Saturday , April   20, 2019
Saturday , April   20, 2019

അബ്‌ഖൈഖിൽ നടന്നത് ദാരുണമായ അപകടം, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

അൽഹസ - അബ്‌ഖൈഖിൽനിന്ന് 100 കിലോമീറ്റർ അകലെ ഹർദ് പെട്രോൾ പമ്പിന് സമീപം കാറും ട്രെയ്‌ലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. ദമാമിൽ എക്‌സൽ എൻജിനീയറിംഗ് കമ്പനി ജീവനക്കാരൻ പാലക്കാട് പ്രതിഭ നഗർ കൽമണ്ഡപം സ്വദേശി ഫിറോസ് ഖാൻ (42), ജുബൈലിലെ സഹാറ അൽ ജുബൈൽ കമ്പനിയിൽ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പടുത്തപ്പള്ളിൽ വീട്ടിൽ അനിൽ തങ്കപ്പൻ (43), കണ്ണൂർ പാപ്പിനിശ്ശേരി ഹൈദ്രോസ് മസ്ജിദിനു സമീപം ഫലാഹ് വീട്ടിൽ പൂവങ്കളത്തോട്ടം പുതിയ പുരയിൽ സിയാദ് (31) എന്നിവരാണ് മരിച്ചത്. 
വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയുണ്ടായ അപകടം രാത്രി വൈകിയാണ് പുറത്തറിഞ്ഞത്. മൂവരും സഞ്ചരിച്ച കാറും ട്രെയ്‌ലറും കൂട്ടിയിടിക്കുകയായിരുന്നു. അനിലും സിയാദും ജുബൈലിൽനിന്നു ദമാമിൽ എത്തി ഫിറോസിനെയും കൂട്ടി വൈകുന്നേരം മൂന്നു മണിയോടെ ഫിറോസിന്റെ സുഹൃത്ത് നാസറിന്റെ നിസ്സാൻ കാറിൽ ഹർദിലുള്ള റിഗിലേക്കു പുറപ്പെട്ടതാണ് എന്നാണ് ലഭ്യമായ വിവരം. മാൻപവർ ബിസിനസ് നടത്തുന്ന ഇവരുടെ കമ്പനിയുടെ നിരവധി ജീവനക്കാർ അവിടെ റിഗ് സൈറ്റിൽ ജോലി ചെയ്യുന്നുണ്ട്.
മൂന്നുപേരുടെയും മൃതദേഹങ്ങൾ അൽ ഹസ കിംഗ് ഫഹദ്  ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫിറോസ് ഖാന്റെയും അനിൽ തങ്കപ്പന്റെയും സ്‌പോൺസർമാർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സിയാദിന്റെ സഹോദരന്മാരും എത്തിയിട്ടുണ്ട്. അൽഹസയിലെ സാമൂഹിക പ്രവർത്തകർ സഹായവുമായി രംഗത്തുണ്ട്. 
കനത്ത ഇടിയിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റിലായിരുന്ന ഫിറോസിന്റെയും സിയാദിന്റെയും ശരീരം തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. മൃതദേഹത്തിൽനിന്നു ലഭിച്ച ഇഖാമ മാത്രമായിരുന്നു ഏക തിരിച്ചറിയൽ രേഖ. ഫിറോസാണ് വാഹനമോടിച്ചതെന്നാണ് കരുതുന്നത്. അപകടം നടന്ന വണ്ടിയിലുണ്ടായിരുന്ന രേഖകളിൽനിന്ന് നാസറിന്റെ ഫോൺ നമ്പർ തേടിപ്പിടിച്ച് പോലീസ് വിളിക്കുമ്പോഴാണ് ഹർദിലെ വിജനമായ റോഡിലുണ്ടായ അപകട വിവരം പുറംലോകം അറിയുന്നത്. അനിലും ഫിറോസും ദീർഘകാലമായി സുഹൃത്തുക്കളാണ്. ഹർദിലേക്കുള്ള യാത്രയിൽ കൗതുകത്തിന് ഇവരോടൊപ്പം കൂടിയതാണ് സിയാദ്. 
ജുബൈൽ ആസ്ഥാനമായ മാക് എന്ന കമ്പനിയുടെ മാർക്കറ്റിംഗ് മാനേജരാണ് സിയാദ്. വെള്ളിയാഴ്ച ഉച്ചക്കാണ് അദ്ദേഹം മുറിയിൽനിന്ന് പോയത്. ഔദ്യോഗിക ആവശ്യത്തിനായി നിരവധി യാത്രകൾ നടത്തുന്ന അദ്ദേഹത്തെക്കുറിച്ച് വെള്ളി രാത്രി മുതൽ വിവരം ഒന്നും ലഭിക്കാതിരുന്നതോടെയാണ് സുഹൃത്തുക്കൾ അന്വേഷണം തുടങ്ങിയത്. അൽഹസയിലെ അപകടം അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. 
മരിച്ച ഫിറോസ് ഖാൻ 15 കൊല്ലമായി സൗദിയിലുണ്ട്.  അനീസ ഫാത്വിമയാണ് ഭാര്യ. ജുനൈദ് മുഹമ്മദ്, മുഹമ്മദ് സനൂബ്, ഹയാൻ മുസ്തഫ മക്കളാണ്. നാട്ടിൽ പോയിട്ട് രണ്ടു വർഷമായി. സഹാറ അൽ ജുബൈൽ കമ്പനിയിലാണ് അനിൽ തങ്കപ്പൻ ജോലി ചെയ്തിരുന്നത്. ഭാര്യ: ജിഷ. അഭിമന്യു, അമേഗ, അമേയ എന്നിവർ മക്കളാണ്. 
സിയാദിന്റെ പിതാവ് ജമാൽ ചെറിയ മണിക്കൽ, മാതാവ് ഖദീജ. ഭാര്യ ഹിബ സന്ദർശക വിസയിലെത്തി മൂന്ന് മാസം മുമ്പാണ് മടങ്ങിപ്പോയത്. സഹോദരൻ ഷിറാസ് (ജുബൈൽ), ഷഫീക് (അൽ കോബാർ). 
സിയാദിന്റെയും ഫിറോസിന്റെയും മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും. അനിലിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

Latest News