് റിസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ(എആർഎഐ)യാണ് ആ അംഗീകാരം നൽകിയത്. കൂടാതെ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ(എംവിഡി) അംഗീകാരവുമുണ്ട്. ഈ സഹായങ്ങൾ തനിക്കും തന്നെ പോലെ ശരീരവൈകല്യമുള്ള ഒരുപാടുപേർക്കും വലിയ ഉപകാരമാണ് എന്ന് മുസ്തഫ പ്രതികരിക്കുന്നു.
മുസ്തഫ ഡിസൈൻ ചെയ്തു നൽകിയ കാറുകൾ കേരളത്തിൽ മാത്രമല്ല കർണാടക, ആന്ധ്ര, തമിഴ്‌നാട്, ഒറീസ, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിലൊക്കെയുള്ള നിരത്തുകളിൽ ഇന്ന് ഓടുന്നുണ്ട്. അവയിൽ ബി. എം. ഡബ്ല്യൂ, വോൾവോ, ഓഡി തുടങ്ങി ലോകത്തിലെ എല്ലാ വമ്പൻ കമ്പനിക്കാരുടെയും എല്ലാതരം ലക്ഷ്വറി കാറുകളും പെടും. ഏതുതരം കാറുകളിലും ഭിന്നശേഷിക്കാർക്ക് അനുയോജ്യമാംവിധം പിടിപ്പിക്കാവുന്ന മികച്ച ഡ്രൈവിങ് കിറ്റുകൾ ഡിസൈൻ ചെയ്യാൻ ഇന്ന് മുസ്തഫയ്ക്ക് കഴിയും.
ആവശ്യക്കാരുടെ ശരീരത്തിന്റെ വൈകല്യം മനസിലാക്കി അതിനനുസൃതമായ വാഹന പരിഷ്‌കരണമാണ് നടത്തുന്നത് എന്നതിനാൽ മുസ്തഫയുടെ ഡ്രൈവിങ് കിറ്റുകൾക്ക് അതിനനുസരിച്ച് വിലയിലും മാറ്റമുണ്ട്. ഏറ്റവും ആധുനികമായ ഹൈഡ്രോളിക്ക് ടെക്‌നോളജിവരെ ഇന്ന് അദ്ദേഹം ഉപയോഗിക്കുന്നു. ആദ്യകാലത്ത് കൈകൾ ചലിപ്പിക്കാൻ കഴിയാത്തവർക്ക് വേണ്ടി വാഹനം നിർമിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇന്ന് ഒരു വിരൽ കൊണ്ടു പോലും പ്രവർത്തിപ്പിക്കാവുന്ന ഡ്രൈവിംഗ് കിറ്റുകൾ മുസ്തഫ ഉണ്ടാക്കുന്നുണ്ട്. ഈയിടെ സ്വയം കാറോടിച്ച് പോയി പ്രധാനമന്ത്രിയെ കണ്ട കോഴിക്കോട്ടുള്ള പ്രജിത്ത് എന്നയാൾ ഉപയോഗിച്ചത് മുസ്തഫ ഡിസൈൻ ചെയ്ത വാഹനമാണ്. കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട ആളാണ് അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഇ ന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം അമേരിക്കയിൽ വരെ പോയി.
ഇതിനൊക്കെ പുറമെ പ്രത്യക്ഷത്തിൽ ഇതുമായി ബന്ധമൊന്നുമില്ലാത്ത കാർഷിക മേഖലയിലും മുസ്തഫ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അടിസ്ഥാനപരമായി കാർഷിക പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത് എന്നതു കൊണ്ടാവാം അത്. 16 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് അവിടെ പൂർണമായും ജൈവകൃഷി പരീക്ഷിക്കുകയാണ് അദ്ദേഹം. കപ്പയും വാഴയും പച്ചക്കറികളും ഉൾപ്പെടെ എല്ലാം അവിടെ കൃഷി ചെയ്യുകയും അവയ്ക്ക് കൃത്യമായ വിപണി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാമത്തെ മുഴുവൻ ജൈവകൃഷി രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാ ണ് അദ്ദേഹമിപ്പോൾ. കൂടാതെ 1.35 ഏക്കറിൽ ലൈഫ് ലൈൻ എന്ന പേരിൽ, വംശനാശം നേരിടുന്ന 360ൽ പരം ഔഷധസസ്യങ്ങളുടെ അപൂർവ കലവറയായ ഒരു തോട്ടവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിജയകരമായി നട ന്നു വരുന്നുണ്ട്.
അംഗവൈകല്യം സംഭവിച്ചവർ ആരുടെ മുമ്പിലും ഔദാര്യത്തിന് ചെന്നു കൈനീട്ടാതെ സ്വയം പര്യാപ്തത നേടുന്ന ഒരു സമൂഹമാണ് മുസ്തഫയുടെ സ്വപ്‌നം. അതിനായി ചില പ്രവർത്തന മാതൃകയ്ക്ക് അദ്ദേഹം തുടക്കമിട്ടു കഴിഞ്ഞു. സൂര്യാ ടി വിയിൽ മുകേഷ് നയിച്ച ഡീൽ ഓർ നോ ഡീൽ പരിപാടിയിൽ പങ്കെടുത്തു കിട്ടിയ മൂന്നര ലക്ഷം രൂപയുമായി മലപ്പുറത്തെ ചട്ടിപ്പറമ്പിൽ ഭിന്നശേഷിക്കാർക്കായി സിഎംസി വെല്ലൂരിന്റെ മാതൃകയിൽ ഒരു ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രവൃത്തികളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം. ഒരു സുഹൃത്ത് അതിനായി 54 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ധനസഹായം നൽകുകയും അതിന്റെ കാ ര്യങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. 4 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ സ്ഥാപനം ഇനി ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി പൂർ ണമായ തോതിൽ പ്രവർത്തിച്ചു തുടങ്ങും.
ഈ സ്ഥാപനത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് വളരെ വലിയ കാര്യങ്ങളാണെന്ന് മുസ്തഫ പറയുന്നു. ഉദാഹരണത്തിന് ഒരാൾക്ക് അപകടത്തിൽ കാര്യമായ അംഗവൈകല്യം സംഭവിക്കുന്നു എന്നു വെക്കുക. പിന്നെ അയാൾക്ക് പൊതുവെ സംഭവിക്കുന്നത് എന്താണ്? പ്രാഥമിക ചികിത്സയ്ക്ക് ശേഷം അയാൾ വീട്ടിലെത്തിയാൽ കിടക്കയിലോ വീൽച്ചെയറിലോ ആയി മരിച്ചതിന് തുല്യം നരകിച്ച് ജീവിക്കും. ആ സ്ഥിതിക്ക് മാറ്റമുണ്ടാകണം. അത്തരം വ്യക്തികൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് സമൂഹത്തിന് കാ ട്ടിക്കൊടുക്കാനുള്ള ഒരു ശ്രമമാണ് മുസ്തഫ വിഭാവന ചെയ്യുന്നത്. അവരെ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് ക്ഷണിച്ച് അവർക്ക് ഫിസിയോ തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ പലതരം ചികിത്സകളിലൂടെ അവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മാറ്റിയെടുക്കാനാണ് നോക്കുക. തുടർന്ന് അവരോരുരുത്തർക്കും ഇണങ്ങുന്ന തൊഴിൽ പരിശീലനം നൽകും. ഡ്രൈവിങ് പഠിപ്പിക്കും. അംഗപരിമിതർക്ക് ഇന്ത്യൻ ഭരണഘടന പ്ര കാരമുള്ള അവകാശങ്ങളെ കുറിച്ച് ബോധവാൻമാരാക്കും. അവർക്ക് പൊതുവെയുള്ള അപകർഷതാ ബോധം ഇല്ലാതാക്കാനുള്ള ക്ലാസുകൾ നൽകും. ചുരുക്കത്തിൽ അവരെ പുതിയൊരു മനുഷ്യരാക്കി മാറ്റും. അവിടെ പരിശീലനം കിട്ടി പുറത്തിറങ്ങുന്ന ഒരു ഭിന്നശേഷിക്കാരന് സമൂഹത്തിന്റെ സഹതാപമോ ഔദാര്യമോ കൂടാതെ ഒരു തൊഴിലെടുക്കാനുള്ള പ്രാപ്തിയുണ്ടായിരിക്കും എന്ന് ഒട്ടൊരു അഭിമാനത്തോടെ മുസ്തഫ പറയുന്നു. 
ഓട്ടോ റിക്ഷാ അപകടത്തെ തുടർന്ന് ആയിരം ജന്മങ്ങളുടെ ദുഃഖവും ദുരിതവും ദുരന്തവും ഏറ്റുവാങ്ങിയപ്പോഴുള്ള ചില അഭിശപ്ത നിമിഷങ്ങളിൽ അറിയാതെ ദൈവത്തെ വിളിച്ച് മലപ്പുറത്തുകാരൻ തോരപ്പ മുസ്തഫ കരഞ്ഞു ചോദിച്ചിരുന്നു- പടച്ചവനേ, എന്തിനാണ് എനിക്ക് നീ ഈ ജന്മം തന്നത് എന്ന്. പക്ഷെ, ഇന്ന് അദ്ദേഹമത് കുറ്റബോധത്തോടെ തിരുത്തുന്നു. 
ആരോഗ്യവാനായാണ് ജീവിച്ചിരുന്നതെങ്കിൽ ഒരു സാധാരണ മനുഷ്യനായി മാത്രം അറിയപ്പെട്ട് മരിച്ചു പോകുകയും മറന്നു പോകുകയും ചെയ്യുമായിരുന്ന താൻ, ഇന്ന് സമൂഹത്തിലെ കുറേ ആളുകളുടെ മനസ്സിലും ജീവിതത്തിലും ഒരിക്കലും മായ്ക്കാനും മറക്കാനും കഴിയാത്തവിധം അടയാളപ്പെടുത്തപ്പെട്ടത് തന്റെ ശാരീരിക പരിമിതികളെ അതിജീവിച്ചു കൊണ്ട് ചെയ്ത സേവനങ്ങളിലൂടെയാണ്. അതിനു തന്നെ പ്രാപ്തനാക്കിയത് പരമകാരുണ്യവാനായ ദൈവമല്ലാതെ മറ്റാരുമല്ല എന്ന വിശ്വാസമാണ് ഇന്ന് മുസ്തഫയെ മുന്നോട്ടു നയിക്കുന്നത്. 

Latest News